‘ഒരു സംരംഭകനെന്ന നിലയിൽ പരാജയപ്പെട്ടു, ക്ഷമിക്കണം’ സിദ്ധാർത്ഥയുടെ കത്ത്​

2019-07-31 02:50:17am |

ബംഗളൂരു: ക​ഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകനും കർണാടക മുൻ മുഖ്യമന്ത്രി എസ്​ എം. കൃഷ്​ണയുടെ മരുമകനുമായ വി.ജി സിദ്ധാർത്ഥയെ നേത്രാവതി നദിക്ക്​ സമീപം കാണാതായതിനു പിന്നാലെ ബിസിനസ്സിലുള്ള തൻെറ നിരാശ വെളിപ്പെടുത്തിക്കൊണ്ട് എഴുതിയ കത്ത്​ പുറത്ത്​. രണ്ട്​ ദിവസം മുമ്പ്​ കഫേ കോഫി ഡേ(സി.സി.ഡി) ബോർഡ്​ ഡയറ്​ടർമാർക്ക്​​ സിദ്ധാർത്ഥ അയച്ച കത്താണ്​ പുറത്തുവന്നത്​​. 

ഒരു സംരംഭകനെന്ന നിലയിൽ താൻ പരാജയപ്പെട്ടതായും തന്നെ വിശ്വസിച്ചവരെ നിരാശരാക്കേണ്ടി വന്നതിൽ ക്ഷമ ചോദിക്കുന്നുവെന്നും സിദ്ധാർത്ഥ കത്തിൽ വ്യക്തമാക്കുന്നുണ്ട്​. ജൂൺ 27നാണ്​ സി.സി.ഡി ഡയറക്​ടർമാർക്ക്​ സിദ്ധാർത്ഥ കത്തയച്ചത്​. 

‘‘ലാഭകരമായ ബിസിനസ്​ മാതൃക ഒരുക്കുന്നതിൽ ഞാൻ പരാജയ​െപ്പട്ടു. ഞാൻ ഒരുപാട്​ പോരാടി. എൻെറ പ്രൈവറ്റ്​ ഇക്വിറ്റി പാർട്​ണർമാരിൽ ഒരാൾ ഓഹരികൾ തിരി​െക വാങ്ങിക്കാൻ എന്നെ നിർബന്ധിച്ചു​െകാണ്ടിരിക്കുകയാണ്​. ആറ്​ മാസം മുമ്പ്​ എൻെറ ഒരു സുഹൃത്തിൽ നിന്ന്​ ഭീമമായ തുക കടം വാങ്ങിക്കൊണ്ട്​ ഓഹരി കൈമാറ്റം ഭാഗികമായി പൂർത്തീകരിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഈ സമ്മർദ്ദം ഇനിയും താങ്ങാൻ വയ്യ. അതിനാൽ ഞാൻ എല്ലാം ഉപേക്ഷിക്കുകയാണ്​’’ സിദ്ധാർത്ഥ കത്തിൽ പറയുന്നു.

പുതിയ മാനേജ്​മ​െൻറിന്​ കീഴിൽ ഈ ബിസിനസ്​ വളരെ ശക്തമായി മുന്നോട്ട്​ കൊണ്ട്​പോകണമെന്നും സിദ്ധർത്ഥ കത്തിൽ ആവശ്യപ്പെടുന്നു. എല്ലാ സാമ്പത്തിക കൈമാറ്റങ്ങളും തൻെറ ഉത്തരവാദിത്തമാണ്​. എൻെറ ടീമംഗങ്ങളും ഓഡിറ്റർമാരും മുതിർന്ന മാനേജ്​മ​െൻറും തൻെറ കൈമാറ്റങ്ങളിൽ പൂർണമായും അജ്ഞരാണ്​. പൂർണമായ ഉത്തരവാദിത്തം തനിക്ക്​ മാത്രമാണെന്നതിനാൽ തൻെറ കുടുംബത്തിൽ നിന്ന്​ പോലു​ം ഇക്കാര്യങ്ങൾ മറച്ചു പിടിച്ചു. ആ​രേയും ചതിക്കാനോ ആശയക്കുഴപ്പത്തിലാ​ക്കാനോ തനിക്ക്​ ഉദ്ദേശമുണ്ടായിരുന്നി​ല്ലെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നു. 

തിങ്കളാഴ്​ച ചിക്കമംഗളുരുവിലേക്ക്​ ബിസിനസ്​ സംബന്ധമായി യാത്ര തിരിച്ച സിദ്ധാർത്ഥ തുടർന്ന്​ കേരളത്തിലേക്കുള്ള യാത്രയിലായിരുന്നു. ഇതി​നിടെ നേത്രാവതി നദിക്കരികിൽ വെച്ചാണ്​ സിദ്ധാർത്ഥയെ കാണാതാവുന്നത്​. മംഗളുരുവിന്​ സമീപം ദേശീയ പാതയിലെ ജെപ്പിന മൊഗരു എന്ന സ്ഥലത്തെത്തിയപ്പോൾ സിദ്ധാർത്ഥ്​ തൻെറ ഡ്രൈവറോട്​ വാഹനം നിർത്താൻ ആവശ്യപ്പെടുകയും വാഹനത്തിൽ നിന്ന്​ പുറത്തിറങ്ങി പോയ സിദ്ധാർത്ഥയെ ഏ​െറ നേരം കഴിഞ്ഞിട്ടും കാണാതായതോടെ ഡ്രൈവർ കുടുംബാംഗങ്ങളെ വിവരം ധരിപ്പിക്കുകയായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ കാപ്പിക്കുരു കയറ്റുമതിക്കാരിൽ ഒരാളാണ്​ വി.ജി സിദ്ധാർത്ഥ്​. എസ്​.എം കൃഷ്​ണയുടെ മൂത്ത മകൾ മാളവികയെയാണ്​ സിദ്ധാർത്ഥ്​ വിവാഹം ചെയ്​തത്​​.