എംഎല്‍എയുടെ ആളുകളുടെ ഭീഷണി "ജഡ്ജിയെ പണം കൊടുത്ത് വശത്താക്കി സെന്‍ഗാറിന് ജാമ്യം നേടിക്കൊടുക്കും ; കള്ളക്കേസില്‍ കുടുക്കി നിന്നെ ജയിലിലാക്കും" ; ഉന്നാവോ പെണ്‍കുട്ടി ചീഫ് ജസ്റ്റീസിനെഴുതിയ കത്ത്

2019-08-01 01:33:17am |

ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്ന ഉന്നാവോ കേസില്‍ എംഎല്‍എയ്‌ക്കെതിരേ നല്‍കിയ പീഡനക്കേസ് ഒത്തു തീര്‍പ്പാക്കിയില്ലെങ്കില്‍ ജഡ്ജിയെ വിലയ്‌ക്കെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി റിപ്പോര്‍ട്ട്. ഉന്നാവോയിലെ ഇര സുപ്രീംകോടതി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയിയ്ക്ക് അയച്ച കത്തിലാണ് ഈ വിവരമുള്ളത്. ജഡ്ജിയെ വിലയ്‌ക്കെടുക്കുകയും സെന്‍ഗാറിനെ ജാമ്യം ടേിച്ചു കൊടുക്കുമെന്നും ബിജെപി എംഎല്‍എയുടെ ആള്‍ക്കാര്‍ ഭീഷണിപ്പെടുത്തുന്നതായി പെണ്‍കുട്ടി പറയുന്നു.

കാര്‍ അപകടത്തില്‍ പെട്ട് ഗുരുതരമായി പരിക്കേറ്റ് കഴിയുന്ന പെണ്‍കുട്ടി 15 ദിവസം മുമ്പാണ് ഈ കത്തെഴുതിയത്. ഒത്തുതീര്‍പ്പിന് തയ്യാറായില്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കുമെന്നും എംഎല്‍എ യുടെ കുടുംബം ഭീഷണിപ്പെടുത്തുന്നതായി പറയുന്നു. ജൂലൈ 7 ന് രാവിലെ 9 മണിക്ക് സെന്‍ഗാറിന്റെ സഹോദരന്മാരും അയാളുടെ വലംകയ്യായ മനോജ് സിംഗും ജയിലില്‍ കിടക്കുന്ന എംഎല്‍എയുടെ സഹായി ശശി സിംഗിന്റെ മൂന്ന് ബന്ധുക്കളുമാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ''ജഡ്ജിയെ ഞങ്ങള്‍ വിലയ്‌ക്കെടുത്ത് കുല്‍ദീപിനും ശശിയ്ക്കും ജാമ്യം ഉറപ്പാക്കും. അതിന് ശേഷം നിനക്കെതിരേ കള്ളക്കേസ് കൊടുത്ത് നിന്നെയും ജയിലിലാക്കും.''

പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തവരില്‍ ഒരാളുടെ പിതാവാണ് ശശി സിംഗ്. ജൂലൈ എട്ടിനും ഇവര്‍ സമാനഗതിയിലുള്ള ഭീഷണി തുടര്‍ന്നെന്നും സുപ്രീംകോടതി ഇവര്‍ക്കെതിരേ നടപടിയെടുക്കണമെന്നുമാണ് ആവശ്യം. അപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ കുടുംബം കഴിഞ്ഞമാസം കേസിന്റെ വിചാരണ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സിബിഐ യെ സമീപിച്ചിരുന്നു. സെന്‍ഗാറിന്റെ സഹായികള്‍ ആക്രമിക്കുമോ എന്ന് തങ്ങള്‍ ഭയപ്പെടുന്നതായും ഇവര്‍ അപേക്ഷയില്‍ കാണിച്ചിരുന്നു. 2018 ഏപ്രിലിലാണ് സിബിഐ കേസ് ഏറ്റെടുത്തത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം, എംഎല്‍എ യുടെ ആളുകള്‍ മര്‍ദ്ദനം പോലീസ് കസ്റ്റഡിയില്‍ പിതാവിന്റെ മരണം, ഇരയുടെ ആളുകള്‍ മര്‍ദ്ദിച്ചെന്ന എംഎല്‍എയുടെ സഹോദരന്റെ പരാതി, ശശി സിംഗിന്റെ മകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ചേര്‍ന്നുള്ള കൂട്ടബലാത്സംഗം എന്നിങ്ങനെ നാലു കേസുകളാണ് ഇക്കാര്യത്തില്‍ സിബിഐ എടുത്തിരിക്കുന്നത്. ആദ്യ രണ്ടു കേസിന്റെ കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞിരിക്കുകയാണ്.