ടിക് ടോക്ക് വീഡിയോയെ തുടര്‍ന്ന് കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥയും ടിക് ടോക്കില്‍; ഡിജിപിയുടെ അന്ത്യശാസനം

2019-08-02 02:07:41am |

പൊലീസ് സ്റ്റേഷനില്‍ വെച്ച് ടിക് ടോക് വീഡിയോ ചെയ്ത വനിത പൊലീസ് ഉദ്യോഗസ്ഥയ്ക്ക് കഴിഞ്ഞ ദിവസം സസ്പെന്‍ഷന്‍ നല്‍കിയിരുന്നു. മെഹ്സാന ജില്ലയിലെ ലംഗ്നജ് പൊലീസ് സ്റ്റേഷനിലെ അര്‍പ്പിത ചൗധരി എന്ന ഉദ്യോഗസ്ഥയെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇപ്പോള്‍ വീണ്ടും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥയുടെ ടിക് ടോകും വിവാദമായിരിക്കുകയാണ്.

അര്‍പ്പിതയ്ക്കെതിരെ അന്വേഷണം നടത്തി സസ്പെന്‍ഷന്‍ വാങ്ങിക്കൊടുത്ത ഐപിഎസുകാരിയായ മഞ്ജിത വന്‍സാരയുടെ ടിക് ടോക് വീഡിയോയാണ് വിവാദമായത്. 'പൊലീസുകാര്‍ അച്ചടക്കം പാലിക്കണം, അതവര്‍ ചെയ്യാത്തത് കൊണ്ടാണ് സസ്‌പെന്‍ഡ് ചെയ്തത്' എന്ന് പറഞ്ഞു കൊണ്ടായിരുന്നു അര്‍പ്പിതയ്ക്ക് മഞ്ജിത വന്‍സാര സസ്പെന്‍ഷന്‍ വാങ്ങിക്കൊടുത്തത്. ഇതോടെ മഞ്ജിത വന്‍സാരയുടെ ടിക് ടോക് വീഡിയോയും ചോദ്യം ചെയ്യപ്പെട്ടു.

അര്‍പ്പിത ജോലിസമയത്ത് സ്റ്റേഷനുള്ളില്‍ വീഡിയോ ചിത്രീകരിച്ചതാണ് കുറ്റമെന്നും ജോലിസമയമല്ലാത്തതിനാല്‍ താന്‍ കുറ്റക്കാരിയല്ലെന്നും ചെറുപ്പക്കാരിയും ഫാഷന്‍ ഡിസൈനിംഗും പഠിച്ചയാളാണ് താനെന്നുമാണ് ഇക്കാര്യത്തെ കുറിച്ച് മഞ്ജിത വാദിച്ചത്. സംഭവം വിവാദമായതോടെ യൂണിഫോമിലായാലും അല്ലെങ്കിലും പോലീസ് പെരുമാറ്റച്ചട്ടം പാലിച്ചിരിക്കണമെന്ന് ഡി.ജി.പി. ശിവാനന്ദ ഝാ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.