ഡ്രൈവറുടെ "360 ഡിഗ്രി" പരാക്രമം: പാഠം പഠിപ്പിച്ച് ഗണേഷ് കുമാര്‍ എം.എല്‍.എ- വിഡിയോ

2019-08-02 02:17:37am |

മടത്തറ: നാട്ടുകാരെ ഭീതിയിലാഴ്ത്തി അപകടകരമാം വിധം വണ്ടി ഓടിച്ച ഹിറ്റാച്ചി ഡ്രൈവറെ പാഠം പഠിപ്പിച്ച് ഗണേഷ് കുമാര്‍ എം.എല്‍.എ. മലയോര ഹൈവെയില്‍ ജോലി നോക്കുന്ന ഹിറ്റാച്ചി ഡ്രൈവറാണ് നാട്ടുകാരെ ഭയപ്പെടുത്തി വണ്ടി ഓടിച്ചത്. നാട്ടുകാര്‍ ഓടിക്കൂടുന്നത് കണ്ട് അത് വഴിവരുകയായിരുന്ന എം.എല്‍.എ തന്റെ വണ്ടി നിര്‍ത്തി സംഭവത്തില്‍ ഇടപെടുകയായിരുന്നു.

വണ്ടി നിര്‍ത്തി ഗണേഷ് കുമാര്‍ നടന്നു വരുന്ന സമയത്തായിരുന്നു ജെ.സി.ബി ഡ്രൈവര്‍ 360 ഡിഗ്രിയില്‍ വണ്ടി തിരിച്ചത്. താനും അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്നും ഈ കാഴ്ച കണ്ടു കൊണ്ട് എങ്ങനെ എം.എല്‍.എ എന്ന നിലയില്‍ ഇവിടെ നിന്നും പോകാന്‍ കഴിയില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. വഴി തടഞ്ഞ് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ഡ്രൈവറെന്ന് നാട്ടുകാര്‍ ആരോപിച്ചു.

മടത്തറ വേങ്കൊല്ല എന്ന സ്ഥലത്താണ് സംഭവം. എം.എല്‍.എ വന്നതോടെ സംഭവ സ്ഥലത്തെ സംഘര്‍ഷാന്തരീക്ഷം തണുത്തു. സംഭവസ്ഥത്തു നിന്നൊരാള്‍ മൊബൈലില്‍ പകര്‍ത്തിയ വിഡിയോയില്‍ ഇക്കാര്യങ്ങള്‍ പറയുന്നത് കേള്‍ക്കാം. കടക്കല്‍ പോലീസ് സ്‌റ്റേഷനില്‍ കാര്യങ്ങള്‍ വിളിച്ചുപറഞ്ഞ ഗണേഷ് കുമാര്‍ ഡ്രൈവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്ന ഉറപ്പും നല്‍കി.