കടബാധ്യത: ഭാര്യയെയും മകളെയും കൊല്ലാന്‍ കൊട്ടേഷന്‍ നല്‍കിയ ശേഷം വ്യവസായി ജീവനൊടുക്കി

2019-08-02 02:19:42am |

കട ബാധ്യതയെ തുടര്‍ന്ന് കുടുംബത്തെ കൊല്ലാന്‍ കൊട്ടേഷന്‍ കൊടുത്ത ശേഷം ബിസിനസുകാരന്‍ ആത്മഹത്യ ചെയ്തു. ഭാര്യയെയും മകളെയും വെടിവച്ച് കൊല്ലാന്‍ കൊട്ടേഷന്‍ കൊടുത്ത ശേഷം ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. മധ്യപ്രദേശിലെ സാഗറിലാണ് സംഭവം. സിമന്റ് വ്യാപാരിയായിരുന്ന ബ്രജേഷ് ചൗരസ്യയാണ് കുടുംബത്തെ ഇല്ലാതാക്കാന്‍ കൊട്ടേഷന്‍ കൊടുക്കുകയും പിന്നീട് സ്വയം ജീവനൊടുക്കയുകയും ചെയ്തത്.

ഇക്കഴിഞ്ഞ ജൂലൈ 17നാണ് ചൗരസ്യയെയും (46) മകള്‍ മഹിമയെയും (16) കാറിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ഭാര്യ രാധയ്ക്ക് (43) വെടിയേറ്റുവെങ്കിലും മരണം സംഭവിച്ചിരുന്നില്ല. ചരസ്യയുടെയും മകളുടെയും മരണത്തിന് പിന്നാലെ ഇയാള്‍ എഴുതിയ കത്ത് ബന്ധുക്കള്‍ പോലീസിന് കൈമാറി. ബാങ്കുകള്‍ക്ക് 80-90 ലക്ഷം രൂപ വായ്പ തിരിച്ചടയ്ക്കാനുണ്ടെന്നും അതിനാല്‍ മരിക്കുകയാണെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം.

കത്തിന്റ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മഹിമയെ കൊന്നതാണെന്നും രാധയ്‌ക്കെതിരെയും വധശ്രമമുണ്ടായെന്നും വ്യക്തമായത്. തുടര്‍ന്ന് ബീഹാര്‍ സ്വദേശിയായ വാടകക്കൊലയാളി രഞ്ജന്‍ റായ് ബംഗാളില്‍ നിന്ന് പിടിയിലായി. 90,000 രൂപ കൊടുത്താണ് ഇയാളെ ദൗത്യം ഏല്‍പ്പിച്ചത്. ജൂലൈ 17ന് വൈകിട്ട് ഭാര്യയേയും മക്കളെയും കാറില്‍ കയറ്റി പറഞ്ഞുറപ്പിച്ച സ്ഥലത്ത് വണ്ടി നിര്‍ത്തിയിട്ട ശേഷം ചൗരസ്യ കാറില്‍ നിന്നിറങ്ങി മാറി നിന്നു.

ഈ സമയം വാടകക്കൊലയാളിയായ രഞ്ജന്‍ റായ് എത്തി മഹിമയെ വെടിവച്ചുകൊല്ലുകയും രാധയ്‌ക്കെതിരെ വെടിയുതിര്‍ക്കുകയും ചെയ്തു. എന്നാല്‍ രാധയെ കൊല്ലാന്‍ കഴിയുന്നതിന് മുമ്പ് പോലീസ് പട്രോളിംഗ് വാഹനം കണ്ട് ഇയാള്‍ സ്ഥലത്ത് നിന്ന് മാറി. ഭാര്യയെയും മകളെയും കൊന്നുവെന്ന് ചൗരസ്യയോട് പറഞ്ഞു. തുടര്‍ന്ന് ചൗരസ്യ കാറിലെത്തി സ്വയം വെടിയുതിര്‍ത്ത് മരിച്ചു. വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ ചൗരസ്യ എന്തോ പാനീയം കുടിക്കാന്‍ നല്‍കിയെന്നും വീട്ടില്‍ നിന്നറങ്ങിയതിന് ശേഷമുള്ള കാര്യങ്ങള്‍ ഓര്‍മ്മയില്ലെന്നും രാധ പോലീസിന് മൊഴി നല്‍കി.

ചൗരസ്യയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊട്ടേഷന്‍ ആത്മഹത്യാ കഥകള്‍ വെളിച്ചത്ത് വന്നത്. ചൗരസ്യയുടെ ഫോണ്‍ വിളികള്‍ പരിശോധിച്ചതില്‍ നിന്നും ഇയാള്‍ മരണത്തിന് മുമ്പ് രഞ്ജന്‍ റായിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി വ്യക്തമായി. ഫോണ്‍ റെക്കോര്‍ഡിംഗും തെളിവായി.