അമ്പലവയലില്‍ തമിഴ്‌നാട് സ്വദേശികളായ യുവാവിനേയും യുവതിയേയും ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യ പ്രതി സജീവാനന്ദന്‍ പിടിയില്‍

2019-08-06 01:58:41am |

കല്‍പ്പറ്റ : തമിഴ്‌നാട് സ്വദേശികളായ യുവാവിനേയും യുവതിയേയും ക്രൂരമായി നടുറോട്ടില്‍ ഇട്ട് മര്‍ദ്ദിച്ച സംഭവത്തിലെ മുഖ്യ പ്രതി സജീവാനന്ദന്‍ പിടിയില്‍. വയനാട് അമ്പലവയലില്‍ വെച്ചാണ് ഇയാള്‍ ഇവരെ ക്രൂരമായി മര്‍ദ്ദിച്ചത്. കര്‍ണ്ണാടകത്തില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാളെ പിടികൂടുന്നത്. കേസിലെ രണ്ടാം പ്രതിയായ വിജയകുമാറിനെ തിരുവനന്തപുരം നേമത്തനിന്ന് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ അമ്പലവയലില്‍ ലീസിനെടുത്ത് നടത്തിയിരുന്ന ലോഡ്ജില്‍ വച്ചാണ് യുവതിയും യുവാവും സദാചാര ഗുണ്ടായസത്തിന് ഇരയാകുന്നത്്.

ഊട്ടി സ്വദേശിയായ യുവാവും കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയും ഈ ലോഡ്ജില്‍ താമസ്സിക്കുമ്പോഴാണ് സംഭവം. ലോഡ്ജില്‍ താമസ്സിക്കുമ്പോള്‍ പ്രാദേശിക കോണ്‍ഗ്രസ്സ് നേതാവ് കൂടിയായ സജീവാനന്ദന്‍ ഇവരുടെ മുറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഇവരോട് അപമര്യാദയായി പെരുമാറാന്‍ തുടങ്ങി. ഇതിന്‍െ ഇവര്‍ എതിര്‍ത്തതോടെ ബഹളമാകുകയും ലോഡ്ജിലെ ജീവനക്കാരോട് ഇവരെ ഇറക്കിവിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. കൂടുതല്‍ പ്രശ്‌നം ആകാതിരിക്കാന്‍ ഇരുവരെയും ലോഡ്ജില്‍ നിന്നും പുറത്താക്കി.

എന്നാല്‍ ഇതിന് ശേഷം ഇയാള്‍ ഇവരെ പിന്തുടര്‍ന്ന് പോകുകയും അമ്പലവയല്‍ ടൗണില്‍ വച്ച് ആക്രമിക്കുകയായിരുന്നുവെന്നും യുവതി പോലീസിന് മൊഴി നല്‍കി.