അസല്‍ "ദൃശ്യം" മോഡല്‍ കൊലപാതകം; കാമുകിയെ കാമുകന്‍ കൊലപ്പെടുത്തി വീട്ടുകാരുടെ സഹായത്തോടെ കുഴിച്ചിട്ടു; പോലീസ് എത്തി പരിശോധിച്ചപ്പോള്‍ സംഭവസ്ഥലത്ത് നായയുടെ ജഡം; ഒടുവില്‍ സത്യം പുറത്തെത്തിയപ്പോള്‍ ഞെട്ടല്‍

2019-08-06 02:00:51am |

കോയമ്പത്തൂര്‍: ദൃശ്യം മോഡല്‍ കൊലപാതകം തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലും. വി. മുത്തരശിയെന്ന രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയെയാണ് കാമുകനായ ഭരത് കൊന്ന് കുഴിച്ചുമൂടിയത്. മുത്തരശിയും കാമുകന്‍ ഭരത്തും പ്രണയത്തിലായിരുന്നു, ഇവര്‍ ഒളിച്ചോടുകയും ചെയ്തിരുന്നു.

ഇതിനിടെ മുത്തരശിയെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരി തമിഴരശി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് ഭരതിനെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും പുറത്തെത്തിയ വിവരങ്ങള്‍ അറിഞ്ഞ് പോലീസ് ഞെട്ടി. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഇരുവരും ഒളിച്ചോടി വിവാഹം കഴിച്ചത്. എന്നാല്‍ അന്ന് തന്നെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഭരത് മുത്തരശിയെ അടിച്ചു കൊലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഭയന്നുപോയ ഭരത് അമ്മയെ വിളിച്ച് കാര്യം പറഞ്ഞു. മൃതദേഹവുമായി ആത്തുകല്‍പാളയത്തെ വീട്ടിലേക്ക് വരാന്‍ അമ്മ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹം വീടിന് പുറകില്‍ കുഴിച്ചിട്ടു. ഒരാഴ്ചയ്ക്കുള്ളില്‍ ഭരത് മറ്റൊരു യുവതിയെ വിവാഹം ചെയ്തു. എന്നാല്‍ വീടിന് പിന്നില്‍ നിന്നും ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ വീട്ടുകാര്‍ അങ്കലാപ്പിലായി. ഇത് മനസിലാക്കിയ മാതാപിതാക്കള്‍ ഭരതിനെയും വധുവിനെയും വധു ഗൃഹത്തിലേക്ക് പറഞ്ഞുവിട്ടു.

എന്നാല്‍ തമിഴരശിയുടെ പരാതിയില്‍ അന്വേഷണം മുന്നോട്ട് പോയില്ല. തുടര്‍ന്ന് ഒട്ടന്‍ച്ചത്രം എം.എല്‍.എ കേസില്‍ ഇടപ്പെട്ടതോടെ അന്വേഷണം പൊലീസ് വ്യാപിപ്പിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഭരത് മൃതദേഹം വീടിന് പുറകില്‍ കുഴിച്ചിട്ടെന്ന് പൊലീസിനോട് സമ്മതിച്ചു. എന്നാല്‍ പൊലീസ് സ്ഥലത്തെത്തി മൃതദേഹത്തിനായി തിരച്ചില്‍ നടത്തിയപ്പോള്‍ കുഴിയില്‍ നിന്ന് മൃതദേഹത്തിന് പകരം കിട്ടിയത് പട്ടിക്കുട്ടിയുടെ ശവശരീരമായിരുന്നു.

ഞെട്ടിയ പോലീസ് വിശദമായ ചോദ്യം ചെയ്യലില്‍ ഭരതിന്റെ അച്ഛന്‍ മൃതദേഹം മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി കത്തിച്ചുകളഞ്ഞതാണെന്ന് മനസിലായി. ജോത്സ്യന്റെ നിര്‍ദേശപ്രകാരമാണ് പട്ടിക്കുട്ടിയെ കുഴിച്ചിട്ടതെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു. ജ്യോത്സ്യനെയും കസ്റ്റഡിയിലെടുക്ക് ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.