റോഡിൽ വിമുക്ത ഭടന് കൂട്ടമർദനം; നാലുപേർ റിമാൻഡിൽ! ശിവകുമാറാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്ന് ദൃക്സാക്ഷികൾ

റാന്നി: നടുറോഡിൽ യുവാവിനെ കൂട്ടംചേർന്ന് ക്രൂരമായി മർദിച്ച സംഭവത്തിൽ ഹോട്ടൽ ഉടമയടക്കം നാലുപേർ റിമാൻഡിൽ. ആകെ ഏഴ് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ചെറുകോൽ താനത്ത് പുത്തൻവീട്ടിൽ ശിവകുമാറിനാണ് തിങ്കളാഴ്ച ക്രൂരമർദനമേറ്റത്. ഈ രംഗം ആൾകൂട്ട കൊലപാതകശ്രമം എന്ന പേരിൽ സമൂഹമാധ്യമത്തിൽ വൈറലായി. ഇതോടെയാണ് ശിവകുമാറിെൻറ പരാതി പ്രകാരം റാന്നി പൊലീസ് അറസ്റ്റിന് മുതിർന്നത്. പരസ്പരമുള്ള അടിപിടിയാണ് സംഭവം.
ഹോട്ടൽ ഉടമ കുഴിക്കാല പ്രകാശ് (50), ജീവനക്കാരായ ഷൈലേന്ദ്രൻ (54), അനീഷ് (35), മണി (28) എന്നിവരാണ് റിമാൻഡിലായത്. ശിവകുമാർ പരിക്കേറ്റ് ചികിത്സയിലാണ്. ഹോട്ടൽ ഉടമ പ്രകാശിെൻറ പരാതിയിൽ ശിവകുമാറിനെതിരെയും കേസെടുത്തു. പ്രകാശിനും മർദനമേറ്റിട്ടുണ്ട്. തിങ്കളാഴ്ച രണ്ട് മണിയോടെ റാന്നി ബ്ലോക്കുപടിയിൽ പ്രവർത്തിക്കുന്ന ആതിര ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വന്ന വിമുക്ത ഭടനായ ശിവകുമാർ ഹോട്ടൽ ജീവനക്കാരുമായി വാക്തർക്കമുണ്ടാക്കി. ആദ്യം ശിവകുമാർ പുറത്തിറങ്ങി ഒരാളെ മർദിച്ചു താഴെയിട്ടു. ഹോട്ടലിൽ െവച്ച് വാക്തർക്കമുണ്ടായ ആളെയാണ് മർദിച്ചതെന്ന് പറയുന്നു. തന്നെയും മർദിച്ചെന്നും ചോദ്യം ചെയ്ത ജീവനക്കാരെയും തെൻറ ഭാര്യെയയും അസഭ്യം പറഞ്ഞെന്നും പ്രകാശിെൻറ പരാതിയിൽ പറയുന്നു. ഇതിെൻറ സി.സി ടി.വി ദ്യശ്യങ്ങളും പൊലീസിനെ കാണിച്ചു.
ശിവകുമാറാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇയാൾ കടയിലെത്തിയപ്പോൾ ഭക്ഷണം കഴിക്കാൻ കടയിലുണ്ടായിരുന്ന മറ്റൊരാളുമായി വാക്കേറ്റത്തിലേർപ്പെടുകയും തുടർന്ന് അസഭ്യവർഷം നടത്തി മർദനമഴിച്ചുവിടുകയുമായിരുന്നെന്ന് പറയുന്നു. സ്ഥലത്തില്ലാതിരുന്ന ഉടമ പ്രകാശിനെ ഭാര്യ വിവരമറിയിക്കുകയായിരുന്നു. പ്രകാശ് സ്ഥലത്തെത്തി ചോദ്യം ചെയ്യാൻ ശ്രമിച്ചപ്പോൾ പ്രകാശിനെയും മർദിച്ചു. ഇതോടെ കണ്ടുനിന്ന നാട്ടുകാരും മറ്റും ചേർന്നാണ് ശിവകുമാറിനെ മർദിച്ചത്.സംഭവം എന്തെന്ന് കൃത്യമായി അന്വേഷിക്കാതെ ഹോട്ടലുടമയെയും ജീവനക്കാരെയും മാത്രം അറസ്റ്റ് ചെയ്ത നടപടിക്കെതിരെ വ്യാപക പരാതി ഉയർന്നിട്ടുണ്ട്.