ശ്രീറാം മദ്യപിച്ചിരുന്നോ എന്നറിയില്ല; തനിക്ക് മദ്യത്തിന്റെ മണം അറിയില്ല; മോഡലല്ലെന്നും വഫ ഫിറോസ്

2019-08-07 02:25:09am |

കൊച്ചി: മാധ്യമപ്രവര്‍ത്തകനെ മദ്യലഹരിയില്‍ കാറിടിച്ച് കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമനൊപ്പം കാറിലുണ്ടായിരുന്ന യുവതി വഫ ഫിറോസ് പ്രതികരണവുമായി രംഗത്ത്. തന്നെക്കുറിച്ച് പ്രചരിക്കുന്ന കാര്യങ്ങള്‍ സത്യമല്ലെന്ന് വഫ മാധ്യമ അഭിമുഖത്തില്‍ പറഞ്ഞു. താന്‍ ഭര്‍ത്താവില്‍ നിന്ന് അകന്ന് ജീവിക്കുന്ന ആളല്ല. തങ്ങള്‍ക്ക് ബിസിനസ് ഇല്ല. താന്‍ മോഡലിംഗ് രംഗത്തുള്ള ആളല്ലെന്നും വഫ പറഞ്ഞു. ദമാമില്‍ ഷോപ്പുണ്ട്. അതില്‍ നിന്നുണ്ടാക്കിയ സമ്പാദ്യം മാത്രമാണ് തങ്ങള്‍ക്കുള്ളത്. ഭര്‍ത്താവ് മറൈന്‍ എഞ്ചിനീയറാണെന്നും വഫ പറഞ്ഞു.

ശ്രീറാം സാധാരണയിലും കൂടുതല്‍ വേഗത്തിലാണ് കാറോടിച്ചിരുന്നത്. എന്നാല്‍ മദ്യപിച്ചിരുന്നോ എന്നറിയില്ല. തനിക്ക് മദ്യത്തിന്റെ മണം അറിയില്ല. പ്രത്യേക മണം തോന്നിയിരുന്നു. ഇക്കാര്യം പോലീസിനോട് പറഞ്ഞിരുന്നുവെന്നും വഫ വെളിപ്പെടുത്തി. ആകെ രണ്ട് ഐ.എ.എസുകാരുമായാണ് ബന്ധമുള്ളത്. ഒരാള്‍ ശ്രീറാമും മറ്റൊരാള്‍ മെറിനുമാണ്. ശ്രീറാമിനെ ഒരു ഷോയില്‍ കണ്ടാണ് വിളിക്കുന്നത്. പിന്നാലെ മീറ്റ് ചെയ്യാമെന്ന് ശ്രീറാം പറഞ്ഞു. അങ്ങനെയാണ് കണ്ടുമുട്ടിയത്. അതിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞ് അപകടമുണ്ടായ ദിവസമാണ് വീണ്ടും കാണുന്നതെന്നും വഫ പറഞ്ഞു.

ശ്രീറാം മാന്യനായ വ്യക്തിയാണ്. ശ്രീറാം എന്ന മനുഷ്യന്റെ സ്വഭാവം അറിഞ്ഞിട്ടാണ് ആ സമയത്ത് അദ്ദേഹം വിളിച്ചപ്പോള്‍ പോയത്. വരണമെന്ന് ആവശ്യപ്പെട്ട് മെസേജ് അയക്കുകയായിരുന്നു. ഇത്തരം സമയത്ത് തന്റെ ഏത് സുഹൃത്തുക്കള്‍ വിളിച്ചാലും പോകുമെന്നും അതാണ് തന്റെ സ്വഭാവമെന്നും വഫ പറഞ്ഞു. രാത്രി ഒരു മണി എന്നത് തന്നെ സംബന്ധിച്ച് അസമയമല്ല. കുഞ്ഞുമായി പുറത്തുപോയി വരുന്നത് രണ്ട് മണിക്കാണ്. അയാളെ സഹായിക്കാനാണ് പോയത്. അത് ഇങ്ങനെയാകുമെന്ന് കരുതിയില്ലെന്നും വഫ പറഞ്ഞു.