റെയിൽവേ പ്ലാറ്റ്ഫോമിലൂടെ ഓട്ടോ ഓടി; രണ്ട് ജീവനുകൾ രക്ഷിക്കാൻ! സംഭവം മുംബൈയിലെ വിരാർ റെയിൽവേ സ്റ്റേഷനിൽ

2019-08-08 01:46:57am |

മുംബൈ: ഓട്ടോയുമായി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്ക് കുതിക്കുമ്പോൾ സാഗർ കംലാകർ ഗവാദ് എന്ന ഓട്ടോ ഡ്രൈവർക്ക് അറിയാമായിരുന്നു, താൻ ചെയ്യുന്നത് നിയമലംഘനമാണെന്ന്. പക്ഷേ, സ്റ്റേഷനിൽ വന്നു നിന്ന ട്രെയിനിൽ ഗർഭിണിയായ യുവതി പ്രസവവേദനയാൽ പുളയുകയാണ് എന്ന കാര്യം അറിയാവുന്നതിനാൽ തൽക്കാലത്തേക്ക് ഗവാദ് നിയമം ലംഘിച്ചു. ട്രെയിനിൽ നിന്ന് ഓട്ടോയിൽ ആശുപത്രിയിലെത്തിച്ച യുവതിക്ക് സുഖപ്രസവം. മുംബൈയിലെ വിരാർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. 

ഞായറാഴ്ച രാവിലെയാണ് ഗർഭിണിയായ യുവതിയും ഭർത്താവും സഞ്ചരിച്ച ട്രെയിൻ വിരാറിൽ എത്തിയത്. ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുള്ള കമ്പാർട്ട്മെന്‍റിലെ യാത്രികരായിരുന്നു ഇവർ. മഴ കാരണം ട്രെയിൻ സ്റ്റേഷനിൽ നിർത്തിയിട്ടു. ഇതേസമയം, യുവതിക്ക് പ്രസവവേദനയും തുടങ്ങി. പരിഭ്രാന്തനായ ഭർത്താവ് സഹായം തേടി പുറത്തെത്തിയപ്പോൾ ഗവാദിന്‍റെ ഓട്ടോ പുറത്ത് നിർത്തിയത് കണ്ടു. കാര്യത്തിന്‍റെ ഗൗരവം അറിഞ്ഞതും ഓട്ടോ നേരെ പ്ലാറ്റ്ഫോമിലൂടെ ഓടിച്ച് യുവതിയെയും കൊണ്ട് ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു. 

സ്റ്റേഷനിലുണ്ടായിരുന്നു റെയിൽവേ സുരക്ഷാ സേന ഉദ്യോഗസ്ഥർ സംഭവസമയത്ത് ഗവാദിനെ തടഞ്ഞിരുന്നില്ല. പിന്നീട്, റെയിൽവേ നിയമം ലംഘിച്ചതിന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. താക്കീത് നൽകിയ ശേഷം കോടതി ഇയാളെ വെറുതേവിട്ടു. മനുഷ്യത്വപരമായ പ്രവൃത്തി ആയതിനാലാണ് ആദ്യം തടയാതിരുന്നതെന്നും എന്നാൽ, നിയമലംഘനമായതിനാൽ കേസെടുക്കാതെ വഴിയുണ്ടായിരുന്നില്ലെന്നും ആർ.പി.എഫ് ഇൻസ്പെക്ടർ പ്രവീൺ കുമാർ യാദവ് പറഞ്ഞു.