ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് 48 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി വധശിക്ഷ വിധിച്ചു

2019-08-09 03:01:34am |

ഹൈദരാബാദ്: ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിക്ക് 48 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി വധശിക്ഷ വിധിച്ചു. തെലങ്കാനയിലെ ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് അതിവേഗ നടപടി. വാറങ്കല്‍ ജില്ലയിലെ ഹനംകൊണ്ട ടൗണിലെ കൊലിപക പ്രവീണ്‍ (28) ആണ് കേസിലെ പ്രതി. ഇയാള്‍ കോടതി മുന്‍പാകെ കുറ്റം സമ്മതിച്ചിരുന്നു.

ജൂണ്‍ 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇന്ന് 48-ാം ദിവസം കേസില്‍ വിധി പ്രഖ്യാപിക്കുകയും പ്രതിക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. കോടതി 30 സാക്ഷികളെ വിചാരണ ചെയ്തു. ജൂണ്‍ 19ന് അര്‍ദ്ധരാത്രിക്ക് ശേഷമാണ് സംഭവുണ്ടായത്. മാതാപിതാക്കള്‍ക്കും മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം ടെറസില്‍ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊല്ലുകയായിരുന്നു.

മാതാപിതാക്കള്‍ ഇടയ്ക്ക് ഉണര്‍ന്നപ്പോള്‍ കുഞ്ഞിനെ കാണാനില്ലെന്ന് വ്യക്തമായതോടെയാണ് അന്വേഷണം ആരംഭിച്ചതും പ്രതിയിലേക്ക് എത്തിയത്. കുഞ്ഞിനെ തെരഞ്ഞെ് എത്തിയവരെ കണ്ട് പ്രവീണ്‍ കുട്ടിയെ ഉപേക്ഷിച്ച് രക്ഷപെടാന്‍ ശ്രമിച്ചുവെങ്കിലും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതിവേഗ നടപടികള്‍ അന്വേഷണ സംഘത്തിന് ആശ്വാസകരമാണെന്ന് വാറങ്കല്‍ പോലീസ് കമ്മീഷണര്‍ ഡോ. വി. രവീന്ദര്‍ പറഞ്ഞു. കേസിന്റെ അന്വേഷണം പോലീസ് വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നു. വിചാരണാ നടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കണമെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നതായും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.