കശ്മീര്‍ ചര്‍ച്ചയ്ക്കിടെ പാടിയത് വെറും പാട്ടല്ല, ആ സമയത്ത് പാടേണ്ട പാട്ടു തന്നെ; ട്രോള്‍ ആക്രമണത്തോട് രമ്യ ഹരിദാസിന് പറയാനുള്ളത്

2019-08-09 03:02:33am |

കശ്മീരിന് പ്രത്യേക പദവികള്‍ നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കവേ താന്‍ പാട്ട് പാടി അപഹാസ്യയായി എന്ന പ്രചരണത്തോട് ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന്റെ പ്രതികരണം ഇങ്ങനെ.

കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച നടക്കുന്ന സമയത്ത് മോഡി സര്‍ക്കാരിന്റെ കശ്മീര്‍ നയത്തിനെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി ഞങ്ങള്‍ എല്ലാവരും പാട്ട് പാടിയിട്ടുണ്ട്. ഞാന്‍ മാത്രമല്ല മറ്റ് എം.പിമാരും പാടിയിരുന്നു. ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍, ബെന്നി ബെഹനാന്‍, ടി.എന്‍ പ്രതാപന്‍ എന്നിവരും മറ്റ് എം.പിമാരും ഉണ്ടായിരുന്നു. ഞാനാണ് ആരംഭിച്ചത്. മൂന്ന് ഗാനങ്ങളാണ് പാടിയത്.

വന്ദേമാതരം, സാരേ ജഹാംസ അച്ഛേ, രഘുപതി രാഘവ രാജാറാം എന്നീ ദേശഭക്തി ഗാനങ്ങളാണ് ഞങ്ങള്‍ ആലപിച്ചത്. മൂന്ന് ഗാനങ്ങളും വിവിധ സമരങ്ങളുടെ പശ്ചാത്തലത്തില്‍ ഉണ്ടായ ഗാനങ്ങളാണ്. മതേതരത്വവും എല്ലാവരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതാണ്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായുണ്ടായ ഉള്‍പ്പിരിവുകളില്‍ നിന്നാണ് നെഹ്റു അന്ന് ആര്‍ട്ടിക്കിള്‍ 370 നടപ്പിലാക്കുന്നതും കശ്മീരിന്റെ സംരക്ഷണവുമൊക്കെ അന്ന് നടപ്പിലാക്കിയത്. അത് റദ്ദാക്കുമ്പോള്‍ സ്വാതന്ത്ര്യ സമരത്തിന്റെ, അഹിംസയുടെ ഭാഗമായുള്ള മുദ്രാവാക്യങ്ങളും ഗാനങ്ങളും ഉപയോഗിച്ച് എതിര്‍ക്കുക എന്നതാണ് അവിടെ പ്രയോഗിച്ചതെന്നും രമ്യ ഹരിദാസ് പറഞ്ഞു.