"കോളേജില്‍ അച്ഛന്‍ എന്റെ ജൂനിയറാണ്" നിയമ പഠനത്തിന് ചേര്‍ന്ന പിതാവും മകളും സോഷ്യല്‍ മീഡിയയില്‍ താരം

2019-08-09 03:35:47am |

ഒരേ കോളേജില്‍ പിതാവും മകളും വിദ്യാര്‍ത്ഥികളായ അപൂര്‍വ്വ സംഭവമാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. പഠനത്തോടുള്ള അഭിനിവേശമാണ് പിതാവിനെ മകളുടെ തന്നെ ജൂനിയറായി കോളേജില്‍ എത്തിച്ചതും. നിയമ വിദ്യാര്‍ത്ഥികളായി പിതാവും മകളും ഒരേ കോളേജില്‍ എത്തിയ സംഭവം പ്രമുഖ ഫേസ്ബുക്ക് പേജായ ഹ്യൂമന്‍സ് ഓഫ് ബോംബയില്‍ മകള്‍ തന്നെയാണ് പങ്കുവെച്ചത്. ഇതോടെ ഇരുവരെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് വന്നത്.

മകള്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം...

'' നിയമം പഠിക്കണമെന്നത് അച്ഛന്റെ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു. എന്നാല്‍, സാമ്പത്തിക പ്രശ്നങ്ങള്‍ അന്ന് തിരിച്ചടിയായി. ജോലിയായിരുന്നു പ്രധാനം. ഇതോടെ കണ്‍സള്‍ട്ടന്റായി ഒരു കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. കാലം കടന്ന് പോയി ഇതിനിടെ ഞാന്‍ എല്‍എല്‍ബി പഠനം ആരംഭിച്ചു. പഠനത്തെക്കുറിച്ചും വിഷയങ്ങളെ കുറിച്ചും അച്ഛന്‍ എപ്പോഴും തിരക്കും. എന്റെ സഹോദരി ഡോക്ടറും രണ്ട് സഹോദരന്മാര്‍ അഭിഭാഷകരുമാണ്. കുടുംബം ഇപ്പോള്‍ മെച്ചപ്പെട്ട അവസ്ഥയിലാണ്.

നിയമം പഠിക്കണമെന്ന് ഇതിനിടെ ഒരിക്കല്‍ അച്ഛന്‍ എന്നോട് പറഞ്ഞു. കൂട്ടുകാരോടും അടുപ്പമുള്ളവരോടും അഭിപ്രായം തേടി, അവരാണ് അദ്ദേഹത്തെ കോളേജിലേക്ക് ക്ഷണിക്കാന്‍ ആവശ്യപ്പെട്ടത്. ഇതോടെ ഞാന്‍ പഠിക്കുന്ന കോളേജില്‍, എന്റെ ജൂനിയറായി അച്ഛനെത്തി. എന്റെ കൂട്ടുകാരോടൊപ്പം തന്നെ ഇപ്പോള്‍ അച്ഛനും ഇരിക്കുന്നു, അവരും ഇപ്പോള്‍ സുഹൃത്തുക്കളാണ്. അച്ഛന്റെ ആഗ്രഹ സഫലീകരണത്തിന് ഭാഗമാവാന്‍ കഴിഞ്ഞത് ഏറെ സന്തോഷമുണ്ടാക്കുന്നതാണ്. പഠനം പൂര്‍ത്തിയാക്കി ഒരുമിച്ച് പ്രാക്ടീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അച്ഛന്‍ എനിക്ക് വേണ്ടി എന്താണോ ചെയ്തത്, അതെല്ലാം മടക്കി നല്‍കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.''