അസാധാരണ ലവ് സ്‌റ്റോറി ; കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ ആദ്യ കാഴ്ചയില്‍ തന്നെ പോലീസുകാരിക്ക് ഗുണ്ടയോട് പ്രണയം ; വര്‍ഷങ്ങള്‍ നീണ്ട പ്രേമത്തിനൊടുവില്‍ വിവാഹവും കഴിഞ്ഞു

2019-08-10 03:34:16am |

ജയിലില്‍ കിടക്കുന്നതിനിടയില്‍ ഗുണ്ടാതലവനില്‍ അനുരക്തയായ പോലീസുകാരി വര്‍ഷങ്ങള്‍ നീണ്ടു നിന്ന പ്രണയത്തിനൊടുവില്‍ അയാളെ സ്വന്തമാക്കി. സിനിമാക്കഥ പോലെ തോന്നിപ്പിക്കുന്ന അസാധാരണ പ്രണയകഥ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ നിന്നുമാണ് പുറത്തുവരുന്നത് രാഹുല്‍ തരാസന എന്ന 30 കാരന്‍ ഗുണ്ടയെ പായല്‍ എന്ന പോലീസുകാരിയാണ് വിവാഹം കഴിച്ചത്്

മന്‍മോഹന്‍ ഗോയല്‍ എന്ന വ്യാപാരിയെ കൊലപ്പെടുത്തിയ കുറ്റത്തിന് 2014 മെയ് 9 ന് തരാസന അറസ്റ്റിലായിരുന്നു. ഇയാളുടെ പേരില്‍ കൊലപാതകവും കൊള്ളയുമായി ഒരു ഡസനിലധികം കേസുകള്‍ വേറെയുമുണ്ട്. ഇരുവരും തമ്മില്‍ ആദ്യമായി കണ്ടു മുട്ടിയത് സൂരജ്പൂര്‍ കോടതിയില്‍ വെച്ചായിരുന്നു. ആദ്യ കാഴ്ചയില്‍ തന്നെ ഗുണ്ടതലവന്‍ പോലീസുകാരിയുടെ മനസ്സിലേക്ക് ഇടിച്ചുകയറി. അതിന് ശേഷം ജയിലിനകത്തും പിന്നീട് പുറത്തു വന്നപ്പോഴുമെല്ലാം പായല്‍ രാഹുലുമായുള്ള ബന്ധം നിലനിര്‍ത്തി. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷം അടുത്തിടെ പായലിനെ വധുവിന്റെ വേഷത്തിലും രാഹുലിനെ വരന്റെ വേഷത്തിലും കല്യാണമണ്ഡപത്തില്‍ ഇരിക്കുന്ന രീതിയില്‍ ഒരു ഫോട്ടോ രാഹുല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതാണ് ഇരുവരും തമ്മില്‍ വിവാഹം കഴിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവരാന്‍ കാരണമായത്.

അതേസമയം എവിടെവെച്ചാണ് ഇരുവരും വിവാഹം കഴിച്ചതെന്ന വിവരം പുറത്തുവന്നിട്ടില്ല. വിവാഹം എന്നാണ് നടന്നതെന്നും വിവരമില്ല. പായല്‍ ഗൗതം ബുദ്ധ നഗര്‍ പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്തു വരുമ്പോഴാണ് വിവാഹം കഴിച്ചതായുള്ള ഊഹാപോഹങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ പായലിന്റെ ഉന്നതോദ്യോഗസ്ഥര്‍ക്ക് ഇക്കാര്യത്തില്‍ ഒരു അറിവുമില്ല. എവിടെയായാലും പായലിന്റെ കാര്യത്തില്‍ നടപടിയെടുക്കുമെന്ന നിലപാടിലാണ് ഉന്നതര്‍. യുപിയിലെ കുപ്രസിദ്ധ ഗുണ്ടാസംഘമായ അനില്‍ ദുജാനാ ഗ്യാംഗിലെ അംഗമാണ് രാഹുല്‍.

2008 മുതല്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ ഭാഗമായ രാഹുലിനെതിരേ ഒട്ടേറെ കേസുകള്‍ നിലവിലുണ്ട്. അനധികൃതമായി ആയുധം കൈവശം വെച്ചതിന് 2017 ല്‍ പോലീസിന് കീഴടങ്ങിയ രാഹുല്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പിന്നീട് പുറത്തുവന്നിരുന്നു.