വിതുമ്പിക്കരഞ്ഞ് പി.വി. അന്‍വര്‍; 10 ലക്ഷം രൂപയുടെ ധനസഹായം, കവളപ്പാറയിലെയും പാതാറിലെയും ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് പകരം നല്‍കും

2019-08-17 03:37:29am |

എടക്കര: പോത്തുകല്ലില്‍ ചേർന്ന ദുരിതാശ്വാസ പ്രവര്‍ത്തന സര്‍വകക്ഷി യോഗത്തില്‍ പ്രസംഗത്തിനിടെ പി.വി. അന്‍വര്‍ എം.എല്‍.എ വിതുമ്പിക്കരഞ്ഞു. കവളപ്പാറയിലെ മണ്ണിടിച്ചിലില്‍നിന്ന് രക്ഷപ്പെട്ടവരുടെയും  ദുരിതത്തിലായവരുടെയും അവസ്ഥ വിവരിക്കുന്നതിനിടെയാണ് എം.എല്‍.എ കരഞ്ഞത്. 

പി.വി. അബ്​ദുല്‍ വഹാബ് എം.പി ആശ്വസിപ്പിക്കാന്‍  ശ്രമിച്ചെങ്കിലും ആദ്യം പ്രസംഗം പൂര്‍ത്തിയാക്കാനായില്ല. പിന്നീട്, യോഗാവസാനമാണ് എം.എല്‍.എ സംസാരിച്ചത്. റീ ബില്‍ഡ് നിലമ്പൂരുമായി എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. റീ ബില്‍ഡ് നിലമ്പൂരിലേക്ക് വ്യക്തിപരമായി 10 ലക്ഷം രൂപയും എം.എല്‍.എ വാഗ്ദാനം ചെയ്തു. അതേസമയം പാരിസ്ഥിതിക നിയമങ്ങൾ ലംഘിച്ചുള്ള കേസുകളിൽ പ്രതിസ്ഥാനത്തുള്ള അൻവറിൻെറ കരച്ചിലിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വിമർശവും ഉയർന്നു.

കവളപ്പാറയിലെയും പാതാറിലെയും ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് പകരം നല്‍കും -മന്ത്രി കെ.ടി. ജലീല്‍
എടക്കര: മണ്ണിടിഞ്ഞ് ദുരന്തമുണ്ടായ കവളപ്പാറയിലെയും പാതാറിലെയും ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് പകരം മറ്റു ഭൂമി നല്‍കുമെന്ന് മന്ത്രി കെ.ടി. ജലീല്‍. വീടും ഭൂമിയും നഷ്​ടപ്പെട്ടവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 10 ലക്ഷത്തോടൊപ്പം സന്നദ്ധസേവകരുടെ തുക കൂടി ഉള്‍പ്പെടുത്തിയാണ് പുനരധിവാസം സാധ്യമാക്കുകയെന്നും മന്ത്രി പറഞ്ഞു. പോത്തുകല്‍ ബസ് സ്​റ്റാന്‍ഡില്‍ പി.വി. അന്‍വര്‍ എം.എല്‍.എ വിളിച്ച ദുരിതാശ്വാസ പ്രവര്‍ത്തന സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 

വീട് നഷ്​ടമായവര്‍ക്ക് നാല് ലക്ഷം രൂപ നല്‍കും. ചെങ്കല്ലുകള്‍ക്ക് പകരം പ്രീ ഫാബ് വീടുകള്‍ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുക. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ച് ആനുകൂല്യങ്ങള്‍ വേഗത്തിലും കൃത്യമായും എത്തിക്കണം. അര്‍ഹതയുള്ളവരെ വിട്ടുപോകരുത്. എന്നാല്‍, അനര്‍ഹര്‍ ഉള്‍പ്പെടാതിരിക്കുകയും വേണം. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുതാര്യമായ ഒന്നാണ്. തെറ്റിദ്ധാരണ പരത്തുന്നവരെ കണ്ടെത്തി നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. പി.വി. അബ്​ദുല്‍ വഹാബ് എം.പി, പി.വി. അന്‍വര്‍ എം.എല്‍.എ, നിലമ്പൂര്‍ ​േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. സുഗതന്‍, മലപ്പുറം എസ്.പി യു. അബ്​ദുല്‍ കരീം, ബത്തേരി രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്ത, പീപ്പിള്‍സ് ഫൗണ്ടേഷൻ ചെയര്‍മാന്‍ പി. മുജീബ് റഹ്മാൻ, അലവിക്കുട്ടി ഫൈസി, ജമാല്‍ മാസ്​റ്റര്‍, ഫാറൂഖ്, ഫാ. ജോസ്, സജി ചാക്കോ, തോമസ്, വിവിധ രാഷ്ര്ടീയ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് സി.ആര്‍. പ്രകാശ്, ഉബൈദ് കാക്കീരി, രാജഗോപാല്‍, അശോകന്‍, പൊന്നച്ചന്‍ എന്നിവര്‍ സംസാരിച്ചു. പോത്തുകല്‍ പഞ്ചായത്ത് പ്രസിഡൻറ്​ സി. കരുണാകരന്‍ പിള്ള സ്വാഗതവും സ്​റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ ഉമൈമത്ത് നന്ദിയും പറഞ്ഞു.


കഴിഞ്ഞ പ്രളയത്തില്‍ ഒന്നായ നമ്മളെ ശബരിമല വിഷയം അകറ്റി -പി.വി. അബ്​ദുല്‍ വഹാബ് എം.പി
എടക്കര: കഴിഞ്ഞ പ്രളയത്തെ ഒറ്റക്കെട്ടായി നേരിട്ട കേരളജനത ശബരിമല വിഷയത്തോടെ ഭിന്നിച്ചതായി പി.വി. അബ്​ദുല്‍ വഹാബ്​ എം.പി. നാടി​​െൻറ വീണ്ടെടുപ്പിന് ‘സേവ് പോത്തുകല്‍’ പദ്ധതി കൊണ്ടുവരണം. സന്‍സദ് ആദര്‍ശ് പദ്ധതിയിലൂടെ മികച്ച കാര്യങ്ങള്‍ നടപ്പാക്കും. കേന്ദ്ര-സംസ്ഥാന-തദ്ദേശ സ്ഥാപനങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. എം.പി എന്ന നിലയില്‍ പോത്തുകല്ലിന് പ്രത്യേക ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.