ചികിത്സക്ക്​ പണമില്ല, മാതാവ് വിവരം ആശുപത്രി അധികൃതരോട് പറയാതെ കുഞ്ഞുമായി മടങ്ങി; കൊല്ലത്ത്​ ശ്വാസതടസ്സത്തെ തുടർന്ന് 57 ദിവസം പ്രായമുള്ള കുഞ്ഞ്​ മരിച്ചു!

2019-08-21 01:26:59am |

കുളത്തൂപ്പുഴ: ആശുപത്രിയിൽനിന്ന്​ വീട്ടിലേക്ക്​ കൊണ്ടുപോകുംവഴി നവജാതശിശു ബസിൽ മരിച്ചു. കുളത്തൂപ്പുഴ പതിനാറേക്കർ കൊച്ചുകോണത്ത് മഞ്​ജു വിലാസത്തിൽ മഞ്​ജു-ആദിത്യ വിനോദ് ദമ്പതികളുടെ 57 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്.

ശ്വാസതടസ്സത്തെ തുടർന്ന് തിങ്കളാഴ്ച രാവിലെ പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിനെ പരിശോധിച്ച് മരുന്ന് കുറിച്ച ഡോക്ടർ എക്സ് റേ എടുത്തുവരാൻ ആവശ്യപ്പെട്ടു. ഇതിനാവശ്യമായ തുക കൈവശമില്ലാതിരുന്ന മാതാവ് വിവരം ആശുപത്രി അധികൃതരോട് പറയാതെ കുഞ്ഞുമായി മടങ്ങി. യാത്രക്കിടെ ബസിൽ​െവച്ച് കുഞ്ഞിന് മുലപ്പാൽ നൽകിയതായും ഇടക്ക് ഛർദിച്ചതായും മാതാവ് പറഞ്ഞു. വീട്ടിലെത്തിയപ്പോ​േഴക്കും അനക്കമറ്റ നിലയിലായിരുന്നു. തുടർന്ന് കുളത്തൂപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ഇൻക്വസ്​റ്റ്​ തയാറാക്കി മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. അതേസമയം, കൈയിൽ പണമില്ലാത്തതിനാലാണ് ആശുപത്രിയിൽനിന്ന്​ മടങ്ങിയതെന്ന വിവരം പൊലീസിനുനൽകിയ മൊഴിയിൽ സൂചിപ്പിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.