Latest News

ദുബായ്–കൊച്ചി വിമാനം വൈകി; യാത്രക്കാർ ചൂടു സഹിച്ചിരുന്നത് മൂന്നര മണിക്കൂർ! പലർക്കും ശാരീരികാസ്വസ്ഥതകളുണ്ടായി

2017-08-08 02:28:48am |

ദുബായ് ​​ ∙ ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം മണിക്കൂറുകളോളം വൈകി. വിമാന അധികൃതരുടെ നിരുത്തരവാദപരമായ പെരുമാറ്റം മൂലം യാത്രക്കാർ മൂന്നര മണിക്കൂറോളം വിമാനത്തിനകത്ത് കുടുങ്ങി. ശീതീകരണി പ്രവർത്തനരഹിതമായതിനാൽ കഠിനമായ ചൂട് സഹിച്ചാണ് സ്ത്രീകളും കൈക്കുഞ്ഞുങ്ങളുമടക്കമുള്ള മുന്നൂറോളം പേർ ഇത്രയും നേരം വിമാനത്തിലിരുന്നതെന്ന് യാത്രക്കാർ പരാതിപ്പെട്ടു. ഇതുമൂലം പലർക്കും ശാരീരികാസ്വസ്ഥതകളുണ്ടായി.

ഇന്ന്(തിങ്കള്‍) പുലർച്ചെ 3.05ന് ദുബായിൽ നിന്ന് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് എസ് ജി–18 വിമാനമാണ് സാങ്കേതിക തകരാറ് മൂലം വൈകിയത്. വിമാനത്തിനകത്ത് എസി പ്രവർത്തിക്കുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടപ്പോഴായിരുന്നുവത്രെ അധികൃതർ സാങ്കേതിക തകരാർ കണ്ടെത്തിയത്. തുടർന്ന്, പ്രശ്നം പരിഹരിച്ച് ഇരുപത് മിനിറ്റിനകം വിമാനം പുറപ്പെടുമെന്ന് വിമാന അധികൃതർ അറിയിച്ചു. ഇതോടെ ചൂട് സഹിച്ചിട്ടാണെങ്കിലും യാത്രക്കാർ കാത്തിരുന്നു. എന്നാൽ, ഒരു മണിക്കൂർ കഴിഞ്ഞിട്ടും പ്രശ്ന പരിഹാരമായില്ല. ഇതിനിടെ ചൂട് സഹിക്കാനാവാതെ കൈക്കുഞ്ഞടക്കമുള്ള കുട്ടികള്‍ കരയാൻ തുടങ്ങി. സ്ത്രീകളും പ്രായമുള്ളവരും അസ്വസ്ഥരായി. വിമാനത്തിന്റെ ക്യാപ്റ്റനെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. 

യാത്രക്കാരിലൊരാൾ ദുബായ് പൊലീസുമായി ബന്ധപ്പെട്ടപ്പോൾ ക്യാപ്റ്റൻ പ്രത്യക്ഷപ്പെട്ട് വിമാനം ഉടൻ പുറപ്പെടുമെന്നു വീണ്ടും അറിയിച്ചെങ്കിലും ഉടനൊന്നും ശരിയായില്ല. ബഹളം വച്ച യാത്രക്കാരിൽ ചിലർ, തങ്ങളെ പുറത്തുപോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതിനും അധികൃതർ സമ്മതിച്ചില്ല. തുടർന്ന് വിമാനത്തിന്റെ ജനാലകൾ തുറന്നെങ്കിലും ഉഷ്ണക്കാറ്റായിരുന്നു അകത്തേയ്ക്കെത്തിയത്. ഒടുവിൽ ദുബായ് പൊലീസെത്തി വിമാന അധികൃതരുമായി സംസാരിച്ചു. ദുബായ് പൊലീസിനെ വിളിച്ചതോടെ വിമാന അധികൃതർ തങ്ങളെ ശത്രുക്കളെപ്പോലെയാണ് കണ്ടതെന്ന് യാത്രക്കാരിലൊരാളായ തൃശൂർ സ്വദേശി പ്രവീൺ  പറഞ്ഞു. പിന്നീട് മൂന്നര മണിക്കൂറിന് ശേഷം തകരാർ പരിഹരിച്ച് രാവിലെ ഏഴരയോടെ വിമാനം പുറപ്പെട്ടു. രാവിലെ എട്ടരയോടെ കൊച്ചിയിലെത്തേണ്ടിയിരുന്ന വിമാനം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് എത്തിയതെന്ന് പ്രവീൺ പറഞ്ഞു. 

യാത്രക്കാരിൽ പ്രായാധിക്യമുള്ളവരും രോഗികളും ഉണ്ടായിരുന്നു. ഇവരെല്ലാം ഏറെ ശാരീരികാസ്വസ്ഥതകളോടെയാണ് യാത്ര ചെയ്തത്. കൂടാതെ, മൂന്നോ നാലോ ദിവസത്തെ അവധിക്ക് ചെല്ലുന്നവരുമുണ്ടായിരുന്നു. തൻ്റെ വയോധികരായ മാതാപിതാക്കൾ യാത്രക്കാരായിരുന്നുവെന്നും ഇവർ വളരെ ബുദ്ധിമുട്ടനുഭവിച്ചതായും എറണാകുളം സ്വദേശി അനീസ് പറഞ്ഞു. തങ്ങൾക്ക് നേരിട്ട വിഷമതകൾ വിശദീകരിച്ച് വിമാന അധികൃതർക്ക് പരാതി ഇ–മെയിലായി അയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് പ്രവീൺ ആരോപിച്ചു.