Latest News

കളഞ്ഞുകിട്ടിയ നാലുലക്ഷം തിരികെ നൽകിയ മലയാളിക്ക് ദുബായ് പൊലീസിന്റെ ആദരം

2017-08-09 03:55:01am |

ദുബായ് ∙ വഴിയരികിൽ നിന്ന് കളഞ്ഞുകിട്ടിയ 24,000 ദിർഹം (ഏകദേശം നാല് ലക്ഷം രൂപ) തിരിച്ചു നൽകിയ മലയാളി യുവാവിന് ദുബായ് പൊലീസിന്റെ ആദരം. ബർദുബായ് റഫയിലെ റോഡരികിൽ നിന്ന് തൃശൂർ കൊടുങ്ങല്ലൂർ മതിലകം സ്വദേശി ജുലാഷ് ബഷീറിന് കളഞ്ഞുകിട്ടിയ ചെറിയ ബാഗ് തുറന്നു നോക്കിയപ്പോൾ 24,000 ദിർഹവും ചാർജ് ഇല്ലാത്ത ഒരു പഴയ മൊബൈൽ ഫോണും കണ്ടു.

ഉടൻ ദുബായ് പൊലീസിനെ വിളിച്ച് വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ബാഗ് ഏറ്റുവാങ്ങി. റഫ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ഫോൺ ചാർജ് ചെയ്ത് അതിൽ കണ്ട ഒരു നമ്പരിൽ വിളിച്ചു. മറുതലയ്ക്കൽ ഫോണെടുത്ത ശിവകുമാർ, തന്റെ സ്ഥാപനത്തിലെ പാചകക്കാരൻ ശെൽവരാജിന്റേതാണ് ബാഗെന്ന് സ്ഥിരീകരിച്ചു. തമിഴ്നാട് നാഗപട്ടണം സ്വദേശിയാണ് ശെൽവരാജ്. പണം നഷ്ടപ്പെട്ടതോടെ രക്തസമ്മർദം കൂടി മുറിയിൽ കിടക്കുകയായിരുന്നു ശെൽവരാജ്.

പിന്നീട്, ശിവകുമാറിനോടൊപ്പം ശെൽവരാജ് പൊലീസ് സ്റ്റേഷനിലെത്തി പണവും ഫോണും തിരികെ കൈപ്പറ്റി. രണ്ട് പെൺമക്കളുടെ പിതാവായ ശെൽവരാജ് 28 വർഷമായി ദുബായിൽ പ്രതിമാസം 1,700 ദിർഹം ശമ്പളത്തിന് ജോലി ചെയ്യുകയായിരുന്നു. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങി മകളുടെ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നു. ഇതിനായി ചേർന്നിരുന്ന കുറി വിളിച്ച് കിട്ടിയ പണമായിരുന്നു ചെറിയ ബാഗിൽ.

കയ്യിലുണ്ടായിരുന്ന വലിയ ബാഗ് കീറിപ്പോയതാണ് പണം നഷ്ടമാകാൻ കാരണമെന്ന് ശെൽവരാജ് പറഞ്ഞു. ജുലാഷിനെ കഴിഞ്ഞ ദിവസം റഫാ പൊലീസ് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. പൊതുവെ സത്യസന്ധരായ ഇന്ത്യക്കാർക്ക് ജുലാഷ് അഭിമാനമാണെന്ന് പൊലീസ് പറഞ്ഞു.