Latest News

എയര്‍ ഇന്ത്യയും വില്‍പ്പനയ്ക്ക് ; 49 ശതമാനം വിദേശനിക്ഷേപത്തിന് അനുമതി ; ഉടമാവകാശവും നിയന്ത്രണവും ഇന്ത്യന്‍ പൗരന്മാര്‍ക്ക് തന്നെ

2018-01-11 03:22:46am |

ന്യൂഡല്‍ഹി: ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയിലടക്കം പ്രത്യക്ഷ വിദേശനിക്ഷേപത്തിനു വാതില്‍ തുറന്ന് കേന്ദ്ര സര്‍ക്കാരിന്റെ നയപരിഷ്‌കാരം. എയര്‍ ഇന്ത്യയില്‍ 49 ശതമാനം വിദേശനിക്ഷേപത്തിനാണ് അനുമതി. ഒറ്റ ബ്രാന്‍ഡ് ചില്ലറ വില്‍പ്പന മേഖലയിലും നിര്‍മാണ-വികസന മേഖലയിലും സര്‍ക്കാരിന്റെ അനുമതിയില്ലാതെ 100 ശതമാനം വിദേശ മുതല്‍മുടക്കിനും അനുവാദമായി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണു തീരുമാനം.

കൂടുതല്‍ വിദേശനിക്ഷേപമെത്താനും വ്യവസായാനുകൂല സാഹചര്യം മെച്ചപ്പെടാനും ഇതു വഴിയൊരുക്കുമെന്നും നിക്ഷേപം, വരുമാനം, തൊഴിലവസരങ്ങള്‍ എന്നിവയില്‍ കുതിച്ചുചാട്ടമുണ്ടാകുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. വിദേശനാണ്യ വിപണിയില്‍ രൂപയുടെ മൂല്യത്തിലുള്ള ചാഞ്ചാട്ടം ഒഴിവാക്കാനും ഇതുപകരിക്കും. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം പാലിക്കാതെ അടുത്ത വര്‍ഷം പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയില്ലെന്ന നിലയ്ക്കാണ് അതിനു വഴിയൊരുക്കിക്കൊണ്ടുള്ള നയപരിഷ്‌കരണമെന്നാണു വിലയിരുത്തല്‍.

മെഡിക്കല്‍ ഉപകരണ നിര്‍മാണക്കമ്പനികള്‍, വിദേശത്തുനിന്നു പണം സ്വീകരിക്കുന്ന കമ്പനികളുടെ ഓഡിറ്റ് സ്ഥാപനങ്ങള്‍ എന്നിവയിലേക്കുള്ള വിദേശനിക്ഷേപ നയത്തിലും ഇളവു വരുത്തിയിട്ടുണ്ട്. െവെദ്യുതി റെഗുലേറ്ററി കമ്മിഷന്റെ അംഗീകാരമുള്ള പവര്‍ എക്‌സ്‌ചേഞ്ചുകളിലേക്കു വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്കും വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ക്കും നേരിട്ടു പണമെത്തിക്കാനും അനുവാദമായി. സിംഗിള്‍ ബ്രാന്‍ഡ് ചില്ലറ വ്യാപാര മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ചിരുന്നെങ്കിലും 50 ശതമാനത്തിനു മുകളില്‍ സര്‍ക്കാരിന്റെ അനുമതി വേണ്ടിയിരുന്നു. ഇതു നീങ്ങിയതോടെ വ്യാപാര മേഖലയിലേക്കു ബഹുരാഷ്ട്ര കമ്പനികളുടെ കടന്നുവരവ് അനായാസമാകും. വന്‍കിട മാളുകളിലെ ചില്ലറവില്‍പ്പന സ്ഥാപനങ്ങള്‍ക്കു പോലും ഇതു വെല്ലുവിളി സൃഷ്ടിച്ചേക്കും.

സ്വകാര്യ വിമാനക്കമ്പനികളില്‍ വിദേശനിക്ഷേപത്തിനു മുമ്പേയുണ്ടായിരുന്ന അനുമതിയാണ് എയര്‍ ഇന്ത്യക്കും ബാധകമാക്കിയത്. വിദേശ വിമാനക്കമ്പനികള്‍ക്കു വാങ്ങാവുന്ന ഓഹരിയുടെ പരിധി 49 ശതമാനമാണ്. എയര്‍ ഇന്ത്യയുടെ ഉടമാവകാശവും നിയന്ത്രണവും ഇന്ത്യന്‍ പൗരന്മാര്‍ക്കായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇന്ത്യയുടെ അഭിമാനമായ എയര്‍ ഇന്ത്യയില്‍ വിദേശനിക്ഷേപം അനുവദിക്കുന്നതിനോടു രാഷ്ട്രീയ പാര്‍ട്ടികളും പാര്‍ലമെന്ററി സമിതിയും വിയോജിച്ചിരുന്നെങ്കിലും 50,000 കോടിയോളം രൂപയുടെ ബാധ്യതയുള്ള നിലയ്ക്ക് സ്വകാര്യപങ്കാളിത്തം അനിവാര്യമാണെന്നാണു കേന്ദ്രത്തിന്റെ നിലപാട്.

ടൗണ്‍ഷിപ്പുകള്‍, പാര്‍പ്പിടസമുച്ചയങ്ങള്‍, അടിസ്ഥാനസൗകര്യ നിര്‍മാണം, റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ സേവനങ്ങള്‍ എന്നിവയിലാണ് കണ്‍സ്ട്രക്്ഷന്‍-ഡവലപ്‌മെന്റ് മേഖലയില്‍ പൂര്‍ണ വിദേശനിക്ഷേപം വരിക. ഇതു വന്‍കിട സംരംഭങ്ങള്‍ക്കും അസംഖ്യം തൊഴിലവസരങ്ങള്‍ക്കും വഴിയൊരുക്കുമെന്നു നിര്‍മാണ മേഖലയിലെ സംഘടനയായ ക്രെഡായ് അഭിപ്രായപ്പെട്ടു. അതേസമയം, സിംഗിള്‍ ബ്രാന്‍ഡ് റീട്ടെയ്‌ലിലെ വിദേശനിക്ഷേപ നിയന്ത്രണം നീക്കിയത് ഭാവിയില്‍ മുഴുവന്‍ ചില്ലറ വില്‍പ്പന മേഖലയും തുറന്നുകൊടുക്കുന്നതിനു മുന്നോടിയാണെന്ന് ആക്ഷേപമുണ്ട്. കേരളത്തിലെ 14 ലക്ഷത്തോളം വ്യാപാരികള്‍ക്കും അവരെ ആശ്രയിച്ചുകഴിയുന്ന 75 ലക്ഷത്തോളം ആളുകളെയും ഇത് ആശങ്കയിലാക്കുന്നു.

2016-17 ല്‍ 6,008 കോടി ഡോളറാണ് നേരിട്ടുള്ള വിദേശനിക്ഷേപമായി എത്തിയത്. നയപരിഷ്‌കരണത്തിലൂടെ കൂടുതല്‍ വിദേശനിക്ഷേപമെത്തുന്നത് നോട്ട് അസാധുവാക്കലും ജി.എസ്.ടിയും സാമ്പത്തികരംഗത്തുണ്ടാക്കിയ മരവിപ്പ് മാറ്റാന്‍ ഉപകരിക്കുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. വിദേശനിക്ഷേപവും അതുവഴിയുണ്ടാകുന്ന തൊഴിലവസരങ്ങളുമാകും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ അടിത്തറയെന്നു ലോകബാങ്ക് ഇന്നലെ വ്യക്തമാക്കിയിരുന്നു.