വജ്രങ്ങളിലെ അഞ്ചാം തമ്പുരാന് വില 259 കോടി രൂപ; ‘ലെസൊതൊ ലെജൻഡ്’ വാങ്ങിയത് ബൽജിയം സ്വദേശി

2018-03-14 02:38:47am |

ലണ്ടൻ∙ ലോകത്ത് ഇന്നേവരെ കണ്ടെത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ അഞ്ചാമത്തെ വജ്രം ‘ലെസൊതൊ ലെജൻഡ്’ വിറ്റുപോയി; വില ഏകദേശം 259 കോടി രൂപ. പേരു വെളിപ്പെടുത്താത്ത ബൽജിയം സ്വദേശിയാണ് ഇതു സ്വന്തമാക്കിയത്.

രണ്ടു ഗോൾഫ് പന്തുകളുടെ വലുപ്പമുള്ള വജ്രമാണു ലെസൊതൊ ലെജൻഡ്. ഇക്കൊല്ലം ജനുവരിയിൽ ആഫ്രിക്കൻ രാജ്യമായ ലെസൊതൊയിലെ ലെറ്റ്സെങ് ഖനിയിൽനിന്ന് ബ്രിട്ടിഷ് കമ്പനിയായ ജെം ഡയമണ്ട്സാണ് 910 കാരറ്റ് മാറ്റുള്ള വജ്രം കുഴിച്ചെടുത്തത്.

വലുപ്പവും ഗുണമേന്മയുമുള്ള വജ്രങ്ങൾക്കു പേരുകേട്ടതാണു ലെറ്റ്സെങ് ഖനി. നിലവിൽ വിൽപനയിലെ ലോക റെക്കോർഡ് ദ് കോൺസ്റ്റലേഷൻ എന്ന വജ്രത്തിനാണ്. കഴിഞ്ഞവർഷം വിറ്റുപോയ 813 കാരറ്റുള്ള ഈ വജ്രത്തിനു ലഭിച്ചത് 407 കോടി രൂപ!