Latest News

ദൈവം എന്നൊന്നില്ല, ഈ പ്രപഞ്ചം അദ്ദേഹത്തിന്റെ സൃഷ്ടിയുമല്ല ; മരണാനന്തര ജീവിതവും പുനര്‍ജ്ജന്മവുമെല്ലാം വിഡ്ഡിത്തം ; സ്റ്റീഫന്‍ ഹോക്കിംഗ് എന്നും മുറുകെപ്പിടിച്ചത് ഭൗതീകവാദത്തെ

2018-03-15 03:10:13am |

ഈ പ്രപഞ്ചം ആരും ഉണ്ടാക്കിയതോ സൃഷ്ടിച്ചതോ അല്ല. എല്ലാം തനിയെ രൂപപ്പെട്ടതാണ്. ഒന്നും മറ്റൊന്നാകാതെ ഈ പ്രപഞ്ചം നില നില്‍ക്കുന്നതിനും മനുഷ്യരാശി നിലനില്‍ക്കുന്നതിനും കാരണം എല്ലാം തനിയെ ഉണ്ടായതാണ് എന്നതു കൊണ്ടാണ്. ഇംഗ്‌ളണ്ടില്‍ 1942 ജനുവരി 8 നായിരുന്നു ഐന്‍സ്റ്റീന് ശേഷം ഉണ്ടായ ഏറ്റവും വലിയ ശാസ്ത്രജ്ഞര്‍ എന്ന വിശേഷണമുള്ള സ്റ്റീഫന്‍ വില്യം ഹോക്കിംഗിന്റെ ജനനം. കൃത്യമായി പറഞ്ഞാല്‍ വിഖ്യാത വാനനിരീക്ഷകന്‍ ഗലീലിയോ ഗലീലി മരണമടഞ്ഞതിന്റെ 300 ാം വാര്‍ഷിക ദിനത്തില്‍.

അവസാനം വരെ ഭൗതീകവാദത്തെ അദ്ദേഹം മുറുക്കിപ്പിടിക്കുകയും എന്നും ശാസ്ത്രത്തില്‍ വിശ്വസിക്കുകയും ചെയ്തിരുന്ന സ്റ്റീഫന്‍ ഹോക്കിംഗ്‌സ് ദൈവവിശ്വാസത്തെയും ആത്മീയതയെയും സമ്പൂര്‍ണ്ണമായി തള്ളിക്കളഞ്ഞിരുന്നു. ''തലച്ചോറ് ഒരു കമ്പ്യൂട്ടറാണ്. അത് ജോലി അവസാനിപ്പിച്ചാല്‍ അതിന്റെ എല്ലാ ഉപകരണങ്ങളും നിലച്ചുപോകും. നിലച്ചുപോയ ഇത്തരം കമ്പ്യൂട്ടറുകള്‍ക്ക് സ്വര്‍ഗ്ഗമോ നരകമോ ഇല്ല. '' ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞന്‍ ലോകത്തില്‍ ഭൂരിപക്ഷം മത വിശ്വാസികളും പുലര്‍ത്തിയിരുന്ന മരണാനന്തര ജീവിതവും പുനര്‍ജ്ജന്മവും ആത്മാവ് വിശ്വാസവുമെല്ലാം തള്ളിയത് 2011 ല്‍ ഒരു ബ്രിട്ടീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു.

പ്രപഞ്ചത്തിന്റെ നിലനില്‍പ്പ് ഒന്നിലുമല്ലെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രം ലോകം മനസ്സിലാക്കും മുമ്പായിരുന്നെങ്കില്‍ ലോകം സൃഷ്ടിച്ചത് ദൈവമാണെന്ന് വിശ്വസിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇന്ന് ശാസ്ത്രം കൂടുതല്‍ വിശ്വസനീയമായ വിശദീകരണവുമായി എത്തമ്പോള്‍ അത്തരം വിശ്വാസങ്ങള്‍ക്കൊന്നും സ്ഥാനമില്ല. ദൈവം എന്നൊന്ന് ഉണ്ടെങ്കില്‍ ദൈവത്തിന്റെ മനസ്സ് അറിയാന്‍ ദൈവത്തിന് അറിയാവുന്ന എല്ലാറ്റിനെക്കുറിച്ചും നമ്മള്‍ അറിയണം. അതുകൊണ്ട് അങ്ങിനെയൊന്നില്ല. താന്‍ ഒരു ഭൗതീകവാദിയാണ് എന്നായിരുന്നു അദ്ദേഹം എല്‍ മുണ്ടോയ്ക്ക് 2014 ല്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഭൗതീകവാദത്തെ മുറുകെപ്പിടിക്കുമ്പോഴും റോബോട്ടുകള്‍ നിറയാനിരിക്കുന്ന ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്റ്‌സിനെക്കുറിച്ച് അദ്ദേഹം ആശങ്കപ്പെട്ടിരുന്നു. റോബോട്ടുകള്‍ സമ്പദ് വ്യവസ്ഥയില്‍ സ്‌ഫോടനം തന്നെ ഉണ്ടാക്കുമെങ്കിലും മാനവികതയ്ക്ക് നാശം വരുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആര്‍ട്ട്ഫിഷ്യല്‍ ഇന്റലിജന്‍സ് തൊഴിലില്ലായ്മ രൂക്ഷമാക്കുമെന്നും മദ്ധ്യവര്‍ത്തി സമൂഹത്തിന് ഇത് ഏറ്റവും ദോഷകരമാകുമെന്നും സാധാരണ തൊഴിലെല്ലാം റോബോട്ടുകള്‍ ഏറ്റെടുക്കുമ്പോള്‍ ബാക്കിയാകുക സംരക്ഷണ, നിര്‍മ്മാണ, മേല്‍നോട്ട ജോലികള്‍ മാത്രം അവശേഷിക്കുമെന്നും ഹോക്കിംഗ് 2016 ല്‍ എഴുതിയ ലേഖനത്തില്‍ കുറിച്ചു.

മാനവരാശിക്ക് അടുത്ത 1000 വര്‍ഷത്തേക്ക് ഭൂമിയില്‍ കഴിയാനാകില്ലെന്നും മറ്റൊരു ഗ്രഹത്തിലേക്ക് മാറേണ്ടി വരുമെന്ന് അദ്ദേഹം പതിവായി പറയുമായിരുന്നു. ജനസംഖ്യ ഇങ്ങിനെ പെറ്റു പെരുകുന്ന സാഹചര്യത്തില്‍ മറ്റു സൗരോര്‍ജ്ജ സംവിധാനങ്ങളെ ആശ്രയിക്കണമെന്നും മനുഷ്യന്‍ ഭൂമി വിടണമെന്നും അദ്ദേഹം പറഞ്ഞു. അതു പോലെ തന്നെ ഹോളിവുഡ് സിനിമകളുടെ ഇഷ്ടവിഷയമായ സമയ സഞ്ചാരം മനുഷ്യന് സാധ്യമാകുന്ന കാലം വരുമെന്നും അദ്ദേഹം പ്രവചിച്ചു. സമയത്തിലൂടെയുള്ള സഞ്ചാരം വെറും ശാസ്ത്രമിഥ്യയല്ലെന്നും സാധ്യമാകുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.