Latest News

കുടുംബം തകര്‍ക്കുന്ന നിലയില്‍ ഭാര്യയുടെ സൗഹൃദം വളര്‍ന്നപ്പോള്‍ താക്കിതു ചെയ്തു: റേഡിയോ ജോക്കിയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് നര്‍ത്തകിയുടെ ഭര്‍ത്താവ് സത്താര്‍ തന്നെ

2018-04-05 01:58:43am |

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കിയായിരുന്ന മടവൂര്‍ പടിഞ്ഞാറ്റേല ആശാനിവാസില്‍ രാജേഷ് കുമാറിനെ(34) കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി ഓച്ചിറ സ്‌കൈലാബ് ജംഗ്ഷനിലെ സാലിഹ് ബിന്‍ ജലാല്‍ ആണ് എന്നു പോലീസ്. രാജേഷിന്റെ സുഹൃത്തായ നര്‍ത്തകിയുടെ ഭര്‍ത്താവിന്റെ ജിംനേഷ്യത്തിലെ ട്രെയിനറാണു സാലിഹ്. സുഹൃത്തുക്കള്‍ക്കിടയില്‍ ഇയാള്‍ അറിയപ്പെടുന്നത് അലിഭായി എന്നാണ്. കൊലപാതകം നടന്ന് ഒരു ആഴ്ചയ്ക്കു ശേഷമാണു പോലീസ് ഇയാളുടെ പേര് പുറത്തു വിടുന്നത്.

സാലിഹിനും സംഘത്തിനും ക്വട്ടേഷന്‍ കൊടുത്തതു ഖത്തറില്‍ രാജേഷിന് അടുപ്പമുണ്ടായിരുന്ന നൃത്താദ്ധ്യാപികയുടെ ഭര്‍ത്താവായ വ്യവസായി ഓച്ചിറ നായമ്പരത്തു വീട്ടില്‍ സത്താര്‍ ആണെന്നു പോലീസ് ഉറപ്പിച്ചു. തന്റെ ഭാര്യയുമായി ബന്ധമുള്ള രാജേഷിനെ കൊലപ്പെടുത്തുക തന്നെയായിരുന്നു സത്താറിന്റെ ലക്ഷ്യം. നാട്ടിലെ ജിംനേഷ്യത്തില്‍ ട്രെയിനറായിരുന്ന സാലിഹ് നാലു വര്‍ഷം മുമ്പാണു ഖത്തറില്‍ സത്താറിന്റെ ജിംനേഷ്യത്തില്‍ ജോലിക്ക് എത്തിയത്. നാട്ടുകാരന്‍ എന്നതിനേക്കാള്‍ ജേഷ്ഠ തുല്ല്യനായായിരുന്നു സാലിഹ് സത്താറിനെ കണ്ടിരുന്നത്.

സത്താറിന്റെ കുടുംബ ജീവിതം തകര്‍ത്തില്‍ സാലിഹിനും സുഹൃത്തുക്കള്‍ക്കും രാജേഷിനോടു ദേഷ്യമുണ്ടായിരുന്നു. സത്താര്‍ രാജേഷിനെ കൊലപ്പെടുത്താല്‍ തീരുമാനിച്ചതോടെ ഇതിനായി സാലിഹിനെ കൂട്ടു പിടിക്കുകയായിരുന്നു. സാലിഹ് തന്റെ പരിചയക്കാരനായ കായംകുളം സ്വദേശി അപ്പുണ്ണിയുടെ സഹായത്തോടെ രണ്ടു പേരേ കൂടി സംഘത്തില്‍ കൂട്ടി. കായംകുളം സ്വദേശികളായ ഇവര്‍ നാട്ടില്‍ തന്നെ ഒളിവിലാണ് എന്നാണു പോലീസ് നിഗമനം. അപ്പുണ്ണി ചെന്നൈയിലെ സഹോദരിയുടെ വീട്ടില്‍ എത്തിയ ശേഷം മുങ്ങുകയായിരുന്നു.

സാലിഹ് ഇതിനോടകം ഖത്തറില്‍ എത്തിയതായും പോലീസ് സ്ഥിരീകരിച്ചു. ഓച്ചിറയിലെ സാധു കുടുംബത്തിലെ അംഗങ്ങളായിരുന്ന സാലിഹും സത്താറും. ഗള്‍ഫില്‍ എത്തിയതിനു ശേഷമായിരുന്നു ഇവരുടെ ജീവിതം പച്ചപിടിച്ചത്. സത്താര്‍ 15 വര്‍ഷം മുമ്പ് ഡ്രൈവര്‍ വിസയിലാണു ഗള്‍ഫില്‍ ജോലിക്ക് എത്തിയത്. അവിടെ ജോലി ചെയ്യുന്നതിനിടയില്‍ നൃത്താദ്ധ്യപികയായ ആലപ്പുഴ തുമ്പോളി സ്വദേശിനിയായ ക്രിസ്ത്യന്‍ യുവതിയുമായി അടുപ്പത്തിലായി. ശേഷം വിവാഹം കഴിച്ചു.

തുടര്‍ന്ന് ഇരുവരുടെയും വരുമാനം കൊണ്ടു നാട്ടില്‍ പലയിടത്തും ആഢംബര വീടുകളും വസ്തുക്കളും വാങ്ങി. ഗള്‍ഫില്‍ ജിംനേഷ്യം ഉള്‍പ്പെടെ ബിസ്സിനസ് ശൃംങ്കല വ്യാപിപ്പിച്ചു. ഇതിനിടയിലാണു റേഡിയോ ജോക്കിയായ രാജേഷുമായി യുവതി അടുപ്പത്തിലായത്. ഇത് ഇവരുടെ കുടുംബത്തില്‍ ഉലച്ചിലുണ്ടാക്കി. രാജേഷിനോടുള്ള ഭാര്യയുടെ അമിത അടുപ്പവും സൗഹൃദവും പലതവണ സത്താര്‍ വിലക്കി. എങ്കിലും യുവതി പിന്മാറാന്‍ കൂട്ടാക്കിയില്ല. ഇതേ ചൊല്ലി വീട്ടില്‍ കലഹം പതിവായപ്പോള്‍ യുവതി സത്താറുമായി ബന്ധം പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ രാജേഷിനെ സത്താര്‍ ഗള്‍ഫില്‍ വച്ച് ഭീഷണിപ്പെടുത്തി.

ഇതേ തുടര്‍ന്നു രണ്ടു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു രാജേഷ് ഖത്തറില്‍ നിന്നു നാട്ടിലേയ്ക്കു മടങ്ങുകയായിരുന്നു. രണ്ടു പെണ്‍കുട്ടികളെയും തന്നെയും ഉപേക്ഷിച്ച് ഭാര്യ രാജേഷുമായി ബന്ധം തുടരുന്നതിലുള്ള പകയാണു സത്താറിനെ ഇത്തരത്തില്‍ ഒരു ക്വട്ടേഷനു പ്രേരിപ്പിച്ചത്. സാലിഹിനും സത്താറിനുമായി പോലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഖത്തര്‍ പോലീസിനു കൈമാറി. ഇവരെ നാട്ടില്‍ എത്തിപ്പിക്കാന്‍ ഡി ജി പി തലത്തില്‍ ശ്രമം തുടങ്ങിട്ടുണ്ട്. ഇരുവരുടെയും ഓച്ചിറയിലെ വീടുകളില്‍ എത്തി കുടുംബാഗങ്ങളെ ഫോട്ടോ കാണിച്ചു തിരിച്ചറിഞ്ഞു.