Latest News

ശരീരത്തിലെ മുഴകളില്‍ റബര്‍ ബാന്‍ഡ് ചുറ്റി രക്തയോട്ടം നിലപ്പിച്ചു നീക്കം ചെയ്യുന്ന രീതി, അങ്ങേയറ്റം അപകടം മരണം വരെ സംഭവിക്കാമെന്നും ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്

2018-04-16 02:21:22am |

വീഡിയോ വൈറലാകാന്‍ വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്തവരാണു പലരും. ഇത്തരത്തില്‍ വിചിത്രമായ പല ചലഞ്ചുകളിലും പങ്കെടുത്ത് അപകടം ക്ഷണിച്ചു വരുത്തുന്നവരും കുറവല്ല. സോപ്പുപൊടി ചലഞ്ചും കോണ്ടം ചലഞ്ചും ഇതില്‍ ചിലതു മാത്രം. ഇപ്പോള്‍ അങ്ങേയറ്റം അപകടകരമായ മറ്റൊരു വീഡിയോണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്. റബര്‍ബാന്‍ഡ് മെതേഡ് എന്നാണ് ഇതിന്റെ പേര്. ശരീരത്തിലെ വടുക്കളും ചെറിയ മുഴകളും അപകടകരമായ രീതിയില്‍ നീക്കം ചെയ്യുന്ന രീതിയാണ് ഇത്. ഒരു റബര്‍ബാന്‍ഡ് ഉപയോഗിച്ച് ഇത്തരം വടുക്കളുടെ മുകളില്‍ ചുറ്റി വയ്ക്കും.

ഇവിടുത്തെ രക്തയോട്ടം തടഞ്ഞ് ഇവ നീക്കം ചെയ്യുകയാണ് ഇതിന്റെ രീതി. എന്നാല്‍ ഇങ്ങനെ ചെയ്യുന്നതു കടുത്ത അണുബാധ മുതല്‍ മരണത്തിനു വരെ കാരണമാകാം എന്നു ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നു. രക്തയോട്ടം നിലച്ച് ഇവ കൊഴിഞ്ഞു വീഴുന്നതു വരെ റബര്‍ബാന്‍ഡ് ചുറ്റി വയ്ക്കുന്നു. ചിലപ്പോള്‍ ഈ പ്രവൃത്തി കൊണ്ട് അവയവം വരെ നീക്കം ചെയ്യേണ്ട അവസ്ഥയുണ്ടായേക്കാം. ഇതിന്റെ ഗൗരവം അറിയാതെ ചെയ്യുന്ന ഈ പ്രവര്‍ത്തി ടിഷ്യൂ ഡെത്ത് വരെ സംഭവിക്കാന്‍ ഇടയാക്കുന്നു എന്നു ഡോക്ടര്‍മാര്‍ പറയുന്നു. നീക്കം ചെയ്താലും ഇവ വേഗത്തില്‍ തിരിച്ചു വരുന്നതാണ്. മരുന്നുകള്‍ കഴിച്ചാണ് ഇവ നിയന്ത്രിക്കേണ്ടത്. ഇത് അറിയാതെയാണ് പലരും ഇത്തരം അപകടങ്ങളില്‍ പെടുന്നത്.