ഫെയ്‌സ്ബുക്കില്‍ മോഡി ട്രംപിനെക്കാള്‍ ഇരട്ടി ജനപ്രിയന്‍ ; പ്രധാനമന്ത്രിക്ക് കൂട്ടുകാര്‍ 4കോടി; അമേരിക്കന്‍ പ്രസിഡന്റിനെ പിന്തുടരുന്നവര്‍ 2 കോടി

2018-05-03 02:59:11am |

ജനീവ: ട്വിറ്ററില്‍ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുലിയായിരിക്കാം. പക്ഷേ, ഫെയ്‌സ്ബുക്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണു താരം... ഇന്നലെ പുറത്തിറങ്ങിയ പഠന റിപ്പോര്‍ട്ട് പ്രകാരം ഫെയ്‌സ്ബുക്കില്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന നേതാവ് മോഡിയാണ്. 4.32 കോടി ഫോളോവേഴ്‌സ്...

ട്രംപിന്റെ ഫോളോവേഴ്‌സിന്റെ ഏതാണ്ട് ഇരട്ടിവരുമിത്. കമ്യൂണിക്കേഷന്‍ റിസര്‍ച്ച് സ്ഥാപനമായ ബര്‍സോണ്‍- മാര്‍ട്ട്‌സ്‌റ്റെല്ലറിന്റെ റിപ്പോര്‍ട്ടനുസരിച്ച് ട്രംപിനെ പിന്തുടരുന്നവരുടെ എണ്ണം 2.31 കോടി മാത്രം. കമന്റുകളുടെയും െലെക്കുകളുടെയും കണക്കില്‍ ട്രംപാണ് മോഡിയേക്കാള്‍ ഒരു മടങ്ങ് മുന്നില്‍.

മൊത്തം 20.49 കോടി. ഇന്ത്യന്‍ പ്രധാനമന്ത്രിക്കാകട്ടെ ഇത് 11.36 കോടിയാണ്. കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ സെന്‍ ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ അഞ്ചാം സ്ഥാനത്തേക്കു കുതിച്ചതായും മാര്‍ട്ട്‌സ്‌റ്റെല്ലര്‍ റിപ്പോര്‍ട്ട് എടുത്തുകാട്ടുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏതാണ്ട് അമ്പതു ശതമാനം വളര്‍ച്ചയാണ് ഇക്കാര്യത്തില്‍ സെന്നിന്.

96 ലക്ഷം ഫെയ്‌സ്ബുക്ക് പിന്‍ഗാമികളാണു സെന്നിനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഷ്യയില്‍ ട്വിറ്ററിനേക്കാള്‍ സ്വീകാര്യത ഫെയ്‌സ്ബുക്കിനാണ്. 650 ആളുകളുടെ ഫെയ്‌സ്ബുക്ക് പേജുകളാണ് ബര്‍സോണ്‍- മാര്‍ട്ട്‌സ്‌റ്റെല്ലര്‍ പഠനവിധേയമാക്കിയത്.