Latest News

വീട്ടുജോലിക്കെന്നു പറഞ്ഞ് ഒമാനിലെത്തിച്ച് പെൺവാണിഭം: നാലു പേർക്കെതിരെ കേസ്

2018-07-11 02:31:24am |

അഞ്ചാലുംമൂട് (കൊല്ലം) ∙ തൃക്കരുവ സ്വദേശിനിയായ വീട്ടമ്മയെ ഒമാനിൽ വീട്ടുജോലി വാഗ്ദാനം ചെയ്തു കൊണ്ടുപോയി തടങ്കലിലാക്കി പീഡനത്തിനിരയാക്കിയതായി പരാതി. സഹോദരിമാരായ യുവതികളുൾപ്പെടെ നാലു പേർക്കെതിരെ അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു.

പ്രതികൾ ഒമാനിൽ പെൺവാണിഭം നടത്തുന്നവരാണെന്നും കേരളത്തിൽ നിന്നടക്കം ഒട്ടേറെ യുവതികളെ വീട്ടുതടങ്കലിലാക്കി പെൺവാണിഭം നടത്തുന്നതായും പരാതിയിൽ പറയുന്നു. യുവതിയെ ഒരു വർഷം മുൻപാണു സഹോദരിമാർ വീട്ടുജോലി വാഗ്ദാനം ചെയ്ത് ഒമാനിലേക്കു കൊണ്ടുപോയത്. കിടപ്പാടം പണയപ്പെടുത്തി സംഘടിപ്പിച്ച ഒരു ലക്ഷം രൂപ വീസയ്ക്കായി പ്രതികൾ വാങ്ങിയിരുന്നു. ഒമാനിലെത്തിച്ചശേഷം ഒരുമാസം ഒരു വീട്ടിൽ ജോലിക്കു വിട്ടു. പിന്നീട് ഇവരുടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് എത്തിയിരുന്നവർക്കു വഴങ്ങണമെന്നു പറഞ്ഞെങ്കിലും യുവതി അനുസരിച്ചില്ല. തുടർന്ന് യുവതിയുടെ നഗ്നദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി. തുടർന്ന് അവിടെയെത്തുന്നവർക്കൊപ്പം മുറിയിൽ പൂട്ടിയിടുകയുമായിരുന്നു പതിവ്. ഇതിനിടെ പ്രതികൾക്കൊപ്പം കഴിഞ്ഞ ഏപ്രിലിൽ നാട്ടിലെത്തിയ യുവതി ഒരു മാസം നാട്ടിൽ നിന്നശേഷം ഇവർക്കൊപ്പം ഒമാനിലേക്കു പോയി.

Thrid Party Impression Tracker

വീസാ കാലാവധി തീരുന്നതിനു മുൻപ് തിരികെ പോയാൽ വീസയുടെ പണം യുവതി നൽകണമെന്നും യുവതിയുടെ ദൃശ്യങ്ങൾ ഭർത്താവിനെ കാണിക്കുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തിയാണു തിരികെ കൊണ്ടുപോയത്. വീണ്ടും അനാശാസ്യത്തിനു നിർബന്ധിച്ചതോടെ യുവതി പാസ്പോർട്ട് തിരികെ ആവശ്യപ്പെട്ടെങ്കിലും പ്രതികൾ നൽകിയില്ല. തുടർന്ന് യുവതിയുടെ നിർബന്ധപ്രകാരം ഭർത്താവ്  ഒരു മാസം മുൻപ് ഒമാനിലെത്തി വിവരങ്ങൾ മനസ്സിലാക്കി എംബസിയുടെ സഹായത്തോടെ രക്ഷിക്കുകയായിരുന്നെന്നു പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം വൈകിട്ടാണ് യുവതി നാട്ടിലെത്തിയത്. തുടർന്ന് ഇന്നലെ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പ്രതികളിലൊരാളുടെ വീട്ടിലെത്തി അക്രമം നടത്തിയെന്നും മാതാവിനെ മർദിച്ചെന്നും കാട്ടി നൽകിയ പരാതിയിൽ യുവതിയുടെ ഭർത്താവിനെതിരെയും കേസുണ്ട്.