Latest News

ക്രിസ്റ്റ്യാനോയ്ക്ക് കുരുക്കു മുറുകുന്നു, ലൈംഗിക ആരോപണങ്ങളുമായി കൂടുതല്‍ യുവതികള്‍ രംഗത്ത്

2018-10-09 02:48:36am |

സൂപ്പര്‍ താരം ക്രസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരായ ലൈഗിക ആരോപണകേസ് ലാസ് വെഗാസ് പോലീസ് പുനരന്യേഷിക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍ റൊണാള്‍ഡോ തന്നെയും ബലാത്സംഗം ചെയ്തെന്ന ആരോപണവുമായി ഒരു യുവതി കൂടി രംഗത്ത്. റൊണാള്‍ഡോ തങ്ങളെ ഉപദ്രവിച്ചു എന്ന ആരോപണവുമായി മറ്റു രണ്ടു യുവതികള്‍ കൂടി രംഗത്തെത്തിയിട്ടുണ്ട്. മുപ്പത്തിമൂന്നുകാരനായ സൂപ്പര്‍ താരം കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധിയാണിപ്പോള്‍ നേരിടുന്നത്. എന്നാല്‍ സാമ്പത്തിക താത്പര്യങ്ങള്‍ക്കും, പ്രസക്തി നേടുന്നതിനും വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് താരം പ്രതികരിച്ചു.

2009-ല്‍ റൊണാള്‍ഡോ തന്നെ ബലാത്സംഗം ചെയ്‌തെന്ന ആരോപണവുമായി കാതറിന്‍ മയോര്‍ഗ എന്ന അമേരിക്കന്‍ നിശാക്ലബ് സുന്ദരിയാണ് ആദ്യം രംഗത്തു വന്നത്. ഈ കേസ് ലാസ് വഗാസ് പൊലീസ് പുനരന്വേഷണം നടത്തുന്നതിനിടയിലാണ് മറ്റു ആരോപണങ്ങള്‍ കൂടി ഉയര്‍ന്നിരിക്കുന്നത്.

2009-ല്‍ തന്നെ കാതറിന്‍ ആരോപിക്കുന്നത് പോലെ ഒരു പാര്‍ട്ടിക്കിടയില്‍ റൊണാള്‍ഡോ തന്നെ ബലാത്സംഗം ചെയ്തെന്നാണ് രണ്ടാമത്തെ യുവതിയുടെയും ആരോപണം. യുവതി തന്നെ നേരില്‍ വിളിച്ച് പീഡന വിവരങ്ങള്‍ പറയുകയായിരുന്നുവെന്നും വിശദാംശങ്ങള്‍ ലാസ് വഗാസ് പൊലീസിന് കൈമാറിയതായും കാതറഈന്‍ മോര്‍ഗയുടെ
അഭിഭാഷകന്‍ ലെസ്ലി സ്റ്റോവാള്‍ വ്യക്തമാക്കി.

അതേസമയം യുവതിയുടെ പേര് വെളിപ്പെടുത്താന്‍ സ്റ്റോവാള്‍ തയ്യാറായില്ല. മറ്റു രണ്ടു യുവതികളെ റൊണാള്‍ഡോ ലൈംഗികമായി പീഡിപ്പിച്ചോ എന്നു വ്യക്തമല്ല. പുതിയ ആരോപണങ്ങള്‍ എല്ലാം വ്യക്തമായി അന്വേഷിച്ചു വരികയാണെന്നും സ്റ്റോവാള്‍ അറിയിച്ചു. ബലാത്സംഗ ആരോപണത്തെ തുടര്‍ന്ന് ക്രിസ്റ്റ്യാനോയെ പോളണ്ടിനും സ്‌കോട്ട്‌ലന്റിനും എതിരായ മത്സരങ്ങള്‍ക്കുള്ള ദേശീയ ടീമില്‍ നിന്ന് പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഒഴിവാക്കിയിരുന്നു.

അതേസമയം റൊണാള്‍ഡോയുമായി കരാറുള്ള ഇറ്റാലിയന്‍ ക്ലബ് യുവന്റസ് താരത്തിനൊപ്പമാണ്. കഴിഞ്ഞ കളിയില്‍ റൊണാള്‍ഡോ യുവന്റസിന് വേണ്ടി ഗോളടിക്കുകയും ചെയ്തു. എന്നാല്‍ റൊണാള്‍ഡോയുമായി പരസ്യ കരാറുള്ള നൈക്കി ഉള്‍പ്പെടെയുള്ള കമ്പനികള്‍ താരത്തിനെതിരെ നടപടി സ്വീകരിക്കാനുള്ള ആലോചനയിലാണ്.