മരിച്ച മകന്‍ തിരികെ വരാനായി 38 ദിവസം മകന്റെ കുഴിമാടത്തിന് കാവല്‍ നിന്ന് പിതാവ്; 56കാരനെ പറഞ്ഞ് പറ്റിച്ച് ഏഴ് ലക്ഷവുമായി മുങ്ങി മന്ത്രവാദി

2019-01-28 03:18:57am |

വിജയവാഡ: മരിച്ച മകനെ തിരികെ ലഭിക്കാനായി മകന്റെ കുഴിമാടത്തിന് കാവല്‍ നിന്ന് പിതാവ് കഴിഞ്ഞത് 38 ദിവസം. ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെത്‌ലുരു വില്ലേജിലാണ് സംഭവം. ക്രൈസ്തവ ശ്മശാനത്തിന് സമീപം താമസിച്ചിരുന്ന 56കാരനായ തുപ്പകുല രാമു എന്നയാളാണ് മരണമടഞ്ഞ മകനെ തിരികെ ലഭിക്കാനായി കുഴിമാടത്തിനരികെ കഴിഞ്ഞത്. മകനെ തിരികെ കിട്ടാനുള്ള ഏക മാര്‍ഗം ഇതാണെന്ന് ഒരു മന്ത്രവാദി രാമുവിനെ പറഞ്ഞ് പറ്റിക്കുകയായിരുന്നു. ഇയാള്‍ ഏഴ് ലക്ഷം രൂപയും രാമുവിന്റെ പക്കല്‍ നിന്നും തട്ടിയെടുക്കുകയും ചെയ്തു.

സംഭവം മനവസിലാക്കിയ പോലീസ് കുഴിമാടത്തിനരികെയെത്തി രാമുവിനെ യാഥാര്‍ത്ഥ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുകയായിരുന്നു. മന്ത്രവാദിയുടെ വാക്കുകള്‍ രാമു അന്തമായി വിശ്വസിക്കുകയായിരുന്നു.

രാമുവിന്റെ മകന്‍ ടി രാമവാസുലു(26) പന്നിപ്പനി ബാധിച്ചാണ് മരിച്ചത്. കഴിഞ്ഞ മാസം അവസാനം കദപ ജില്ലയിലെ കൊഡുരു ടൗണില്‍ വെച്ചായിരുന്നു രാമവാസുലു മരിച്ചത്. 2014 മുതല്‍ കുവൈറ്റിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. മരിക്കുന്നതിന് മൂന്ന് മാസം മുമ്പ് രാമവാസുലു നാട്ടില്‍ തിരികെ എത്തിയിരുന്നു. തുടര്‍ന്ന് ഓട്ടോവാങ്ങി ഉപജീവന മാര്‍ഗം കണ്ടെത്തുകയും ചെയ്തു. ഇതിനിടെയാണ് രാമവാസുലുവിന് പനി പിടിപെടുകയും മരിക്കുകയും ചെയ്യുന്നത്.

മകന്റെ മരണത്തിന് ശേഷം കണ്ടുമുട്ടിയ മന്ത്രവാദിയാണ് രാമുവിനെ കബളിപ്പിച്ചത്. മകനെ തിരികെ ലഭിക്കാനായി 41 ദിവസം കുഴിമാടത്തിന് കാവല്‍ നില്‍ക്കണമെന്ന് ഇയാള്‍ രാമുവിനോട് പറഞ്ഞു. ഇക്കാര്യം പറഞ്ഞ് ഏഴ് ലക്ഷം രൂപ രാമുവിന്റെ കൈയ്യില്‍ നിന്നും മന്ത്രവാദി തട്ടിയെടുക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു.