ന്യൂസിലന്‍ഡ്‌ ഭീകരാക്രമണം : ""ഇങ്ങോട്ടു വാടാ..""; കൂട്ടക്കൊലയാളിയെ വെല്ലുവിളിച്ച അസീസാണ്‌ നായകന്‍

2019-03-18 03:36:36am |

വെല്ലിങ്‌ടണ്‍: യന്ത്രത്തോക്കില്‍നിന്നു തലങ്ങും വിലങ്ങും തിരയുതിര്‍ത്തു കൂട്ടക്കൊലയാളി ബ്രണ്ടന്‍ ടാറന്റ്‌ പാഞ്ഞപ്പോള്‍ അബ്‌ദുള്‍ അസീസ്‌ എന്ന അഫ്‌ഗാന്‍ അഭയാര്‍ഥി ആദ്യമൊന്നു പകച്ചു. പിന്നെ കൈയിലുണ്ടായിരുന്ന ക്രെഡിറ്റ്‌ കാര്‍ഡ്‌ മെഷീന്‍ അയാള്‍ക്കുനേരേ വലിച്ചെറിഞ്ഞ്‌ അസീസ്‌ കുതിച്ചു. ചങ്കുറപ്പിന്റെ കരുത്തില്‍, അക്രമി ഉപേക്ഷിച്ച തിരയില്ലാത്ത തോക്കുമായി അയാള്‍ക്കുനേരേ പാഞ്ഞു. "ഇങ്ങോട്ടു വാടാ" എന്നു വെല്ലുവിളിച്ച്‌....

ന്യൂസിലഡിലെ ക്രൈസ്‌റ്റ്‌ചര്‍ച്ചില്‍ ലിന്‍വുഡ്‌ മുസ്ലിം പള്ളിയില്‍ വെള്ളിയാഴ്‌ച പ്രാര്‍ഥനയ്‌ക്കെത്തിയ വിശ്വാസികളെ ഒന്നൊന്നായി കൊന്നൊടുക്കി മുന്നേറിയ ബ്രണ്ടന്‍ ടാറന്റ്‌ എന്ന കൂട്ടക്കൊലയാളി ഒരു നിമിഷം പകച്ചെങ്കില്‍ അത്‌ അബ്‌ദുള്‍ അസീസിനു മുന്നിലാണ്‌. അസീസിന്റെ കൈയില്‍ തോക്കു കണ്ടതും ബ്രണ്ടന്‍ തോക്ക്‌ താഴ്‌ത്തി. തുടര്‍ന്ന്‌ കാറില്‍കയറി രക്ഷപ്പെടാനായി ശ്രമം. ഇതിനിടെ കൈയിലെ തോക്ക്‌ വലിച്ചെറിഞ്ഞ്‌ കാറിന്റെ ഗ്ലാസ്‌ അസീസ്‌ തച്ചുടച്ചു. കാര്‍ വിട്ടിട്ടും അക്രമിക്കു പിന്നാലെ കുതിക്കാനും അസീസ്‌ ധൈര്യം കാട്ടി. തിരിച്ചു മോസ്‌കിലേക്കു മടങ്ങിയ നാല്‍പത്തിയെട്ടുകാരന്‍ കണ്ടത്‌ രക്‌തത്തില്‍ കുളിച്ചവരെ. ഏഴുപേരാണ്‌ ഇവിടെ മരണത്തിനു കീഴടങ്ങിയത്‌. അസീസ്‌ ഇല്ലായിരുന്നെങ്കില്‍ ഈ സംഖ്യ എഴുപതു കടന്നേനെ!

നാലു മക്കളുമൊത്ത്‌ പ്രാര്‍ഥനയ്‌ക്കെത്തിയതായിരുന്നു അസീസ്‌. ഇടയ്‌ക്ക്‌ മോസ്‌കിനു പുറത്ത്‌ വെടിയൊച്ച കേട്ടു. ആദ്യം ആരോ പടക്കം പൊട്ടിച്ചതാെണന്നാണു കരുതിയത്‌. പിന്നെ ഒരു പന്തികേടു തോന്നി. പള്ളിക്കു പുറത്തിറങ്ങിയപ്പോള്‍ കാണുന്നത്‌ കൈയില്‍ തോക്കുമായി മിലിട്ടറി സ്‌റ്റെലില്‍ പായുന്ന ബ്രെണ്ടനെ. കൊലയാളിയോ, രക്ഷകനോ? ആദ്യമൊരു സംശയം. പിന്നെ മനസിലായി. ആള്‍ അപകടകാരിതന്നെ. തുടര്‍ന്ന്‌ അസീസ്‌ അയാള്‍ക്കു നേരേ കുതിച്ചു. ഇതിനിടെ മക്കള്‍ നിലവിളിച്ചു: "ഡാഡീ, തിരിച്ചുവാ"... പക്ഷേ, അസീസ്‌ പിന്തിരിഞ്ഞില്ല. തന്റെ മക്കള്‍ക്കും മറ്റു വിശ്വാസികള്‍ക്കുംനേരേ ബ്രണ്ടന്‍ പാഞ്ഞടുത്താലോ എന്ന ഭയത്തില്‍ അയാള്‍ക്കുനേരേ കുതിച്ചു.

ഇപ്പോള്‍ ഇവിടുത്തെ നാട്ടുകാര്‍ക്കിടയില്‍ രക്ഷകന്റെ പരിവേഷമാണ്‌ അസീസിന്‌. "ഒരുപാട്‌ ചിന്തിക്കാനൊന്നും ചില സന്ദര്‍ഭങ്ങളില്‍ സമയം കിട്ടിയെന്നു വരില്ല. അപ്പോള്‍ തോന്നുന്നതെന്തോ, അതു ചെയ്യുക. അതേ വഴിയുള്ളൂ"... ധീരത കൈവെടിയാതെ മുന്നേറിയ നിമിഷത്തെപ്പറ്റി അസീസിന്റെ പ്രതികരണം ഇങ്ങനെ. "ആളുകളില്‍ ചിലര്‍ ബ്രണ്ടനെ ഗണ്‍മാന്‍ എന്നു വിശേഷിപ്പിക്കുന്നതു കേട്ടു. അതിന്‌ അയാള്‍ മാന്‍ (മനുഷ്യന്‍) അല്ല. അയാള്‍ വെറുമൊരു ഭീരുവാണ്‌"- അസീസ്‌ തുടര്‍ന്നു.