ഒരേ സമയം പത്തൊമ്പത് യുവതികളുമായി പ്രണയം, നാല് പേരില്‍ മക്കള്‍, രണ്ട് പേര്‍ ഗര്‍ഭിണി; യുവതികളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടി; ഒടുവില്‍ ചൈനീസ് കാമദേവന്‍ പിടിയില്‍

2019-04-03 02:48:25am |

ഒരേസമയം 19 യുവതികളുമായി ഡേറ്റ് ചെയ്ത് അവരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത ചൈനീസ് കാമദേവന്‍ ഒടുവില്‍ പോലീസ് പിടിയില്‍. മധ്യചൈനയില്‍ നിന്നുമാണ് ടാന്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. താന്‍ അതിസമ്പന്നനാണെന്ന് കാട്ടിയാണ് ടാന്‍ യുവതികളോട് അടുക്കുന്നത്. അടുപ്പത്തിലായ നാല് യുവതികളില്‍ ഇയാള്‍ക്ക് മക്കളുണ്ട്. രണ്ട് പേര്‍ ഗര്‍ഭിണികളാണ്.

പോഷ് ഗറ്റപ്പിലാണ് ഇയാള്‍ യുവതികള്‍ക്ക് മുന്നിലെത്തുക. വിലകൂടിയ സമ്മാനങ്ങളും ഇയാള്‍ യുവതികള്‍ക്ക് നല്‍കും. തന്റെ കുരുക്കില്‍ കുരുങ്ങിയാല്‍ പിന്നീട് അവരില്‍ നിന്നും പണം വാങ്ങാന്‍ തുടങ്ങും. ഇത്തരത്തില്‍ ലക്ഷങ്ങളാണ് ഓരോരുത്തരും നല്‍കിയത്.

ചൈനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ മകനാണ് താന്‍ എന്ന വ്യാജേനയാണ് ആദ്യത്തെ യുവതിയെ ഇയാള്‍ പരിചയപ്പെട്ടത്. ടാനിന്റെ വലയില്‍ കുടുങ്ങിയ യുവതിയുടെ കാര്‍ വരെ അയാള്‍ കൈക്കലാക്കി. ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോഴും ടാന്‍ ഒപ്പം നിന്നു, എന്നാല്‍ കുട്ടിയുണ്ടായപ്പോള്‍ മുങ്ങിയെന്നും യുവതി പറയുന്നു. രണ്ടാമത്തെ യുവതിയോട് താനൊരു കൊളേജ് വിദ്യാര്‍ഥിയാണെന്നും മാതാപിതാക്കളുമായി അടുപ്പമില്ലെന്നും പറഞ്ഞാണ് അടുത്തത്. അവരില്‍ നിന്നും അകന്നുകഴിയുന്ന തനിക്ക് വ്യവസായം തുടങ്ങാനുള്ള പണം വേണമെന്നായിരുന്നു ആവശ്യം. വിലകൂടിയതെന്ന് വിശ്വസിപ്പിച്ച് വ്യാജ വജ്രമോതിരം നല്‍കിയാണ് രണ്ടാമത്തെ യുവതിയോട് പ്രണയാഭ്യര്‍ഥന നടത്തിയത്. ഇത്തരത്തില്‍ 19 പേരോട് 19 കഥകള്‍ പറഞ്ഞാണ് ടാന്‍ ഒരേ സമയം കാസിനോവ കളിച്ചത്.