യു.എസില്‍ മഴ, വെള്ളപ്പൊക്കം; വൈറ്റ്‌ ഹൗസിനു ചോര്‍ച്ച! ഒരു മണിക്കൂറില്‍ പെയ്‌തത്‌ 12.7 സെന്റി മീറ്റര്‍ മഴ

2019-07-10 02:07:55am |

വാഷിങ്‌ടണ്‍: യു.എസ്‌. തലസ്‌ഥാനമായ വാഷിങ്‌ടണില്‍ പേമാരി. നിരവധി വാഹനങ്ങള്‍ റോഡിലെ വെള്ളക്കെട്ടില്‍ കുടുങ്ങി. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്‌ ഹൗസിന്റെ ബേസ്‌മെന്റ്‌ ഓഫീസുകളില്‍ ചോര്‍ച്ച. വിര്‍ജീനിയയിലെ ആര്‍ലിങ്‌ടണില്‍ ഇന്നലെ രാവിലെ ഒമ്പതു മുതല്‍ പത്തുവരെയുള്ള ഒരു മണിക്കൂറില്‍ 12.7 സെന്റി മീറ്റര്‍ മഴയാണു പെയ്‌തത്‌. റീഗന്‍ ദേശീയ വിമാനത്താവളത്തില്‍ ഇതേസമയം 8.4 സെന്റി മീറ്റര്‍. മഴ പെയ്‌തു.

1958-ല്‍ രേഖപ്പെടുത്തിയ 5.6 സെന്റി മീറ്റര്‍ ആയിരുന്നു ഇവിടെ ഇതിനു മുമ്പത്തെ റെക്കോഡ്‌. അപായസാധ്യതയുണ്ടെന്നും ഉയര്‍ന്ന പ്രദേശങ്ങളിലേക്കു മാറാനും കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്‌ നല്‍കി. മഴയുടെ തോത്‌ രേഖപ്പെടുത്താന്‍ തുടങ്ങിയ 1871-നു ശേഷം ജൂലൈയില്‍ ഇതിലധികം മഴ പെയ്‌ത ആറു ദിവസങ്ങളേ ഉണ്ടായിട്ടുള്ളൂ. വാഷിങ്‌ടണിലെ പ്രധാന റോഡുകളിലെല്ലാം വെള്ളംപൊങ്ങി. ദുരന്തനിവാരണ സേന ലൈഫ്‌ ബോട്ടുകളുമായി ഇറങ്ങി ഒട്ടേറെപ്പേരെ കാറുകളില്‍നിന്നു രക്ഷിച്ചു. വൈറ്റ്‌ ഹൗസിലെ ചോര്‍ച്ചയുടെ ചിത്രങ്ങള്‍ സി.എന്‍.എന്‍. വാര്‍ത്താ ഏജന്‍സിയാണു പുറത്തുവിട്ടത്‌.