യു.എസിൽ 57കാരനെ 18 വളർത്തു നായ്​ക്കൾ ഭക്ഷണമാക്കി! മാസങ്ങളായി കാണാതിരുന്ന 57കാരൻെറ മരണത്തിന്​ പിന്നിലെ കാരണം അന്വേഷിച്ചെത്തിയ പൊലീസ് കണ്ടെത്തിയത്‌

2019-07-12 02:08:08am |

വാഷിങ്​ടൺ: യു.എസിൽ കാണാതായ 57കാരനെ 18 വളർത്തു നായ്​ക്കൾ ഭക്ഷണമാക്കിയെന്ന്​ പൊലീസ്​. ടെക്​സാസിൽ മാസങ്ങളായി കാണാതിരുന്ന 57കാരൻെറ മരണത്തിന്​ പിന്നിലെ കാരണമാണ്​ പൊലീസ്​ കണ്ടെത്തിയത്​​. വീനസിലെ ഉൾപ്രദേശത്തുള്ള വീട്ടിൽ വളർത്തുനായ്​ക്കൾക്കൊപ്പം ഒറ്റക്ക്​ താമസിച്ചിരുന്ന ഫ്രെഡി മാക്ക്​ എന്നയാളിനെയാണ്​ വളർത്തുനായ്​ക്കൾ ഭക്ഷണമാക്കിയത്​. 

മാക്കിനെ കാണാനില്ലെന്ന്​ പരാതി നേരത്തെ പൊലീസിന്​ ലഭിച്ചിരുന്നു. തുടർന്ന്​ നടത്തിയ അന്വേഷണത്തിൽ മാക്കിൻെറ അസ്ഥികഷ്​ണങ്ങൾ കണ്ടെത്തിയിരുന്നു. വളർത്തു നായ്​ക്കളുടെ വിസർജ്യത്തിൽ നിന്ന്​ മനുഷ്യൻെ മുടി കണ്ടെത്തിയതോടെയാണ്​ മാക്കിനെ നായ്​ക്കൾ ഭക്ഷണമാക്കിയെന്ന്​ പൊലീസിന്​ വ്യക്​തമായത്​.

എന്നാൽ, മാക്കിനെ കൊലപ്പെടുത്തിയത്​ വളർത്തു നായ്​ക്കളാണോയെന്ന കാര്യത്തിൽ ഇനിയും വ്യക്​തതയില്ല. ആദ്യം നായ്​ക്കൾ മാക്കിനെ ഭക്ഷണമാക്കിയെന്ന്​ വിശ്വസിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ തയാറായിരുന്നില്ല. പിന്നീട്​ നടത്തിയ വിശദമായ പരിശോധനയിലാണ്​ ഇക്കാര്യം തെളിഞ്ഞത്​.