Latest News

വിമാനത്താവളത്തില്‍ അതിക്രമിച്ചുകയറി കൗമാരാക്കാരന്റെ ഉല്ലാസയാത്ര; മോഷ്ടിച്ചത് രണ്ട് വിമാനങ്ങള്‍; പദ്ധതി പൊളിഞ്ഞതിനാല്‍ ശിക്ഷ പിഴയില്‍ ഒതുങ്ങി; ഒപ്പം പരിശീലന വാഗ്ദാനവും

2019-07-24 02:15:03am |

ബീജിംഗ്: അര്‍ദ്ധരാത്രി വിമാനത്താവളത്തില്‍ അതിക്രമിച്ചു കയറി കൗമാരാക്കാരന്‍ പരീക്ഷണ പറക്കലിനായി മോഷ്ടിച്ചത് രണ്ട് ചെറുവിമാനങ്ങള്‍. കിഴക്കന്‍ ചൈനയിലെ ഴെജിയാങ് പ്രവിശ്യയില്‍ വരുന്ന ഹുഴൂവിലെ വിമാനത്താവളത്തിലാണ് ജൂണ്‍ 15ന് 13കാരന്‍ നുഴഞ്ഞുകയറിയത്. വിമാനങ്ങള്‍ പറത്താനുള്ള ശ്രമം പരാജയപ്പെട്ടുവെങ്കിലും വലിയ ശിക്ഷ നല്‍കാതെ പിഴ ചുമത്തി വിടുകയാണ് അധികൃതര്‍ ചെയ്തത്. മാത്രമല്ല, കൗമാരക്കാരന്റെ ധൈര്യം സമ്മതിച്ചുകൊടുത്ത അധികൃതര്‍ അവന് പൈലറ്റ് പരിശീലനം നല്‍കാനും തീരുമാനിച്ചു.

ആദ്യം ഒരു ചെറുവിമാനം പറത്താനാണ് കുട്ടി ശ്രമിച്ചത്. ഈ ശ്രമം പരാജയപ്പെടുകയും വിമാനത്താവളത്തിന്റെ കൈവരിയില്‍ ഇടിച്ച് നില്‍ക്കുകയും ചെയ്തു. ഇതോടെ രണ്ടാമത്തെ വിമാനത്തില്‍ കയറിയ കുട്ടി, കുറച്ചുസമയം വിമാനം ഗ്രൗണ്ടിലൂടെ ഓടിച്ചു. പിന്നീട് ഉപേക്ഷിച്ച് പോവുകയും ചെയ്തു. വിമാനത്താവളത്തിലെ സിസിടിവിയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

വിമാനത്തിന് കേടുപാടുപറ്റിയെങ്കിലും കുട്ടിക്ക് പരിക്കൊന്നും ഏറ്റിരുന്നില്ല. കേടുപാട് വരുത്തിയതിന് 8,000 യുവാന്‍ പിഴ ഈടാക്കി വിട്ടയക്കുകയാണ് ചെയ്തത്. മാത്രമല്ല, യാതൊരു പരിശീലാനവും കൂടാതെ വിമാനം പറപ്പിക്കാന്‍ കഴിഞ്ഞ കുട്ടിയുടെ വൈഭവത്തില്‍ ആശ്ചര്യപ്പെട്ടിരിക്കുകയാണ് അധികൃതര്‍.

'അവന്‍ മിടുക്കനാണ്, നിരീക്ഷണം കൊണ്ടുമാത്രം ഒരാള്‍ക്ക് പഠിക്കാന്‍ കഴിയുമെന്നത് അസാധ്യമാണ്. വിമാനത്താവളത്തിന് സുരക്ഷ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. അതോടൊപ്പം തന്നെ ഈ കൗമാരാക്കാരന് പൈലറ്റ് പരിശീലനം വാഗ്ദാനം ചെയ്യുന്നതായും' വിമാനത്താവള ഡയറക്ടര്‍ പിയര്‍ ന്യൂസിനോട് പ്രതികരിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ 14ഉം 15ഉം വയസ്സുള്ള രണ്ടു പേരെ ചെറുവിമാനം ാേമഷ്ടിച്ച് പറത്തിയതിന് പിടികൂടിയിരുന്നു.