Latest News

പ്രണയത്തിനായി സ്ഥാനത്യാഗം ചെയ്തു: എട്ടുമാസങ്ങള്‍ മാത്രം പിന്നിട്ട ബന്ധം മുത്തലാഖിലൂടെ വേര്‍പെടുത്തി മലേഷ്യന്‍ രാജാവ്

2019-07-25 02:30:10am |

കോലാലംപൂര്‍: മലേഷ്യന്‍ മുന്‍ രാജാവ് സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന്‍ ഭാര്യയെ മുത്തലാഖിലുടെ മൊഴിചൊല്ലി. മുന്‍ റഷ്യന്‍ സുന്ദരിയായ റിഹാന ഒക്‌സാന ഗോര്‍ബറ്റെന്‍കോയുമായുള്ള വിവാഹബന്ധമാണ് വെറും എട്ടു മാസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ മുത്തലാഖിലൂടെ വേര്‍പെടുത്തിയിരിക്കുന്നത്.

ഇക്കഴിഞ്ഞ ജൂണ്‍ 22 നാണ് മുന്‍ രാജാവ് റിഹാനയെ മുത്തലാഖ് ചൊല്ലിയത്. അദേഹത്തിന്റെ അഭിഭാഷകനാണ് വിവാഹമോചന വാര്‍ത്ത സ്ഥിരീകരിച്ചിരിക്കുന്നത്. മലേഷ്യയിലെ കെന്‍താനിലുള്ള ഇസ്ലാമിക കോടതി വിവാഹമോചനം അംഗീകരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം റിഹാന അംഗീകരിച്ചിട്ടില്ല. ഈ ബന്ധത്തില്‍ രാജാവിന് രണ്ടു മാസം പ്രായമുള്ള കുട്ടിയുമുണ്ട്. എന്നാല്‍ കുട്ടിയുടെ പിതാവ് സുല്‍ത്താന്‍ ആണെന്നതിന് തെളിവുകളില്ലെന്ന് സുല്‍ത്താന്റെ അഭിഭാകന്‍ വാദം ഉയര്‍ത്തിയിട്ടുണ്ട്.

കഴിഞ്ഞ നവംബറിലാണ് 49കാരനായ സുല്‍ത്താന്‍ 25 കാരിയായ മിസ് മോസ്‌കോയെ വിവാഹം കഴിച്ചത്. വിവാഹത്തിന് പിന്നാലെ രാജകുടുംബത്തിലുണ്ടായ അസ്വാരസ്യങ്ങശള തുടര്‍ന്ന് സുല്‍ത്താന്‍ സ്ഥാനത്യാഗം ചെയ്തിരുന്നു. കാലാവധി കഴിയാതെ സ്ഥാനമൊഴിയുന്ന ആദ്യ രാജാവാണ് സുല്‍ത്താന്‍ മുഹമ്മദ്. മലേഷ്യയില്‍ ഭരണാധികാരം പ്രധാനമന്ത്രിയിലും പാര്‍ലമെന്റിലും നിക്ഷിപ്തമാണെങ്കിലും രാജാധികാരത്തിന് മലേഷ്യന്‍ ഭരണഘടന സാധുത നല്‍കിയിട്ടുണ്ട്.