Latest News

മകന്റെ നല്ല ഭാവിയെ കരുതി അതിര്‍ത്തി കടക്കാന്‍ അനുവദിക്കൂ.. സൈനികനു മുന്നില്‍ മുട്ടുകുത്തി പൊട്ടിക്കരയുന്ന അമ്മ; അഭയാര്‍ത്ഥി പ്രവാഹത്തിന്റെ കരളലിയിക്കുന്ന ദൃശ്യം

2019-07-27 02:52:38am |

മെക്‌സിക്കോസിറ്റി: മകന്റെ നല്ല ഭാവിയെ കരുതി അമേരിക്കയിലേക്ക് കടക്കാനെത്തിയതായിരുന്നു ലെറ്റി പെരെസ്. ആറു വയസ്സുകാരന്‍ മകനൊപ്പമാണ് 2,410 കിലോമീറ്ററുകള്‍ താണ്ടി അവര്‍ ഗ്വാട്ടിമാലയില്‍ നിന്നും മെക്‌സിക്കോയില്‍ എത്തിയത്. അതിര്‍ത്തി താണ്ടാന്‍ ഏതാനും അടികള്‍ മാത്രം അവശേഷിക്കേയാണ് ലെറ്റി പെരെസിനെ മെക്‌സിക്കോ സൈനികന്‍ പിടികൂടിയത്. മകന്റെ ഭാവിയെ കരുതി അതിര്‍ത്തി കടക്കാന്‍ അനുവദിക്കൂവെന്ന കരഞ്ഞുപറഞ്ഞ് സൈനികനു മുന്നില്‍ മുട്ടുകുത്തിനില്‍ക്കുന്ന ലെറ്റിയുടെ ചിത്രമാണ് ലോകത്തിനു മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്നത്.

തിങ്കളാഴ്ച അതിര്‍ത്തി നഗരമായ സിയദാദ് ഗൗറെസിലാണ് ലെറ്റിയും മകനും പിടിയിലാകുന്നത്. ഈ സമയം അവിടെയുണ്ടായിരുന്ന റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ ജോസ് ലൂയി ഗോന്‍സലെസ് ആണ് കരളലിയിക്കുന്ന ഈ ദൃശ്യം ലോകത്തിന് തുറന്നുകാട്ടിയത്. അതിര്‍ത്തി കടക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി നാഷണല്‍ ഗാര്‍ഡിലെ ആ ഉദ്യോഗസ്ഥനു മുന്നില്‍ യാചിക്കുകയായിരുന്നു. മകന്‍ അന്തോണി ദിയാസിനെ ചേര്‍ത്തുപിടിച്ചാണ് അവര്‍ കരയുന്നത്. തോക്ക് തോളില്‍ തൂക്കിയിട്ട സൈനികനാകട്ടെ,'മുകളില്‍ നിന്നുള്ള ഉത്തരവാണ്, തനിക്കത് പാലിക്കാനെ കഴിയൂ'വെന്ന നിസ്സഹായതും വെളിപ്പെടുത്തുന്നു.

സൈനികരെ പേര് ഫോട്ടോഗ്രാഫര്‍ വെളിപ്പെടുത്തിയിട്ടില്ല. അതിര്‍ത്തിയില്‍ നിന്ന് നിരവധി ദൃശ്യങ്ങളാണ് റോയിട്ടേഴ്‌സ് ഇതുവരെ പുറത്തുവിട്ടിരിക്കുന്നത്. അവയെല്ലാം സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയുമായിരുന്നു. സൈനിക സ്വഭാവമുള്ള നാഷണല്‍ ഗാര്‍ഡ് പോലീസ് സേന മധ്യ അമേരിക്കന്‍ രാജ്യക്കാരോട് പുലര്‍ത്തുന്ന മനോഭാവം കൂടി വ്യക്തമാക്കുന്നതാണ് ഈ ചിത്രങ്ങള്‍.

അതിര്‍ത്തിയിലെ അഭയാര്‍ത്ഥിപ്രവാഹം തടയാന്‍ നടപടി വേണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് മെക്‌സിക്കന്‍ പ്രസിഡന്റ് അന്‍ഡ്രെസ് മാനുവല്‍ ലോപസ് നാഷണല്‍ ഗാര്‍ഡ് രൂപീകരിച്ചത്. സേനയിലെ മൂന്നിലൊന്ന് അംഗങ്ങളും അതിര്‍ത്തിയില്‍ പട്രോളിംഗിലാണ്. എന്നാല്‍ അഭയാര്‍ത്ഥികളെ നിയന്ത്രിക്കുന്നതിനപ്പുറം അമേരിക്കയെ പ്രീതിപ്പെടുത്താനാണ് നാഷണല്‍ ഗാര്‍ഡിനെ ഉപയോഗിക്കുന്നുവെന്ന വിമര്‍ശനമാണ് പരക്കെ ഉയരുന്നത്.

ചിത്രം പുറത്തുവന്നതോടെ രാജ്യത്തുനിന്നുതന്നെ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. യു.എസിലെ മുന്‍ മെക്‌സിക്കന്‍ അംബാസഡര്‍ അര്‍തുറോ സരുഖാന്‍ ട്വീറ്റ് ചെയ്ത ഈ ചിത്രം മുന്‍ പ്രസിഡന്റ് ഫെലിപെ കാള്‍ഡെറോണ്‍ റീട്വീറ്റ് ചെയ്തു. 'കഷ്ടം, മെക്‌സിക്കോയ്ക്ക് ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

സുരക്ഷ പാലിക്കുന്നതില്‍ നാഷണല്‍ ഗാര്‍ഡ് പുലര്‍ത്തുന്ന ജാഗ്രതയാണ് ചിത്രം കാണിക്കുന്നതെന്നാണ് പ്രസിഡന്റിന്റെ വക്താവ് ജീസസ് റമിറെസ് പറയുന്നത്. അതിര്‍ത്തി കടക്കുന്നതില്‍ നിന്ന് ലെറ്റി പെരെസിനെ സൈനികന്‍ ഒരിക്കലും തടഞ്ഞിട്ടില്ലെന്നും അങ്ങനെ ചെയ്താലുള്ള അപകടത്തെ കുറിച്ച് അവരെ ബോധവതിയാക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.

അതിര്‍ത്തിയില്‍ നാഷണല്‍ ഗാര്‍ഡിനെ നിയോഗിച്ചതോടെ അമേരിക്കയിലേക്കുള്ള അയാര്‍ത്ഥി പ്രവാഹം ജൂണില്‍ മൂന്നിലൊന്നായി കുറഞ്ഞിരുന്നു. 21,000 ഓളം സൈനികരെയാണ് അതിര്‍ത്തിയില്‍ നിയോഗിച്ചിരിക്കുന്നത്. അതിര്‍ത്തിയിലെ സുരക്ഷ വര്‍ധിപ്പിക്കണമെന്നാണ് ട്രംപ് ബുധനാഴ്ച ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇതിനോട് മെക്‌സിക്കോ വിദേശകാര്യമന്ത്രി പ്രതികരിച്ചിട്ടില്ല.

ബാലിസ്റ്റിക് ഹെല്‍മറ്റും ശരീരത്തെ പൊതിയുന്ന പടച്ചട്ടയും ധരിച്ച് തോക്കുകളും പിടിച്ചാണ് നാഷണല്‍ ഗാര്‍ഡ് അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്തുന്നത്. അതിര്‍ത്തിയിലെ നദീതീരത്തുകൂടെ നടക്കുന്നതിനിടെയാണ് സൈനികന്റെ പിടിയിലായ ഒരു പറ്റം അഭയാര്‍ത്ഥികളെ ഫോട്ടോഗ്രാഫറുടെ ശ്രദ്ധയില്‍പെടുന്നത്. യുവതിയും മകനും ഈ സംഘത്തില്‍പെട്ടതായിരുന്നു. സൈനികന്റെ ശ്രദ്ധമാറിയതോടെ മകനുമൊത്ത് നദിക്കരയിലെ കുറ്റിക്കാട്ടില്‍ ഒളിക്കാന്‍ ശ്രമിക്കുന്ന യുവതി അയാള്‍ മാറിയതോടെ നദിയുടെ മറുകരയിലേക്ക് ഓടി രക്ഷപ്പെടുന്നതും അവിടെ വച്ച് യു.എസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ അധികാരികള്‍ ഇവരെ കസ്റ്റഡിയിലെടുക്കുന്നതും ഫോട്ടോഗ്രാഫര്‍ കണ്ടു.

'അഭയാര്‍ത്ഥികളായ മനുഷ്യരുടെ എല്ലാ ദൈന്യതകളും അവളുടെ മുഖത്ത് പ്രകടമായിരുന്നു. എന്തുകൊണ്ടാണ് സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികള്‍ ജീവിക്കാന്‍ തയ്യാറാകാത്തത് എന്നാണ് അവരെ വിലയിരുത്തുന്ന ചില ആളുകള്‍ ചോദിക്കുന്നത്. അവര്‍ എന്തിനാണ് ഇവിടെ വരുന്നതെന്നും അമേരിക്കന്‍ അതിര്‍ത്തി കടക്കുന്നതെന്നുമാര്‍ അവര്‍ ചോദിക്കുന്നത്.... എല്ലാ അഭയാര്‍ത്ഥിക്കും പറയാന്‍ ഓരോ കഥയുണ്ട്.' ഫോട്ടോഗ്രാഫര്‍ ജോസ് ലൂയി ഗോന്‍സലെസ് പറയുന്നു.