Latest News

സൗദിയില്‍ സ്‌പോണ്‍സര്‍ മരിച്ചു, സ്‌പോണ്‍സര്‍ മൂന്നു വിവാഹം കഴിച്ചതിനാല്‍ അനന്തരാവകാശികളായി മൂന്നു ഭാര്യമാരും ഒമ്പത്‌ മക്കളും; നാടുകാണാനാകാതെ മലയാളി

2019-08-03 03:08:44am |

റിയാദ്‌: സൗദി അറേബ്യയിലെ റിയാദില്‍ തൊഴിലുടമ മരിച്ചതിനെത്തുടര്‍ന്ന്‌ നാട്ടില്‍ പോകാന്‍ കഴിയാതെ മലയാളി ഹൗസ്‌ ഡ്രൈവര്‍. കൊല്ലം കൊട്ടാരക്കര മാവടി പൂവറ്റൂര്‍ പടിഞ്ഞാറ്‌ സ്വദേശി മനോജ്‌ കുമാറാണു നിയമകുരുക്കില്‍പ്പെട്ടു കഴിയുന്നത്‌. ഒമ്പതുവര്‍ഷമായി റിയാദ്‌ മലസിലെ വീട്ടില്‍ ഡ്രൈവറായി ജോലിചെയ്യുകയാണു മനോജ്‌ കുമാര്‍. മറ്റൊരാളുടെ പേരിലേക്കു സ്‌പോണ്‍സര്‍ഷിപ്‌ മാറ്റണമെങ്കില്‍ സ്‌പോണ്‍സറുടെ അനന്തരാവകാശികള്‍ കോടതിയില്‍ സത്യവാങ്‌മൂലം നല്‍കണം. സ്‌പോണ്‍സര്‍ മൂന്നു വിവാഹം കഴിച്ചതിനാല്‍ അനന്തരാവകാശികളായി മൂന്നു ഭാര്യമാരും ഒമ്പത്‌ മക്കളുമുണ്ട്‌.

സ്വത്തിന്റെ പേരില്‍ കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്‌. കേസ്‌ കോടതിയിലുമാണ്‌. കുടുംബാംഗങ്ങള്‍ തമ്മിലെ സ്വരച്ചേര്‍ച്ചയില്ലായ്‌മയാണ്‌ മനോജിന്‌ വിനയായത്‌. തനിക്കുവേണ്ടി ആരും കോടതിയില്‍വന്ന്‌ ഒപ്പിടാന്‍ തയാറാകുന്നില്ലെന്നു മനോജ്‌ പറയുന്നു. ഒരു കൂട്ടര്‍ വരാന്‍ തയാറായാല്‍തന്നെ അടുത്ത കൂട്ടര്‍ എതിരുനില്‍ക്കുകയാണ്‌ പതിവ്‌.

സ്‌പോണ്‍സറുടെ ഒരു ഭാര്യയുടെ കുടുംബത്തോടൊപ്പമാണ്‌ ഇപ്പോള്‍ മനോജ്‌ ജോലി ചെയ്യുന്നത്‌. തങ്ങളുടെ പേരിലേക്ക്‌ സ്‌പോണ്‍സര്‍ഷിപ്‌ മാറ്റാനും സ്‌ഥിരം ജീവനക്കാരനായി നിലനിര്‍ത്താനും അവര്‍ക്കു താല്‍പര്യമുണ്ട്‌. എന്നാല്‍, തര്‍ക്കംകാരണം മറ്റുള്ളവര്‍ സമ്മതിക്കുന്നില്ല. അതിനാല്‍ താമസാനുമതി രേഖ ( ഇഖാമ )പുതുക്കാന്‍പോലും കഴിയാത്ത അവസ്‌ഥയിലാണ്‌. ഇതിനിടെ അസുഖബാധിതനുമായി. നാട്ടില്‍പോയി ചികിത്സ തേടേണ്ടതുമുണ്ട്‌. സാമൂഹിക പ്രവര്‍ത്തകനായ റാഫി പാങ്ങോടിന്റെ സഹായത്തോടെ എംബസിയിലും തൊഴില്‍കാര്യാലയത്തിലും ഗവര്‍ണറേറ്റിലും പരാതി സമര്‍പ്പിക്കാനാണു മനോജിന്റെ തീരുമാനം.