Latest News

സൗദി തൊഴില്‍ നിയമാവലിയില്‍ മാറ്റം; പിഴ പതിനായിരങ്ങളിലേക്ക്‌ , വിസക്കച്ചവടത്തിനു പിഴ അരലക്ഷം റിയാല്‍

2019-08-05 02:22:57am |

ജിദ്ദ: സൗദി അറേബ്യയില്‍ വിസക്കച്ചവടം നടത്തുന്നവര്‍ക്കും ഇടനിലക്കാരാകുന്നവര്‍ക്കും പിഴ അര ലക്ഷം റിയാലായി ഉയര്‍ത്തി. തൊഴില്‍ നിയമാവലിയില്‍ വരുത്തിയ മാറ്റങ്ങള്‍ക്കനുസൃതമായാണു പിഴത്തുക കൂട്ടിയത്‌. ഒരു വിസയ്‌ക്കുള്ള ശിക്ഷയാണ്‌ ഇത്‌. വില്‍പന നടത്തുന്ന വിസകളുടെ എണ്ണം കൂടുന്നതനുസരിച്ച്‌ പിഴത്തുക ഇരട്ടിക്കും.

വിസകളും സേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നതിന്‌ വ്യാജ വിവരങ്ങള്‍സമര്‍പ്പിക്കല്‍, വനിതാ ജീവനക്കാരുടെ സ്വകാര്യതയും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിന്‌ ആവശ്യമായ തൊഴില്‍ സാഹചര്യം ഒരുക്കാതിരിക്കല്‍, ആശ്രിത വിസയിലുള്ളവരെ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കാതെ ജോലിക്കുവയ്‌ക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക്‌ 25,000 റിയാല്‍ പിഴ ചുമത്തും.

വനിതകളെ ജോലിക്കു വയ്‌ക്കുന്ന സ്‌ഥാപനങ്ങളില്‍ ഇലക്‌ട്രോണിക്‌ സെക്യൂരിറ്റി സംവിധാനം ഏര്‍പ്പെടുത്താതിരിക്കുക, വനിതാ ജീവനക്കാര്‍ക്ക്‌ നമസ്‌കാരം നിര്‍വഹിക്കുന്നതിന്‌ പ്രത്യേക സ്‌ഥലം ഒരുക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക്‌ 20,000 റിയാല്‍ പിഴ ഈടാക്കും. വര്‍ക്‌ പെര്‍മിറ്റ്‌ നേടാത്ത വിദേശ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച്‌ തൊഴിലുടമകള്‍ പലമടങ്ങ്‌ പിഴ നല്‍കേണ്ടിവരും. ഒരു ഷിഫ്‌റ്റില്‍ രണ്ടില്‍ കുറവ്‌ വനിതകളെ ജോലിക്കു വയ്‌ക്കുക, ഒരേ സ്‌ഥലത്ത്‌ സ്‌ത്രീകളെയും പുരുഷന്മാരെയും ഒരുമിച്ച്‌ ജോലിക്കു വയ്‌ക്കുക, തൊഴിലാളികളെ നിര്‍ബന്ധിച്ച്‌ ജോലി ചെയ്യിക്കുക എന്നീ നിയമ ലംഘനങ്ങള്‍ക്ക്‌ 15,000 റിയാലാണു പിഴ.

പ്രസവത്തിനു ശേഷമുള്ള ആറാഴ്‌ചക്കാലത്ത്‌ വനിതാ ജീവനക്കാരെക്കൊണ്ട്‌ ജോലി ചെയ്യിക്കുകയോ ഉപയോക്‌താക്കളെ സ്വീകരിക്കുന്ന സ്‌ഥാപനങ്ങളില്‍ വനിതകളെ ജോലിക്കു വയ്‌ക്കുന്നതിനുള്ള വ്യവസ്‌ഥകള്‍ പാലിക്കാതിരിക്കുകയോ സ്‌ഥാപനത്തിന്‌ ലേബര്‍ ഓഫീസില്‍ ഫയല്‍ തുറക്കാതിരിക്കുകയോ വനിതാവല്‍ക്കരിച്ച തൊഴിലുകളില്‍ പുരുഷ ജീവനക്കാരെ ജോലിക്കു വയ്‌ക്കുകയോ ചെയ്‌താല്‍ 10,000 റിയാല്‍ മുതലാണു പിഴ.