ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ സൗന്ദര്യ റാണിയായി ശ്യാമ

2017-06-17 03:40:17am |

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള സൗന്ദര്യ റാണിയായി ശ്യാമ. കൊച്ചിയില്‍ നടന്ന സൗന്ദര്യ മത്സരത്തില്‍ പതിനാല് മത്സരാര്‍ത്ഥികളെ പിന്തള്ളി ശ്യാമ കിരീടം ചൂടി. കേരള എത്‌നിക്, ഡിസൈനര്‍ സാരി, ഗൗണ്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് സൗന്ദര്യ മത്സരം നടന്നത്. അവസാന റൗണ്ടില്‍ ആറ് മത്സരാര്‍ത്ഥികളുണ്ടായിരുന്നു.

25കാരിയായ ശ്യാമ മലയാളം ബിരുദാനന്തര ബിരുദധാരിയാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് നേടിയ ആദ്യ വ്യക്തി കൂടിയാണ് ശ്യാമ. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ നേതൃത്വത്തില്‍ നടത്തിയ സൗന്ദര്യ മത്സരം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്, നടിയും മുന്‍ മിസ് ഇന്ത്യയുമായ പാര്‍വതി ഓമനക്കുട്ടന്‍, ഡോ. പോള്‍ മാണി, ഡോ. സാം എന്നിവരായിരുന്നു വിധി കര്‍ത്താക്കള്‍. ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന നിലയില്‍ ഒരു കുട്ടിയെ ദത്തെടുത്താല്‍ ആണ്‍കുട്ടിയെയോ പെണ്‍കുട്ടിയെയോ എന്നതായിരുന്നു അവസാന റൗണ്ടില്‍ മത്സരാര്‍ത്ഥികള്‍ നേരിട്ട ചോദ്യം. മറ്റൊല്ലാ മത്സരാര്‍ത്ഥികളും പെണ്‍കുട്ടി എന്ന് ഉത്തരം നല്‍കിയപ്പോള്‍ ആണ്‍കുട്ടിയെ ദത്തെടുക്കുമെന്നായിരുന്നു ശ്യാമയുടെ മറുപടി.

Transgender beauty queen  , Shyama

കാരണം ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ അപമാനിക്കുന്നതില്‍ ഭൂരിപക്ഷവും ആണുങ്ങളാണ്, അതുകൊണ്ടു തന്നെ ഒരു ആണ്‍കുട്ടിയെ ദത്തെടുത്ത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനോട് എങ്ങനെ പെരുമാറണമെന്ന് അവനെ പഠിപ്പിക്കുമെന്ന് ശ്യാമ മറുപടി നല്‍കി. മറ്റ് മത്സരാര്‍ത്ഥികളില്‍ നിന്നും വ്യത്യസ്തമായി നല്‍കിയ ഉത്തരം തന്നെയാകാം ശ്യാമയെ വിജയിയാക്കിയത്.