സഹജീവനക്കാരിയുമായി അടുപ്പം ; സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനു പോലീസിന്റെ മൂന്നാംമുറ ; യുവാവിനു സംസാരശേഷി നഷ്ടപ്പെട്ടു ?

2017-07-15 03:07:41am |

കൊല്ലം: യുവതിയുമായുള്ള പ്രണയത്തിന്റെ പേരില്‍ സ്വകാര്യ ആശുപത്രി ജീവനക്കാരനു നേരേ പോലീസിന്റെ മൂന്നാംമുറ. കൊല്ലം മുഖത്തല താഴംപണ വീട്ടില്‍ ദിനേശി(28)നെയാണു സ്‌റ്റേഷനില്‍ മര്‍ദിച്ചത്. പീഡനത്തെത്തുടര്‍ന്നു യുവാവിനു സംസാരശേഷി നഷ്ടപ്പെട്ടെന്നു പരാതി. മര്‍ദനത്തിനു ശേഷം പോലീസുകാര്‍ ഇയാളുടെ ശരീരത്തില്‍ മരുന്നു കുത്തിവച്ചെന്നും പരാതിയുണ്ട്. ഇരവിപുരം സി.ഐ: പങ്കജാക്ഷന്റെ നേതൃത്വത്തിലാണു മൂന്നാംമുറയ്ക്ക് ഇരയാക്കിയതെന്നു മജിസ്‌ട്രേറ്റ് മുമ്പാകെ ദിനേശ് മൊഴി നല്‍കി.

കഴിഞ്ഞ അഞ്ചിനായിരുന്നു സംഭവം. ദിനേശ് ജോലി ചെയ്യുന്ന കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയുമായാണ് അടുപ്പമുള്ളത്. ഈ ബന്ധം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തു. എന്നിട്ടും ഇതില്‍ നിന്നു പിന്തിരിയാന്‍ യുവതി തയാറായില്ല. ഇതിനിടെ, ദിനേശിനെതിരേ യുവതിയുടെ മാതാവ് ഇരവിപുരം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.

യുവതിയുടെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നായിരുന്നു പരാതി. ഇതേത്തുടര്‍ന്ന് അറസ്റ്റിലായ യുവാവിനെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തിരുന്നു. ഈ കാലാവധി കഴിഞ്ഞതിനാല്‍ കഴിഞ്ഞ അഞ്ചിന് ദിനേശ് ജാമ്യത്തിലിറങ്ങി. അന്നു രാത്രി വീട്ടിലെത്തിയ പോലീസ്, ദിനേശിനെ സ്‌റ്റേഷനിലേക്കു കൂട്ടിക്കൊണ്ടു പോയി. അവിടെ എത്തിയതോടെ യുവതിയുടെ നഗ്‌നചിത്രം എടുത്തിട്ടുണ്ടോയെന്നു ചോദിച്ച് സി.ഐ. ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പിന്നീട് ഇയാളെ ബാത്ത്‌റൂമില്‍ കൊണ്ടുപോയി തറയില്‍ കിടത്തി. ചൂരല്‍ ഉപയോഗിച്ചു പാദങ്ങളില്‍ അടിക്കുകയും ബാത്ത്‌റൂമിലിരുന്ന വടികൊണ്ടു കുത്തുകയും ചെയ്തു.

ജയിലില്‍ കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതിയുമായി ഗൂഢാലോചന നടത്തിയെന്ന കള്ളക്കേസിന്റെ അടിസ്ഥാനത്തിലായിരുന്നു ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും കസ്റ്റഡിയിലെടുത്തത്. എന്നാല്‍, യുവാവിനെ എട്ടിനു െവെകിട്ടാണ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്. യുവാവിനെ കണ്ടയുടന്‍ പ്രതിയെ മര്‍ദിച്ചിട്ടുണ്ടോയെന്ന് മജിസ്‌ട്രേറ്റ് പോലീസിനോട് ചോദിച്ചു. ഇതു നിഷേധിച്ച പോലീസുകാരോട് പുറത്തുനില്‍ക്കാന്‍ അദ്ദേഹം പറഞ്ഞു. ഇതിനുശേഷം തന്നെ മര്‍ദിച്ചതായി ദിനേശ് മജിസ്‌ട്രേറ്റിനെ അറിയിച്ചു. തുടര്‍ന്നു യുവാവിനോടു സംഭവിച്ച കാര്യങ്ങള്‍ വിവരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

സംസാരശേഷി ഭാഗികമായി നഷ്ടപ്പെട്ട ദിനേശ് ഏറെ ബുദ്ധിമുട്ടിയാണു മൊഴി നല്‍കിയത്. ഇതിനു ശേഷം വിദഗ്ധ ചികിത്സ നല്‍കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചു. പിന്നീടു യുവാവിനെ ചികിത്സയ്ക്കായി കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണു സംസാരശേഷി പൂര്‍ണമായി നഷ്ടപ്പെട്ടതായി അറിയുന്നത്. എന്നാല്‍, നിരവധി പീഡനക്കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും പെണ്‍കുട്ടിയെ നിരവധി തവണ ശല്യം ചെയ്‌തെന്ന പരാതിയില്‍ അറസ്റ്റ് മാത്രമാണുണ്ടായതെന്നുമാണ് പോലീസ് ഭാഷ്യം.