Latest News

അമ്മയുടെ കണ്ണീരോര്‍മകളില്‍ മീനാക്ഷി കണ്ടു അച്‌ഛനെ, സിയാച്ചിനില്‍ വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യക്കു നിയമനം വൈകുന്നു

2017-08-10 01:38:34am |

കൊച്ചി: സാലുമോളുടെ കൈപിടിച്ച്‌ ഒന്നര വയസുകാരി മീനാക്ഷിയെത്തി, ഒരിക്കലും കണ്ടിട്ടില്ലാത്ത, രാജ്യസുരക്ഷാ ദൗത്യത്തിനിടെ വീരമൃത്യു വരിച്ച അച്‌ഛന്റെ ജീവിതം ആസ്‌പദമാക്കിയെടുത്ത ഹ്രസ്വചിത്രം കാണാന്‍. സിയാച്ചിനില്‍ ഹിമപാതത്തില്‍ മരിച്ച സൈനികന്‍ സുധീഷിന്റെ ഓര്‍മകള്‍ നിറഞ്ഞ വേദിയില്‍ വിതുമ്പലൊതുക്കിയ ഹൃദയവുമായാണു ഭാര്യ സാലുമോളും മകള്‍ മീനാക്ഷിയും ആദരവ്‌ ഏറ്റുവാങ്ങിയത്‌. അമ്മയുടെ കണ്ണീരോര്‍മ്മകള്‍ക്കു മുന്നില്‍ മീനാക്ഷി ഫോട്ടോയ്‌ക്കു പോസ്‌ ചെയ്‌തു.

2016 ഫെബ്രുവരി മൂന്നിനു സിയാച്ചിനില്‍ മഞ്ഞുമലയിടിഞ്ഞുവീണു മരിച്ച ജവാന്‍ കൊല്ലം മണ്‍റോത്തുരുത്ത്‌ കൊച്ചടുക്കത്ത്‌ വീട്ടില്‍ ബി. സുധീഷിന്റെ സ്‌മരണയ്‌ക്കായി ഒരുക്കിയ ഹ്രസ്വചിത്രത്തിന്റെ പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കാനാണു സുധീഷിന്റെ പിതാവ്‌ ബ്രഹ്‌മപുത്രനൊപ്പം സാലുമോളും മീനാക്ഷിയുമെത്തിയത്‌. മീനാക്ഷി ജനിച്ചു നാലു മാസമായപ്പോഴാണ്‌, മകളെ ഒരു നോക്കുകാണാനാകാതെ സുധീഷ്‌ വീരമൃത്യു വരിച്ചത്‌. 22 വയസുള്ള ഭാര്യ സാലുമോളുടെ ജീവിതം ഇപ്പോള്‍ മകള്‍ക്കു വേണ്ടിയാണ്‌. സുധീഷിന്റെ മാതാപിതാക്കളായ ബ്രഹ്‌മപുത്രനും പുഷ്‌പവല്ലിക്കുമൊപ്പമാണ്‌ സാലുമോള്‍ താമസിക്കുന്നത്‌.

ആശ്രിതനിയമനം വഴി സംസ്‌ഥാന സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌ത ജോലി ലഭിക്കാത്തതാണ്‌ ഈ കുടുംബത്തെ ദുരിതത്തിലാക്കുന്നത്‌. അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കി സാലുമോള്‍ക്ക്‌ ഉടന്‍ നിയമനം നല്‍കുമെന്ന്‌ ഉറപ്പുനല്‍കിയിരുന്നതായി ബ്രഹ്‌മപുത്രന്‍ പറഞ്ഞു. ഇതുസംബന്ധിച്ച്‌ ഉത്തരവുമിറക്കിയിരുന്നു. തുടര്‍ന്ന്‌ എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ നിയമനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബാംഗങ്ങള്‍ നേരില്‍കണ്ടിരുന്നു. അടിയന്തരമായി പരിഗണിക്കാം എന്നു പറഞ്ഞതല്ലാതെ തുടര്‍നടപടികള്‍ എന്തായി എന്നതിനെക്കുറിച്ച്‌ ഈ കുടുംബത്തിനു വ്യക്‌തതയില്ല. നാട്ടില്‍ ജോലി കിട്ടുമെന്ന പ്രതീക്ഷയില്‍, വീരമൃത്യു വരിച്ച ജവാന്മാരുടെ ആശ്രിതര്‍ക്കു ലഭിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ജോലിക്ക്‌ അപേക്ഷ നല്‍കിയതുമില്ല.

കൊല്ലം എസ്‌.എന്‍. കോളജില്‍നിന്നു ബോട്ടണി ബിരുദം നേടിയ സാലുമോള്‍ക്ക്‌ ഫിഷറീസ്‌ വകുപ്പില്‍ നിയമനം നല്‍കാമെന്നു മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞിരുന്നെങ്കിലും തീരുമാനം വൈകുന്നത്‌ ഈ കുടുംബത്തെ ആശങ്കയിലാക്കുന്നു. ബ്രഹ്‌മപുത്രന്റെ മറ്റൊരു മകനും സൈന്യത്തിലാണ്‌. മകള്‍ സുരേഖ കുണ്ടറ കെ.എസ്‌.എഫ്‌.ഇയില്‍ ജോലി ചെയ്യുന്നു.

ദി ആര്‍ട്ടിസ്‌റ്റ്‌ സിനി പ്രഡക്ഷന്‍സിന്റെ ബാനറില്‍ ജി.എസ്‌. ശ്രീകാന്ത്‌ നിര്‍മിച്ച്‌ ദേവ്‌ ജി. ദേവന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഹ്രസ്വചിത്രമാണ്‌ ഭാരതീയന്‍ ഇന്ത്യന്‍ സൈനികന്‍. എറണാകുളം സെന്റ്‌ തേരേസാസ്‌ കോളജില്‍ നടന്ന ചടങ്ങില്‍ നടന്‍ ജയറാമും സംവിധായകന്‍ മേജര്‍ രവിയും സംയുക്‌തമായി ചിത്രം പ്രകാശനം ചെയ്‌തു. സീമാ ജി. നായര്‍, ജയിംസ്‌ പാറക്കല്‍, ജോയ്‌ ജോണ്‍ ആന്റണി, സരിത ബാലകൃഷ്‌ണന്‍, ഷഫീഖ്‌ മൊഹമ്മദ്‌, ബിജു അഗസ്‌റ്റിന്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.