Latest News

പോലീസ് തനിക്കെതിരേ തെളിവുകള്‍ കൃത്രിമമായി ചമയ്ക്കുന്നു; നടിയും കുടുംബാംഗങ്ങളും ഇതുവരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് ദിലീപ്

2017-08-11 03:04:55am |

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന പോലീസ് മേധാവി ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയെയും അന്വേഷണ ഉദ്യോഗസ്ഥ എ.ഡി.ജി.പി: ബി. സന്ധ്യയേയും വെട്ടിലാക്കി ഗൂഢാലോചനക്കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപ് െഹെക്കോടതിയില്‍ പുതിയ ജാമ്യാപേക്ഷ നല്‍കി. ജയിലില്‍നിന്നു പള്‍സര്‍ സുനി ഫോണ്‍വിളിച്ച അന്നുതന്നെ അക്കാര്യം ഡി.ജി.പി. ലോക്‌നാഥ് ബഹ്‌റയുടെ 9654409230 എന്ന സ്വകാര്യ ഫോണ്‍നമ്പറില്‍ വിളിച്ചറിയിച്ചതായി അഡ്വ. ബി. രാമന്‍പിള്ള മുഖാന്തരം സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ ദിലീപ് പറയുന്നു.

സുനിയുടെ കത്ത് അന്നുതന്നെ വാട്‌സ്ആപ്പില്‍ ഡി.ജി.പിക്ക് അയച്ചിരുന്നു. ഫോണ്‍കോള്‍ കിട്ടിയശേഷം 20 ദിവസം കഴിഞ്ഞാണ് ദിലീപ് പരാതി നല്‍കിയതെന്ന പോലീസിന്റെ നിലപാടിനെതിരേയാണ് രാമന്‍പിള്ളയുടെ വാദം. ചെറുതെങ്കിലും സിനിമാരംഗത്തെ ശക്തരായ ഒരു വിഭാഗത്തിന്റെ ഗൂഢാലോചനയുടെ ഇരയാണ് താനെന്ന് ജാമ്യഹര്‍ജിയില്‍ ദിലീപ് ആരോപിക്കുന്നു. മാധ്യമങ്ങളെയും പോലീസിനെയും രാഷ്ട്രീയ നേതാക്കളെയും ഇവര്‍ സ്വാധീനിച്ചിട്ടുണ്ട്. താന്‍ അറസ്റ്റിലായതോടെ ചിത്രീകരണം പൂര്‍ത്തിയായതും പൂര്‍ത്തിയാക്കാനുള്ളതുമായ സിനിമകള്‍ അനിശ്ചിതത്വത്തിലായി. 50 കോടിയോളം രൂപ മുതല്‍മുടക്കുള്ള ചിത്രങ്ങളാണിവ. ഈ സിനിമകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ ഉപജീവനത്തെയും ഇത് ബാധിച്ചിട്ടുണ്ട്. അതിക്രമത്തിനെതിരായി നടിയോ കുടുംബാംഗങ്ങളോ തനിക്കെതിരേ ആരോപണം ഉന്നയിച്ചിട്ടില്ല.

നടിയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊെബെല്‍ ഫോണ്‍ കണ്ടെത്തിയിട്ടില്ലെന്ന കാരണത്താല്‍ തനിക്ക് ജാമ്യം നിഷേധിക്കാനാവില്ല. മൊെബെല്‍ ഫോണ്‍ നശിപ്പിച്ചതായി കേസില്‍ പ്രതികളായ അഭിഭാഷകര്‍ മൊഴി നല്‍കിയിട്ടുണ്ട്. മേയ് രണ്ടിനും ഈ മാസം എട്ടിനും നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടുകളില്‍ മെമ്മറി കാര്‍ഡിനേപ്പറ്റി പറയുന്നില്ല. തന്റെ മാനേജര്‍ അപ്പുണ്ണിയെ വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. മുന്‍ പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍ അന്വേഷനത്തിനെതിരേ നടത്തിയ പരാമര്‍ശങ്ങളും എഴുപതില്‍പരം പേജുള്ള ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. തനിക്കെതിരായ മൊഴികള്‍, പോലീസ് കൃത്രിമമായി ചമച്ചതാണ്. പള്‍സര്‍ സുനിയുടേതു പണം തട്ടാനുള്ള ഗൂഢാലോചനയാണ്.

ഒന്നരക്കോടി വാഗ്ദാനം നല്‍കി പതിനായിരം അഡ്വാന്‍സ് നല്‍കിയെന്നത് അവിശ്വസനീയമാണ്. ജീവിതത്തിലൊരിക്കല്‍ പോലും പള്‍സര്‍ സുനിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. പേരുപോലും പരിചയമില്ല. സമാന കുറ്റകൃത്യത്തില്‍ സുനി മുമ്പും ഏര്‍പ്പെട്ടിട്ടുണ്ട്. അന്ന് പരാതി ഉയരാത്തതിനാലാണ് നിലവിലെ കുറ്റകൃത്യത്തിന് ഇയാളെ പ്രേരിപ്പിച്ചതെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. സൂപ്പര്‍ സ്റ്റാറായ ഒരു വ്യക്തിയുടെ മുറിയിലേക്ക് ഡ്രൈവര്‍ വന്ന് ഗൂഢാലോചന നടത്തിയെന്ന ആരോപണം ബാലിശമാണ്.

ഒരേ ഹോട്ടലില്‍ റിഹേഴ്സല്‍ നടക്കുമ്പോള്‍ നടന്‍ മുകേഷിന്റെ ഡ്രൈവറായിരുന്ന സുനിയും താനും ഒരേ ടവര്‍ ലൊക്കേഷനില്‍ വന്നുവെന്നതില്‍ കഴമ്പില്ല. അപ്പോള്‍ അവിടെ അയാളും ഉണ്ടായിരിക്കാം. പള്‍സര്‍ സുനിയുമായി താന്‍ ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവില്ല. പോലീസിനെ കബളിപ്പിക്കുന്ന രീതിയാണ് മൊെബെല്‍ ഫോണ്‍ ഒളിപ്പിച്ച കാര്യത്തില്‍ സുനി തുടരുന്നത്. വിശദമായ അന്വേഷണത്തിനുശേഷമാണ് കേസില്‍ കോടതി ആദ്യം കുറ്റപത്രം സമര്‍പ്പിച്ചത്. 164 സാക്ഷിമൊഴികള്‍ ഉള്‍പ്പെടെയുള്ള അന്തിമ റിപ്പോര്‍ട്ടാണ് പള്‍സര്‍ സുനിക്കും മറ്റുമെതിരേ പോലീസ് സമര്‍പ്പിച്ചത്. അന്വേഷണ റിപ്പോര്‍ട്ടില്‍ ഒരിടത്തും തനിക്കെതിരേ പരാമര്‍ശമില്ല.

കഠിന പ്രയത്നത്തിലൂടെ സിനിമാരംഗത്തുവന്ന താന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മറ്റും നടത്തുന്നുവെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. പോലീസിന്റെ അന്വേഷണവുമായി താന്‍ ഇതുവരെ പൂര്‍ണമായി സഹകരിച്ചു. എന്നാല്‍ പോലീസ് തന്റെ ഭാഗം കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നും ഈ അവസരത്തില്‍ ജാമ്യം നല്‍കണമെന്നും ദിലീപ് ആവശ്യപ്പെടുന്നു.