Latest News

സമ്പാദിച്ചതെല്ലാം ഭര്‍ത്താവിനോടൊപ്പം ആഘോഷിച്ചു തീര്‍ത്തു, ഇന്ന് ജീവിക്കാന്‍ യാതൊരു മാര്‍ഗവുമില്ല: നടി ചാര്‍മിള പറയുന്നു

2018-04-10 02:07:37am |

ഒരു ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേയ്ക്കു തിരിച്ചു വരികയാണ് ചാര്‍മിള. ചിത്രീകരണം നടക്കുന്ന 'കൊച്ചിന്‍ ശാദി ചെന്നൈ 03' എന്ന ചിത്രത്തിലാണു ചാര്‍മിള ഇപ്പോള്‍ അഭിനയിക്കുന്നത്. സിനിമയില്‍ നിന്നു സമ്പാദിച്ചതെല്ലാം ഭര്‍ത്താവിനൊപ്പം ആഘോഷിച്ചു തീര്‍ത്തും എന്നും ഇപ്പോള്‍ ജീവിക്കാന്‍ ഒരു മാര്‍ഗവും ഇല്ല എന്നും ഓര്‍മിള പറയുന്നു. സിനിമ മംഗളത്തിനു നല്‍കിയ അഭിമുഖത്തില്‍ ചാര്‍മിള പറഞ്ഞത് ഇങ്ങനെ.

43 മലയാള സിനിമകളിലാണ് ഞാന്‍ അഭിനയിച്ചത്. ഇതില്‍ 38 സിനിമകളിലും ഞാനായിരുന്നു നായിക. തമിഴില്‍ 22 ചിത്രങ്ങളില്‍ 11-ലും നായികയായി. കന്നടത്തിലും തെലുങ്കിലും ഓരോ ചിത്രങ്ങളില്‍ നായികയായി. നല്ലൊരു സമ്പാദ്യം തന്നെ എനിക്കുണ്ടായിരുന്നു. എന്റെ ജീവിതത്തില്‍ ഓരോ ഘട്ടങ്ങളിലുമുണ്ടായ നിരാശ എന്നെ കൂടുതല്‍ തളര്‍ത്തുകയായിരുന്നു. സമ്പാദിച്ചതെല്ലാം ഭര്‍ത്താവിനോടൊപ്പം ആഘോഷിച്ചു തീര്‍ത്തു. സത്യത്തില്‍ ജീവിതം ഒരുതരം ആഘോഷം തന്നെയാക്കി മാറ്റുകയായിരുന്നു. സാലിഗ്രാമത്തിലുണ്ടായിരുന്ന എന്റെ ഫ്‌ളാറ്റ് വില്‍ക്കേണ്ടിവന്നു. ഞാന്‍ കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെടുകയായിരുന്നു. അടുത്തകാലത്താണ് ഭര്‍ത്താവായിരുന്ന രാജേഷുമായുള്ള ഡൈവേഴ്‌സ് നടന്നത്. ഇപ്പോള്‍ ജീവിക്കാന്‍ ബുദ്ധിമുട്ടിയ അവസ്ഥയിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്.

ഇന്ന് ജീവിക്കാന്‍ എനിക്ക് യാതൊരുവിധ മാര്‍ഗ്ഗവുമില്ല. ചെന്നൈയിലെ വിരുഗംപാക്കത്ത് ലീസിനെടുത്ത വീട്ടിലാണ് താമസിക്കുന്നത്. അമ്മ പൂര്‍ണ്ണമായും കിടപ്പിലാണ്. ഞാന്‍ ഷൂട്ടിംഗിനായി വരുമ്പോള്‍ അമ്മയെ പരിചരിക്കാനും മറ്റുമായി പതിനായിരം രൂപ ശമ്പളത്തിന് ഒരു വീട്ടുജോലിക്കാരിയെ നിര്‍ത്തിയിട്ടുണ്ട്. ചുറ്റും കടക്കാരാണ്. ഞാന്‍ ഷൂട്ടിങ് കഴിഞ്ഞ് വീടെത്തുമ്പോഴേയ്ക്കും കടം തന്നവര്‍ എന്നെ തേടിയെത്തും. എന്റെ മകന്‍ അഡോണിസ് ജൂഡിന്റെ സ്‌കൂള്‍ ഫീസ് നല്‍കുന്നത് തമിഴ് നടികര്‍ സംഘത്തിന്റെ സാരഥിയും നടനുമായ വിശാലാണ്. ഇത്തരമൊരു സാഹചര്യത്തില്‍ എനിക്ക് അഭിനയിച്ചേ മതിയാവൂ. അതുകൊണ്ടാണ് മലയാളത്തിലും തമിഴിലും അഭിനയിക്കാന്‍ ഞാന്‍ തയാറായത് എന്നും ചാര്‍മിള പറയുന്നു.