അന്ന് അധ്യാപകർക്കും സഹപാഠികൾക്കും മരമണ്ടൻ, ഇന്ന് റവന്യൂ സർവീസിലെ ഗർജിക്കുന്ന സിംഹം! ഡിസ്ലെക്സിയോടു പൊരുതി വിജയിച്ച നന്ദകുമാറിന്റെ ജീവിതം പ്രചോദനം

2018-05-12 02:33:26am |

അധ്യാപകർക്കും സഹപാഠികൾക്കും അവൻ മണ്ടനായിരുന്നു. അവർ അവനെ സ്കൂളിൽ നിന്നു പുറത്താക്കി. ഇതോടെ അവൻ ലോട്ടറി കച്ചവടത്തിനിറങ്ങി. ചായക്കടയിൽ സഹായിയായി ജോലി നോക്കി. ഇടയ്ക്ക് വർക് ഷോപ്പിൽ സഹായിയായി. ഡിസ്ലെക്സിയ (Dyslexia) രോഗിയായ അവൻ എല്ലാവർക്കും ഭാരമായിരുന്നു. അതൊക്കെ ഭൂതകാലം. ഇപ്പോഴവൻ അനധികൃതമായി പണം സമ്പാദിക്കുന്നവരുടെ പേടി സ്വപ്നം. ഇന്ത്യൻ റവന്യൂ സർവീസിലെ ഗർജിക്കുന്ന സിംഹം. Dyslexia കുട്ടികളെ ബാധിക്കുന്ന ഒരു രോഗമാണ്. എഴുതാനും, വായിക്കാനും, ഓര്‍മ്മിക്കാനും, വാക്കുകള്‍ തിരിച്ചറിയാനും ബുദ്ധിമുട്ടാണ്ടാക്കുന്ന ഒരു രോഗം. അതീവ ശ്രദ്ധയും കരുതലുമുണ്ടെങ്കില്‍ മാത്രമേ ഇവര്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂ. ചെന്നൈ സ്വദേശി വി. നന്ദകുമാര്‍ ഇതേ രോഗത്തിന് അടിമയായിരുന്നു. പഠിക്കാന്‍ മനസ്സു വരുന്നില്ല, പഠിച്ചതൊന്നും ഓര്‍ക്കാന്‍ കഴിയുന്നില്ല, വായിക്കാന്‍ പോലും ബുദ്ധിമുട്ട്. അക്ഷരങ്ങള്‍ അടിക്കടി മറക്കുന്നു. മണ്ടശിരോമണി എന്ന് മുദ്ര കുത്തി ആറാം ക്ലാസ്സില്‍ സ്കൂളില്‍ നിന്നും പുറത്താക്കി. അധ്യാപകരുടേയും, മാതാപിതാക്കളുടേയും പരമാവധി പ്രോത്സാഹനം ഈ രോഗം ബാധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ സാധാരണഗതിയിൽ ഇവർ സമൂഹത്തിൽ അവഗണിക്കപ്പെടുകയാണ് പതിവ്.

ദരിദ്ര കുടുംബാംഗമായിരുന്നു നന്ദകുമാർ. അങ്ങനെയാണ് ജീവിക്കാനായി കൂലിപ്പണി തേടി ഇറങ്ങിയത്. പല വേഷങ്ങൾ കെട്ടി. വര്‍ക്ക് ഷോപ്പില്‍ ഹെല്‍പ്പറായി. അവിടെ നിന്ന് കാര്യമായ വരുമാനം ലഭിക്കാതെ വന്നപ്പോൾ ചായക്കടയില്‍ ജോലിക്ക് കയറി. അതിനിടയില്‍ ലോട്ടറി കച്ചവടവും തുടങ്ങി. TV റിപ്പയിറിംഗ് പഠിച്ചാല്‍ വലിയ സ്കോപ്പ് ആണെന്ന് ആളുകള്‍ പറഞ്ഞതനുസരിച്ച് ഒരു TV കടയില്‍ സഹായിയായി ജോലിക്ക് കയറി. ആദ്യമൊക്കം വലിയ സന്തോഷമായിരുന്നു. ഹോംവർക്കില്ല. അധ്യാപകരുടെ വഴക്കു കേൾക്കേണ്ട. എന്നാൽ പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞു. പഴയ സ്കൂള്‍ സഹപാഠികള്‍ നന്ദകുമാറിനെ കണ്ട് മുഖം തിരിച്ചു. അവരുടെ മാതാപിതാക്കൾ നിർദേശിച്ച പ്രകാരമായിരുന്നു ഇത്. അധ്യാപകര്‍ വഴിയില്‍വെച്ച് കണ്ടപ്പോൾ പരിഹസിച്ചു. മരിക്കാന്‍ വരെ തോന്നിയ ദിവസം. ഒടുവില്‍ അടുത്ത സുഹൃത്തിന്റെ ഉപദേശം അയാളെ പുതിയ മനുഷ്യനാക്കാന്‍ പ്രേരിപ്പിച്ചു. നിശ്ചയദാർഢ്യത്തോടെ പഠിക്കാൻ അയാൾ തീരുമാനമെടുത്തു. തെരുവില്‍ കൂലിപ്പണി ചെയ്തുകൊണ്ട് അയാള്‍ തന്റെ പുതിയ പ്രയാണം ആരംഭിച്ചു. പത്താം ക്ലാസ്സ് പരീക്ഷ പ്രൈവറ്റായി എഴുതി 54 ശതമാനം മാര്‍ക്കോടെ പാസ്സായി. ആരോരുമില്ലാത്ത തെരുവിലുള്ളവരുടെ ആശാ കേന്ദ്രമായ അശോക് നഗറിലെ ദാസ്യ എന്ന NGOയുമായി ബന്ധപ്പെട്ടായിരുന്നു നന്ദകുമാറിന്റെ പഠനം.

ചെന്നൈയിലെ അംബേദ്കര്‍ കോളേജില്‍ ബിഎ ഓണേഴ്സ് പഠനത്തിന്റെ ആദ്യഘട്ടത്തില്‍ ഇംഗ്ലീഷ് പഠനം വളരെ ബുദ്ധിമുട്ടായിരുന്നു. രോഗം തന്നെ കാരണം. പക്ഷേ മുന്നില്‍ ഒരു ലക്ഷ്യമുണ്ടായിരുന്നു. അത് നേടണമെന്ന വാശിയുണ്ടായിരുന്നു. ഒടുവില്‍ ആ ബാച്ചില്‍ ഡിസ്റ്റിങ്ഷൻ മാർക്കോടെ പാസ്സായത് നന്ദകുമാര്‍ മാത്രമായിരുന്നു. പിന്നെ തടസ്സങ്ങള്‍ ഒന്നും തന്നെ മുന്നില്‍ വന്നില്ല. ചെന്നൈ പ്രസിഡന്‍സി കോളേജില്‍ ഇംഗ്ലീഷ് സാഹിത്യത്തിൽ പിജി പൂര്‍ത്തിയാക്കി സിവിൽ സർവ്വീസിന് ശ്രമിച്ചു. അങ്ങനെ ഇന്ത്യൻ റവന്യൂ സർവീസിൽ (ഐആർഎസ്) പ്രവേശിച്ചു. ഇപ്പോള്‍ നുങ്കംപക്കത്തെ ഇൻകം ടാക്സ് ഓഫീസിൽ അസിസ്റ്റന്റ് ഡയറക്ടറാണ്. വകുപ്പിലെ സത്യസന്ധനായ ഓഫീസർമാരിൽ ഒരാളാണ് നന്ദകുമാര്‍. ഒരു പ്രലോഭനങ്ങള്‍ക്കും ആരുടെ മുന്നിലും അദ്ദേഹം വഴങ്ങാറില്ല. ഒപ്പം മോട്ടിവേഷണൽ സ്പീക്കറും. ഇപ്പോള്‍ ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമുള്ള നിരവധി സ്കൂളുകളിലും ,കോളേജുകളിലും മോട്ടിവേഷന്‍ പ്രോഗ്രാമുകളില്‍ സ്ഥിരം സാന്നിധ്യമാണ്.