ജീവിക്കാന്‍ വഴിയില്ല, ആരെങ്കിലും ഒരവസരം നല്‍കണം: കണ്ണീരോടെ ചാര്‍മിള, തകര്‍ച്ചയുടെ ഏറ്റവും ക്രൂരമായ മുഖം

2018-06-10 03:30:27am |

സിനിമ പോലെ തന്നെ സിനിമാക്കാരുടെ ജീവിതവും പലപ്പോഴും അനിശ്ചിതത്വമാണ് എന്ന് പറയപ്പെടുന്നത് സത്യമാണ്. എത്ര മനോഹരമാണെങ്കിലും വിജയവും പരാജയവും സംഭവിക്കുന്നത് ഒറ്റ നിമിഷം കൊണ്ടാകും. ഏറെ പ്രതീക്ഷകളോടെയെത്തുന്ന സിനിമകള്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്നു വീഴുന്നതു പോലെയാണ് പലപ്പോഴും തിളങ്ങി നില്‍ക്കുന്ന താരങ്ങളും തകരുന്നത്. അത്തരത്തില്‍ തകര്‍ച്ചയുടെ ഏറ്റവും ക്രൂരമായ മുഖം കണ്ട താരമാണ് ചര്‍മിള.

ഒരു കാലത്ത് മലയാള-തമിഴ് ചിത്രങ്ങളില്‍ മുന്‍നിര നായികയായി തിളങ്ങി താരം. സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒന്നിനു പിറകേ ഒന്നായി നിരവധി ചിത്രങ്ങള്‍ ചാര്‍മിളയെത്തേടിയെത്തി. പക്ഷേ പിന്നീടെപ്പഴോ പ്രണയ വിവാദങ്ങളും കുടുംബ ജീവിതത്തിലെ താളപ്പിഴകളും കാരണം ചാര്‍മിള തകരാന്‍ തുടങ്ങി. പിന്നീട് വിവാഹ മോചനത്തിന് ശേഷം വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. പക്ഷേ ഇപ്പോള്‍ അവസരങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് ചാര്‍മിള പറയുന്നു.

ഒരു അഭിമുഖത്തിലാണ് തന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ചാര്‍മിള പറഞ്ഞത്. 'പണ്ട് തന്നെ വെച്ച് സിനിമയെടുക്കാന്‍ പുറകേ വന്ന സംവിധായകര്‍ പോലും ഇപ്പോള്‍ ശ്രദ്ധിക്കുന്നില്ല. എന്തെങ്കിലും ഒരു വേഷം തരാന്‍ അവരാരും തയ്യാറാകുന്നില്ല. പണ്ട് എല്ലാമുണ്ടായപ്പോള്‍ എല്ലാവരും ഉണ്ടായിരുന്നു. സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ വീടു പോലും നഷ്ടമായി പെരുവഴിയിലായി. അവസ്ഥ അറിയാവുന്നവര്‍ പോലും വിളിക്കുന്നില്ല. മകനെയും അമ്മയേയും നോക്കാന്‍ പണമില്ല. ആരെങ്കിലും അവസരം നല്‍കണം. എന്നാലെ ജീവിക്കാനാവൂ' ചാര്‍മിള പറഞ്ഞു.