ഈദിന് വരാമെന്ന് വാക്കു പറഞ്ഞതല്ലേ...പപ്പാ? പിന്നെ എന്തിനാണ് ഞങ്ങളെ തനിച്ചാക്കിയത് ? ; വാഗയുടെ മകന്റെ കരച്ചില്‍ ആര്‍ക്കും സഹിക്കാന്‍ കഴിയുന്നതല്ല

2018-06-14 02:40:19am |

''ഈദിന് വരാമെന്ന് വാക്കു പറഞ്ഞതല്ലേ...പപ്പാ? പിന്നെ എന്തിനാണ് ഞങ്ങളെ തനിച്ചാക്കിയത് ? എന്തിനാണ് പറഞ്ഞ വാക്കു തെറ്റിച്ചത്?'' വാഗയുടെ മകന്റെ കരച്ചില്‍ ആര്‍ക്കും സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. പതം പറഞ്ഞു കരയുന്ന പയ്യന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്.

ദക്ഷിണ കശ്മീരിലെ പുല്‍വാമയില്‍ ചൊവ്വാഴ്ച തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ടു പോലീസുകാരില്‍ ഒരാളായ കോണ്‍സ്റ്റബിള്‍ 40 കാനായ ഗുലാം ഹസന്‍ വാഗയ്ക്ക് ഭാര്യയും 22 ും 19ും 13 ും പ്രായത്തിലുള്ള മൂന്ന് ആണ്‍മക്കളാണ് ഉള്ളത്. ഇത്തവണ ഈദിന് വീട്ടില്‍ ഉണ്ടാകുമെന്ന് വാക്കു പറഞ്ഞിരുന്നു. ഇതിനിടയിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ പുല്‍വാമയിലെ ഗാര്‍ഡ് പോസ്റ്റില്‍ തീവ്രവാദി ആക്രമണം ഉണ്ടായത്. ഗുലാം ഹസന്‍ വാഗയും ഗുലാം റസൂല്‍ ലോണും കൊല്ലപ്പെട്ടു.

വാഗയും ലോണും വെള്ളിയാഴ്ചയും ശനിയാഴ്ചയും ആഘോഷിക്കുന്ന ഈദിന് വീട്ടില്‍ എത്താമെന്ന് വാക്കു പറഞ്ഞിരുന്നു. '' കഴിഞ്ഞ ദിവസവും അവന്‍ വിളിച്ച് കുട്ടികളോട് റെഡിയാകാന്‍ പറഞ്ഞിരിക്കുക ആണെന്നും അവരുമായി വീട്ടില്‍ വരുമെന്നും പറഞ്ഞിരുന്നു'' ലോണിന്റെ ശ്രീനഗറില്‍ താമസിക്കുന്ന സഹോദരന്‍ മുഹമ്മദ് യൂസുഫ് പറഞ്ഞു. കുപ്‌വാരയിലെ ലോലാബില്‍ നിന്നുള്ള ലോണിന് 12 ും ഏഴും വയസ്സുള്ള രണ്ടാണ്‍മക്കളും ഒമ്പതു വയസ്സുള്ള ഒരു മകളുമാണ് ഉള്ളത്. രണ്ടുപേരുടെയും സംസ്‌ക്കാര ചടങ്ങിന് ആയിരങ്ങളാണ് എത്തിയത്. പോലീസുകാരെ തീവ്രവാദികള്‍ ലക്ഷ്യമിടുന്നതിന് എതിരേ നാട്ടുകാരുടെ ശക്തമായ രോഷവും ഉയരുന്നുണ്ട്.

ഈദിനും ദീപാവലിക്കും സാധാരണഗതിക്ക് പോലീസുകാര്‍ക്ക് വീട്ടില്‍ എത്താന്‍ കഴിയാറില്ല. എന്നാല്‍ ഇത്തവണ രണ്ടുപേരും വീട്ടില്‍ എത്തുന്നതിനാല്‍ ഇരുവരുടേയും വീടുകള്‍ ആഘോഷത്തിലായിരുന്നു. എന്നാല്‍ വീട്ടില്‍ എത്തിയത് മൃതദേഹവുമായി മഞ്ചമായിരുന്നു. റംസാന്‍ നോമ്പിനിടയില്‍ ആക്രമണം നടത്തിയതില്‍ ഭീകര സംഘടനയ്‌ക്കെതിരേ വിദ്വേഷം ഉയരുന്നുണ്ട്.