Latest News

പ്രതിയെക്കൊണ്ടു വിവാഹം കഴിപ്പിച്ചു മാതാവ് മകളുടെ ലൈംഗിക പീഡനക്കേസ് ഒതുക്കി ; ആദ്യഭാര്യ സ്‌റ്റേഷനിലെത്തി ഉടക്കിയപ്പോള്‍ യുവാവ് അവള്‍ക്കൊപ്പം പോയി

2018-08-04 02:58:40am |

കണ്ണൂര്‍:  രാജ്യത്തെ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് നേരെ നടക്കുന്ന ലൈംഗിക പീഡനങ്ങളില്‍ കോടതിക്ക് പുറത്തെ ഒത്തുതീര്‍പ്പുകള്‍ വന്‍ ചര്‍ച്ചയായി മാറുന്നു. പലകേസുകളിലും കേസ് നില നില്‍ക്കുക തന്നെ ചെയ്യുമെന്ന് കോടതി വ്യക്തമാക്കിയിട്ടും ഇരയെ പ്രതി തന്നെ വിവാഹം ചെയ്യുന്ന രീതി ഏറുകയാണ്.

ബലാത്സംഗത്തിന് ഇരയായ സ്ത്രീയെ വിവാഹം കഴിക്കാന്‍ തയാറായാല്‍ പ്രതിക്ക് ശിക്ഷ ഒഴിവാക്കി നല്‍കുന്ന നിയമം ഇന്ത്യയില്‍ ഇല്ല. എന്നാല്‍ പല കേസിലും മാതാപിതാക്കളുടെ ഒത്താശയോടെ ഇത്തരം നടപടികള്‍ നടക്കുന്നുണ്ട്. കൊട്ടിയൂര്‍ കേസില്‍ കഴിഞ്ഞ ദിവസം പോക്‌സോ കേസുകള്‍ പരിഗണിക്കുന്ന തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങിയപ്പോള്‍ പരാതിക്കാരിയായ പെണ്‍കുട്ടി തന്നെ പീഡിപ്പിച്ച വൈദികനെതിരെ പരാതിയില്ലെന്നും സ്വന്തം താല്‍പര്യപ്രകാരമാണ് വൈദികന്‍ റോബിന്‍ വടക്കുഞ്ചേരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും റോബിന്‍ വടക്കാഞ്ചേരിയുമായി കുടുംബബന്ധം തുടങ്ങാന്‍ ആഗ്രഹമുണ്ടെന്നും ആയിരുന്നു യുവതി പറഞ്ഞത്.

പീഡനത്തിന് ഇരയായെന്ന് നേരത്തെ മജിസ്‌ട്രേറ്റിനോട് പറഞ്ഞത് ഭീഷണി മൂലമാണെന്നും വൈദികനോടൊത്ത് ജീവിക്കാനാണ് ആഗ്രഹമെന്നും പെണ്‍കുട്ടി കോടതിയില്‍ ബോധിപ്പിച്ചു. അതേസമയം ഇങ്ങിനെ കേസ് ഒഴിവാക്കി പ്രതി ഇരയെ സ്വീകരിച്ച കേസുകളില്‍ പലതും പിന്നീട് ഇര വീണ്ടും ചതിക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്യപ്പെട്ട അനേകം സംഭവങ്ങളും ഇന്ത്യയില്‍ ഉടനീളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമാണ്. അയല്‍വാസിയുടെ പീഡനത്തിന് ഇരയായി ഒരു പെണ്‍കുട്ടി പാലക്കാട് നിര്‍ഭയ ഹോമില്‍ എത്തി. പഠിക്കാന്‍ മിടുക്കിയായ പെണ്‍കുട്ടിക്ക് തുടര്‍പഠനത്തിനാവശ്യമായ സൗകര്യം ഉള്‍പ്പെടെ അധികൃതര്‍ ഒരുക്കുകയും ചെയ്തു.

പിന്നീട് അമ്മ പെണ്‍കുട്ടിയെ ഇവിടെ നിന്നും വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകുകയും പെണ്‍കുട്ടിയെ പ്രതിയ്ക്ക് വിവാഹം കഴിച്ചുകൊടുക്കുകയും ചെയ്തു. കേസ് നടക്കുന്നതിനിടയില്‍ പ്രതി പെണ്‍കുട്ടിയെ വിവാഹം കഴിച്ചുകൊള്ളാമെന്ന് പറഞ്ഞതിനാല്‍. നിയമ പ്രശ്‌നങ്ങള്‍ അറിയാത്ത അമ്മ ഉള്‍പ്പെടെയുള്ളവര്‍ സമ്മതിച്ചു. എന്നാല്‍ പ്രതിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ഭാര്യ പൊലീസ് സ്‌റ്റേഷനില്‍ എത്തി ബഹളം വെച്ചു. പ്രതി ഒന്നാം ഭാര്യയുടേയും കുട്ടികളുടേയും അടുത്തേക്ക് മടങ്ങിപ്പോയി. ഗര്‍ഭിണിയായ ഇരുപതുകാരി വീട്ടില്‍ തനിച്ചായി. രാത്രി ഒറ്റയ്ക്കാവുമ്പോള്‍ നിര്‍ഭയ കേന്ദ്രത്തിലേക്ക് വിളിച്ച് കരയുകയായിരുന്നു ആ പെണ്‍കുട്ടി. ഇങ്ങനെ ഒത്തുതീര്‍പ്പായ കേസുകള്‍ ഇരയുടെയും പിതാവിന്റെയും ആത്മഹത്യയില്‍ കലാശിച്ച സംഭവങ്ങളുമുണ്ട്. മാതാപിതാക്കളുടെ ഒത്താശയാണ് പല കേസുകളും ഒതുക്കാന്‍ സഹായമാകുന്നത്.

പ്രായപൂര്‍ത്തിയാകാത്തവരെ പീഡിപ്പിക്കുന്ന പോക്‌സോപ്രകാരമുള്ള കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ല എന്ന വാദം തെറ്റാണെന്ന വാദമാണ് ഇരയുടെ മാതാവ് നടത്തിയത്. തനിക്ക് പ്രായപൂര്‍ത്തിയായിരുന്നെന്നാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞത്. പെണ്‍കുട്ടി ജനിച്ചത് 1997ലാണ്. എന്നാല്‍ രേഖകളിലുള്ളത് 1999 എന്നാണ്. കുറ്റപത്രത്തിനൊപ്പം പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച പെണ്‍കുട്ടിയുടെ ജനനത്തീയതി തെറ്റാണ്. രേഖകളില്‍ ഉള്ളതും പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ ജനനത്തീയതിയല്ല. ഇക്കാര്യത്തില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് തയാറാണെന്നും പെണ്‍കുട്ടിയുടെ അമ്മ കോടതിയില്‍ അറിയിച്ചു.

2017 ല്‍ കൊല്ലം ജില്ലയില്‍ മാത്രം പതിമൂന്ന് പെണ്‍കുട്ടികളാണ് ഇത്തരത്തില്‍ വിവാഹിതരായതെന്നാണ് കണക്കുകള്‍. കാസര്‍കോട് ജില്ലയില്‍ നിന്നും ഇത്തരം ഒത്തുതീര്‍പ്പ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2016 ല്‍ തീര്‍പ്പാാക്കിയ 620 കേസുകളില്‍ 484 എണ്ണത്തിലും പ്രതികളെ വെറുതെ വിടുകയായിരുന്നു. ഇത്രയധികം പ്രതികള്‍ ശിക്ഷിക്കപ്പെടാത്തതും സംശയത്തിന് ഇടയാക്കുന്നതാണ്. പരാതിക്കാര്‍ തന്നെ മൊഴി മാറ്റുന്നതാണ് പല കേസുകളും തള്ളിപ്പോകാന്‍ കാരണമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു.

ബലാത്സംഗ കേസ് മധ്യസ്ഥതയിലൂടെ പരിഹരിക്കണമെന്ന് 2015ലെ മദ്രാസ് ഹൈക്കോടതി ഉത്തരവ് വിവാദമായിരുന്നു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ് മധ്യസ്ഥതയിലൂടെ പിന്‍വലിക്കാന്‍ മദ്രാസ് ഹൈക്കോടതി നിര്‍ബന്ധിക്കുകയായിരുന്നു. ജസ്റ്റിസ് പി. ദേവദാസിന്റെ ഈ ഉത്തരവിനെതിരെ അഭിഭാഷക സമൂഹം തന്നെ രംഗത്ത് വന്നിരുന്നു.'വിവാഹം ഒരു വിശുദ്ധകര്‍മമാണ്. എല്ലാ സമുദായങ്ങളിലും ഇത്തരം കേസുകളില്‍ ഈ രീതി പിന്തുടരുന്നുണ്ട്. അപ്പോള്‍ വിജയവും തോല്‍വിയും പരിഗണിക്കേണ്ട ആവശ്യം വരുന്നില്ല. ഇരയായ പെണ്‍കുട്ടി ഗര്‍ഭിണിയായി പ്രസവിക്കുമ്പോള്‍ കളങ്കിത എന്ന പ്രതിഛായ ആജീവനാന്തം പേറേണ്ടിവരുന്നുവെന്നും വിവാഹം ഇതിനൊരു പ്രതിവിധിയാണ്' ജസ്റ്റിസ് ദേവദാസിന്റെ ഭാഷ്യം ഇതായിരുന്നു. ഈ വിധിയെ വിമര്‍ശിച്ച് സുപ്രീംകോടതി തന്നെ രംഗത്തെത്തി.

സ്ത്രീയുടെ മനുഷ്യാവകാശലംഘനം മാത്രമല്ല, അവളുടെ ജീവിക്കാനുള്ള അവകാശം, സംസാരിക്കാനുള്ള അവകാശം, വരണസ്വാതന്ത്ര്യം, അഭിമാനം എന്നിവയെല്ലാം ഹനിക്കുന്നതാണ് ഹൈക്കോടതിവിധിയെന്നാണ് സുപ്രീംകോടതി വിമര്‍ശിച്ചത്. ബലാത്സംഗം ചെയ്താല്‍ ഇരയെ വിവാഹം കഴിക്കാന്‍ തയാറായാലും അത് ചെയ്ത കുറ്റത്തെ ലഘൂകരിക്കുന്നി ല്ലെന്നും ബലാത്സംഗക്കാരന്‍ ദയ അര്‍ഹിക്കുന്നില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.