Latest News

ഒപ്പം നടക്കാതെ പിന്തുടര്‍ന്ന് ഹൈടെക്ക് ചാരന്‍; സാധാരണക്കാരന്റെ സ്വകാര്യതയ്ക്ക് ഹാക്കര്‍ ഇടുന്ന വില വെറും 3,800 രൂപ !

2018-08-05 03:58:48am |

കൈയ്യില്‍ ഒരു 3800 രൂപയുണ്ടെങ്കില്‍ ആര്‍ക്കും ആരുടേയും സ്വകാര്യതയിലേക്ക് കടന്നുചെല്ലാം. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇന്‍സ്‌റ്റോള്‍ ചെയ്യാവുന്ന ഒരു സ്‌പൈ ആപ്പിന്റെ സഹായത്തോടെയാണ് സകല കാര്യങ്ങളും ചോര്‍ത്തിയെടുക്കാന്‍ സാധിക്കുന്നത്. അതിന്റെ ആദ്യ ഘട്ടത്തില്‍ ഹാക്കറുടെയും ചോര്‍ത്താന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുടേയും ആന്‍ഡ്രോയിഡ് ഫോണുകളില്‍ സ്‌പൈ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്യുകയാണ് രീതി. പിന്നീട്, അയാളുടെ ഓരോ നീക്കങ്ങളും മറുതലയ്ക്കല്‍ ഇരിക്കുന്ന ആള്‍ അറിഞ്ഞുകൊണ്ടേ ഇരിക്കും.

ഹാക്കര്‍മാര്‍ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ ഫോണിലെ വീഡിയോക്യാമറ പ്രവര്‍ത്തിപ്പിക്കുന്നതിനും ഫോണ്‍ കോളുകള്‍ അടക്കമുള്ളവ റെക്കോര്‍ഡ് ചെയ്യുന്നതിനും സാധിക്കും. ചുരുക്കത്തില്‍ പറഞ്ഞാല്‍ നിങ്ങള്‍ എവിടെയൊക്കെ പോകുന്നു എന്തൊക്കെ ചെയ്യുന്നു എന്നുള്ള കാര്യം കൃത്യമായി ചാരന്മാര്‍ക്ക് ലഭിക്കും.

മൊബൈല്‍ ഫോണ്‍ ക്യാമറ ഓണ്‍ ആകുന്നതോ റെക്കോര്‍ഡ്് ചെയ്യുന്നതോ ഉടമ അറിയുന്നില്ലെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കോളുകളും സന്ദേശങ്ങള്‍ക്കും പുറമെ ഫോണിലുള്ള മറ്റ് ആപ്പുകള്‍ എന്തൊക്കെയെന്നും അതിന് ഉപയോഗിക്കുന്ന പാസ്‌വേര്‍ഡുകള്‍ അടക്കമുള്ളവയും ഹാക്കര്‍മാര്‍ക്ക് കണ്ടെത്താന്‍ സാധിക്കും.

കൊച്ചി എളമക്കര സ്വദേശിയായ യുവാവിന്റെ പരാതിയില്‍ ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സ്‌പൈ ക്യാമറയുടെ വിവരങ്ങള്‍ പുറം ലോകമറിഞ്ഞത്. ഇയാളുടെ ഭാര്യയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരത്തില്‍ ഹാക്കിങ്ങ് നടന്നതെന്ന് പ്രതിയുടെ മൊഴി. കിടപ്പറ രംഗങ്ങള്‍ അടക്കമുള്ളവ ഫോണ്‍ ക്യാമറ ഉപയോഗിച്ച് ചോര്‍ത്തിയതായും ഹാക്കറില്‍ നിന്നും ഭീഷണി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പരാതി നല്‍കിയത്.