Latest News

വിവാഹ മോചനം എന്റെ ജീവിതത്തിലെ സന്തോഷകരമായ തീരുമാനമായിരുന്നു: മഞ്ജരി

2018-10-07 09:00:10am |

മലയാളത്തിനു പുറമേ തമിഴിലും ഹിന്ദിയിലുമുള്‍പ്പെടെ ശ്രദ്ധ നേടിയ ഗായികയാണ് മഞ്ജരി. വ്യത്യസ്തമായ ആലാപന ശൈലികൊണ്ടും ശബ്ദം കൊണ്ടും തിളങ്ങുന്ന മഞ്ജരി ഗസല്‍ വേദികളിലും അത്ഭുതം സൃഷ്ടിക്കുന്നു. കുടുംബ-വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് പൊതുവേദികളില്‍ പറയാത്ത മഞ്ജരി ഒരു അഭിമുഖത്തില്‍ പക്ഷേ തന്റെ വിവാഹ മോചനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മനസ്സു തുറന്നു.

'വിവാഹ മോചനം തന്നെ എന്റെ ജീവിതത്തിലെ വളരെ സന്തോഷകരമായ തീരുമാനമായിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കുന്നു. വളരെ നേരത്തേ എന്റെ ജീവിതത്തില്‍ നടന്ന ഒരു നിയമപരമായ ബന്ധം. അത് ഡിവോഴ്‌സ് ആയി. ഇന്നത്തെ കാലത്ത് അതിനെയൊരു ഡാര്‍ക് €ൗഡ് അല്ലെങ്കില്‍ ബ്ലാക് മാര്‍ക്കായൊന്നും ഞാന്‍ കാണുന്നില്ല. കാരണം ഇന്ന് ഒരുപാട് ബന്ധങ്ങള്‍ നമ്മുക്ക് ചുറ്റും നടക്കുന്നുണ്ട്. നിയമപരമല്ല എന്ന ഒരു വ്യത്യാസം മാത്രമേ ഞാന്‍ അതില്‍ കാണുന്നുള്ളൂ.

എനിക്കൊരു ബന്ധം ഉണ്ടായിരുന്നു അത് നിയമപരമായിരുന്നു. ഒത്തുപോകാന്‍ സാധിക്കാത്തതുകൊണ്ട് വിവാഹ മോചിതയായി. അതും കുറേനാള്‍ മുന്‍പ് വിവാഹമോചിത ആയതാണ്. അതിനു ശേഷമാണ് ഞാന്‍ എന്നെ തന്നെ അനലൈസ് ചെയ്തു തുടങ്ങുന്നത്. മുംബൈയില്‍ താമസിക്കുന്ന സ്ഥിതിക്ക് ഒരുപാടുകാര്യങ്ങള്‍ ഒരു മനുഷ്യനെന്ന നിലയ്ക്ക് എനിക്ക് പഠിക്കാന്‍ സാധിച്ചിട്ടുണ്ട്. നമ്മള്‍ ഇപ്പോള്‍ ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ പോലും വളരെ തിരഞ്ഞെടുപ്പുകള്‍ നടത്താറുണ്ട്. അതെനിക്കിഷ്ടാണ് ഇതെനിക്കിഷ്ടമല്ല അങ്ങനെ.

ഈ ഇഷ്ടങ്ങള്‍ എനിക്ക് കൂടുതലായിരുന്നു. ഇന്ന് അതൊക്കെ മാറി. അവിടെ ഒരു നേരമത്ത ഭക്ഷണം പോലും കഴിക്കാന്‍ സാധിക്കാത്ത ആള്‍ക്കാരെ, അത് വാങ്ങിക്കാന്‍ സാധിക്കാത്ത ആള്‍ക്കാരെ കാണുമ്പോള്‍ അതില്‍ നിന്ന് ഒരുപാടു ഞാന്‍ പഠിച്ചിരുന്നു. അങ്ങനെ ഒരുപാടു മാറ്റങ്ങള്‍ എനിക്ക് എന്നിലുണ്ടാക്കാന്‍ പറ്റിയിട്ടുണ്ട്. മറ്റുള്ളവരെ സഹായിക്കുമ്പോള്‍ അവര്‍ക്കെന്തെങ്കിലും വാങ്ങിക്കൊടുക്കുമ്പോള്‍ അതില്‍ നിന്നും കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. അതില്‍ ഞാന്‍ വളരെ സന്തോഷവതിയായിരിക്കും. നേരത്തേ പറഞ്ഞത് പോലെ എന്റെ ഇമോഷണല്‍ ആസ്‌പെക്ട് അതിനെ വല്ലാതെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്, ഞാന്‍ ആരെയെങ്കിലും സഹായിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം' മഞ്ജരി പറഞ്ഞു.