Latest News

ഇതാ ശരിക്കും ""സിസ്റ്റര്‍..."" സഹോദര സ്‌നേഹത്തിന്റെ മാതൃക മൂത്ത സഹോദരിയായ കന്യാസ്ത്രീക്കു വൃക്ക ദാനംചെയ്ത് ഇളയ സഹോദരി കന്യാസ്ത്രീ

2017-05-19 02:55:25am |

കൊച്ചി: സഹോദര സ്‌നേഹത്തിനു മഹനീയ മാതൃകതീര്‍ത്ത് കന്യാസ്ത്രീക്കു സഹോദരിയായ കന്യാസ്ത്രീ വൃക്ക ദാനം ചെയ്തു. ചങ്ങനാശേരി ഹോളി ക്വീന്‍സ് പ്രോവിന്‍സ് അംഗം സിസ്റ്റര്‍ ഡോണ റോസാ (49 ) ണ് സഹോദരി കോട്ടയം തെള്ളകം കാര്‍മല്‍ സദനത്തിലെ അംഗമായ സിസ്റ്റര്‍ അനിത ജോസി (56 ) ന് വൃക്ക നല്‍കിയത്.

ആലപ്പുഴ, പുന്നക്കുന്നം കാപ്പില്‍ കോയിപ്പള്ളി തോമസ് ജോസഫ്-ഏലിയാമ്മ ജോസഫ് ദമ്പതികളുടെ മക്കളാണ് ഇരുവരും. കൊച്ചി മരടിലെ വി.പി.എസ്. ലേക്‌ഷോര്‍ ആശുപത്രിയില്‍ ഈ മാസം 12നായിരുന്നു വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. സിസ്റ്റര്‍ അനിതയുടെ ജീവന്‍ രക്ഷിക്കാന്‍ വൃക്ക മാറ്റിവയ്ക്കലല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെയാണു മൂത്ത സഹോദരിക്കായി വൃക്കദാനത്തിനു തയാറായതെന്നു സിസ്റ്റര്‍ ഡോണ റോസ് പറഞ്ഞു.

സഭയുടെ അനുമതി ലഭിച്ചതിനുപിന്നാലെ നടന്ന ശസ്ത്രക്രിയയ്ക്കുശേഷം സിസ്റ്റര്‍ ഡോണ റോസ് ബുധനാഴ്ച ആശുപത്രി വിട്ടു. ഐ.സി.യുവില്‍ സുഖം പ്രാപിച്ചുവരുന്ന സിസ്റ്റര്‍ അനിതാ ജോസിനെ രണ്ടു ദിവസത്തിനകം മുറിയിലേക്കു മാറ്റും. വി.പി.എസ്. ലേക്‌ഷോര്‍ ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡയറക്ടര്‍ ഡോ. എബി എബ്രഹാം, യൂറോളജി വിഭാഗം മേധാവി ഡോ. ജോര്‍ജ് പി. ഏബ്രഹാം, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. മോഹന്‍ എ. മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണു ശസ്ത്രക്രിയകള്‍ നടത്തിയത്.