ഒരു മീന്‍കറിക്ക് അര നാഗാമിര്‍ച്ചി: എരിവിന്റെ രാജ്ഞി കൊല്ലത്തും!

2019-07-08 01:52:44am |

കൊല്ലം: എരിവിന്റെ രാഞ്ജി, നാഗാമിര്‍ച്ചി...എന്നാല്‍ ഇത് കേരളീയരുടെ തീന്‍ മേശകളില്‍ അത്ര സുപരിചിതയല്ല. ഉത്തരേന്ത്യയിലെ ആഘോഷങ്ങളിലും സായിപ്പിന്റെ പാചക ശാലകളിലും നാഗാമിര്‍ച്ചിയുടെ സാന്നിദ്ധ്യം നേരത്തേ ഉണ്ട്. 2007ല്‍ എരിവിന്റെ കാര്യത്തില്‍ ഗിന്നസ് റെക്കോര്‍ഡ് കീഴടക്കിയ നാഗാമിര്‍ച്ചി വടക്കുകിന്‍ക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമല്ല ഇങ്ങ് തെക്കിലും തഴച്ച് വളരും.

കൊല്ലം അഞ്ചല്‍ കോമളം സ്വദേശിയും 2017-18ലെ സംസ്ഥാന കൃഷി വകുപ്പിന്റെ മികച്ച ഹൈടെക് കര്‍ഷകനുള്ള ജേതാവുമായ യുവകര്‍ഷകന്‍ അനീഷ് എന്‍ രാജിന്റെ ഹൈടെക് കൃഷിയിടത്താണ് നാഗാ മിര്‍ച്ചി സുലഭമായി വളരുന്നത്. മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത നാഗാ മിര്‍ച്ചി നാഗാലാന്റില്‍ രാജാ മിര്‍ച്ചിയെന്നും അസമില്‍ ഭൂത് ജൊലോക്കിയയെന്നും അറിയപ്പെടുന്നു. കോര്‍പ്പറേറ്റ് കമ്പനിയില്‍ സീനിയര്‍ ബിസിനസ്സ് ഡെവലപ്പറായ അനീഷ് ആറു വര്‍ഷമായി മുഴുവന്‍ സമയ ഹൈടെക്ക് കര്‍ഷകനാണ്.

Naga mirchi,  spiciest chilly, Hi tech farmer

പണ്ടുമുതലെ കൃഷിചെയ്യുന്ന കുടുംബമാണ് അനീഷിന്റേത്. നെല്‍കൃഷിയായിരുന്നു പ്രധാനമായും ചെയ്തിരുന്നത്. മള്‍ടിനാഷണല്‍ കമ്പനിയിലെ നീണ്ട പന്ത്രണ്ടു വര്‍ഷത്തെ ജോലി അവസാനിപ്പിച്ചാണ് അനീഷ് കാര്‍ഷിക രംഗത്തേക്ക് കടന്നു വരുന്നത്.

നിലവില്‍ മൂന്നു പോളിഹൌസില്‍ അനീഷ് കൃഷി ചെയ്യുന്നു. കൂടാതെ അക്വപോണിക്സ്, ഹൈഡ്രോപോണിക്സ്, കൃഷിയുമുണ്ട്. പോളിഹൌസ് കൂടാതെ നൂറു ഗ്രോബാഗില്‍ ചുവപ്പ് മഞ്ഞ ക്യാപ്സിക്കം, വിവിത തരം മുളകുകള്‍, തക്കാളി എന്നിവയും കൃഷി ചെയ്യുന്നുണ്ട്. എന്നാല്‍ അതില്‍ 25 ഗ്രോബാഗില്‍ നാഗാമിര്‍ച്ചിയാണ്. അനീഷിന്റെ സുഹൃത്ത് കൊല്‍ക്കത്ത സന്ദര്‍ശനത്തിനിടെ കൊണ്ടുവന്നതാണ് നാഗാമിര്‍ച്ചിയുടെ വിത്തുകള്‍. വിത്തുകള്‍ ചെറുതായി ഉണക്കി പോര്‍ട്രൈയില്‍ പാകി മുളപ്പിച്ചാണ് ഗ്രോബാഗില്‍ നടുന്നത്. ഒരു മീന്‍ കറിക്ക് ഒരു മുളകിന്റെ പകുതി മതി. നല്ല എരിവും നല്ല മണവുമാണ് നാഗാമിര്‍ച്ചിക്ക്. എരിവിന്റെ രാജാവിന് കിലോക്ക് ജപ്പാനില്‍ വില ഏകദേശം അമ്പതിനായിരം രൂപ വിലവരുമെന്ന് പറയുന്നു.

അന്താരാഷ്ട്ര വിപണിയില്‍ നാഗാമുളകിനെ പ്രിയങ്കരമാക്കുന്നത് എരുവ് കൊണ്ട് മാത്രമല്ല, പ്രത്യേക സ്വാദും ഔഷദ ഗുണവുങ്ങളുകൂടിയാണ്. എരിവ് അളക്കുന്ന യൂണിറ്റായ സ്‌കോവില്‍ ഹീറ്റ് യൂണിറ്റില്‍ കാന്താരി മുളകിന് രണ്ടായിരത്തിയഞ്ഞൂറ് യൂണിറ്റുള്ളപ്പോള്‍ നാഗാ മിര്‍ച്ചിയുടെ എരിവി പത്തുലക്ഷം മുതല്‍ പതിനഞ്ചു ലക്ഷം വരെയാണ്. കേരളത്തില്‍ അനീഷ് അല്ലാതെ നാഗാമിര്‍ച്ചി വേറെയാരും വ്യവസായഅടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നില്ല. ഇത് കൂടാതെ വിവിധയിനം പച്ചക്കറികളും എല്ലാവിധ ഇറ്റാലിയന്‍ ലീഫി വെജിറ്റബിളും അനീഷ് കൃഷി ചെയ്യുന്നുണ്ട്.

ഭീകരരെ ഒളിസങ്കേതത്തില്‍ നിന്ന് പുറത്തുചാടിക്കുന്നതിന്, സൈനിക ക്യാമ്പുകള്‍ ആക്രമിക്കുന്ന ആനകളെ ഓടിക്കാന്‍ ഉപയോഗിച്ച മുളക് ബോംബുകള്‍ ജമ്മു കശ്മീരില്‍ അക്രമകാരികള്‍ക്കെതിരെ ഉപയോഗിച്ചു എന്നും പറയപ്പെടുന്നു. അതിനാല്‍ നാഗാ ചില്ലിയെ സ്‌മോക്ക് കില്ലര്‍ എന്നും അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും എരിവ് കൂടിയ മുളകിനത്തില്‍ ഉള്‍പ്പെട്ട നാഗാ മിര്‍ച്ചി മുളകാണ് മുളക് ബോംബിനുള്ളില്‍ ഉപയോഗിക്കുന്നത്. നാഗാ മിര്‍ച്ചിയില്‍ നിന്നും വികസിപ്പിച്ചതാണ് ഗോസ്റ്റ് പെപ്പര്‍. കറികളില്‍ ഇതു ഉപയോഗിക്കുമ്പോള്‍ ഒരു മുളകിന്റെ വളരെ കുറച്ചു മാത്രമേ ഉപയോഗിക്കാവൂ, കൂടാതെ വീടുകളില്‍ കടന്നു വരുന്ന എലികളെ തുരത്താനും, കൃഷിയിടത്തില്‍ കീടനാശിനിയായും നാഗാ മിര്‍ച്ചി ഉപയോഗിക്കാം.

കൃഷികള്‍ എല്ലാം സംരംഭമാതൃകയില്‍ ഇന്നോവേഷന്‍ ആയി ആണ് അനീഷ് ചെയ്യുന്നത്, തക്കാളി, പാവല്‍, വഴുതന, വെണ്ട കൂടാതെ എല്ലാവിധ ഇറ്റാലിയന്‍ ലീഫി വെജിറ്റബിളും കൃഷി ചെയ്യുന്നു. ഒരു മാസത്തിനുള്ളില്‍ അക്വാപോണിക്സ് സാങ്കേതിക വിദ്യയില്‍ ഫിഷറീസ് അംഗീകാരത്തോടു കൂടി കൃഷിചെയ്ത ഗിഫ്റ്റ് തിലാപിയ വിളവെടുപ്പ് ഉണ്ടാകും ((GIFT ) കൃഷിക്ക് ആവശ്യമായുള്ള സാമ്പത്തിക സഹായങ്ങള്‍ നല്‍കി കാനറാ ബാങ്ക് അഞ്ചല്‍ ബ്രാഞ്ച് കൂടെ ഉണ്ട്. കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ചു കൃഷിയിലേക്കു ഇറങ്ങിയ അനീഷിന് പൂര്‍ണ പിന്തുണ നല്‍കി ഫാമിലിയും കുറച്ചു സുഹൃത്തുക്കളും കൂടെ ഉണ്ട്.

പുതിയ കുറച്ച് പരീക്ഷണങ്ങളും അനീഷ് ഇപ്പോള്‍ ചെയ്യുന്നുണ്ട്. അക്വാപോണിക്സ്, എയറോപോണിക്സ്, സഹായത്തോടെ സ്ട്രോബെറി കൃഷി, അതിനായി 50 sqft സ്ഥലത്തു മിനി പോളിഹൗസ് ഉണ്ടാക്കി അതില്‍ വെര്‍ട്ടിക്കല്‍ ആയി കൃഷി പരീക്ഷണം നടക്കുന്നു. അക്വാപോണിക്സ് സഹായത്താല്‍ മല്ലി, പുതിന, പാലക്, സെലറി, ലെറ്റൂസ്, ഒറിഗാനോ, തൈമു, കെയില്‍, സ്വിസ്ച്ചാര്‍ഡ്‌സ്, സ്ട്രോബെറി, ബോക്ചോയി എന്നിവ ചെയ്യുന്ന തിരക്കിലാണ്.

ഈ യുവകര്‍ഷകനെ തേടി നിരവധി അവാര്‍ഡുകളാണ് എത്തിയിരിക്കുന്നത്. 2017 18ലെ സംസ്ഥാന ഹൈടെക് കര്‍ഷകനുള്ള അവാര്‍ഡ് കൃഷിമന്ത്രി സുനില്‍ കുമാര്‍ നല്‍കിയിരുന്നു. 2018ല്‍ സരോജിനി ദാമോദര്‍ കൊല്ലം ജില്ലാ അവാര്‍ഡ്, 2017ല്‍ അഞ്ചല്‍ പഞ്ചായത്തിലെ യുവകര്‍ഷകനുള്ള അവാര്‍ഡ്, അക്ഷയശ്രീ അവാര്‍ഡ് എന്നിങ്ങനെ നീളുന്നു.. 'എന്റെ കൃഷി സമൂഹത്തിനോടുള്ള പ്രതിബദ്ധത കൂടി ആണെന്നാണ് അനീഷ് പറയുന്നത്..