ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തെ തകര്‍ക്കാന്‍ ശ്രമിച്ചു, ദേശവിരുദ്ധപ്രവര്‍ത്തനം നടത്തി ; ഹാമിദ് അന്‍സാരിക്കെതിരേ ഗുരുതര ആരോപണവുമായി മൂന്‍ റോ ഉദ്യോഗസ്ഥന്‍

2019-07-09 02:13:05am |

ന്യൂഡല്‍ഹി: ഇറാന്‍ സ്ഥാനപതിയായിരിക്കുമ്പോള്‍ സുപ്രധാന വിവരങ്ങള്‍ ഒറ്റുകൊടുത്ത് മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി റോ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമം നടത്തിയെന്ന് പ്രധാനമന്ത്രിക്ക് കത്ത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് റോയിലെ മുന്‍ ഓഫീസറാണ് പ്രധാനമന്ത്രിക്ക് എഴുതിയത്. 1990-1992 ല്‍ അന്‍സാരി ടെഹ്‌റാനില്‍ ഉണ്ടായിരുന്ന കാലത്ത് ഇവിടെ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ എന്‍ കെ സൂദാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. 2017 ആഗസ്റ്റിലും അന്‍സാരിക്കെതിരേ നടപടി ആവശ്യപ്പെട്ട് പധാനമന്ത്രിയെ സമീപിച്ചിരുന്നതായി റി​േ​പ്പാര്‍ട്ട് പുറത്തുവിട്ട സണ്‍​േ​ഡ ഗാര്‍ഡിയന്‍ പറയുന്നു.

ഇറാനില്‍ അംബാസഡറായിരുന്ന കാലത്ത് അന്‍സാരി ദേശീയ താല്‍പ്പര്യം സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടെന്നും ഇറാന്‍ സര്‍ക്കാരുമായും അവരുടെ രഹസ്യാന്വേഷണ വിഭാഗമായ സവാകു മായി സഹകരിച്ചുവെച്ചും ഇത് റോ ഉദ്യോഗസ്ഥര്‍ക്കും അവരുടെ ജോലിക്കും ഗുരുതര ഭീഷണി ഉണ്ടാക്കിയെന്നും കത്തില്‍ പറയുന്നു. ഇന്ത്യന്‍ എംബസിയിലെയും റോയിലെയും ഉദ്യോഗസ്ഥരെ സവാക് തട്ടിക്കൊണ്ടുപോയപ്പോള്‍ അന്‍സാരി രാജ്യ താല്‍പ്പര്യത്തിനായി ചെറുവിരല്‍ അനക്കിയില്ലെന്നാണ് ആക്ഷേപം. 1991 മെയ് ല്‍ ടെഹ്‌റാന്‍ വിമാനത്താവളത്തില്‍ നിന്നും ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ സന്ദീപ് കപൂര്‍ തട്ടിക്കൊണ്ടു പോകലിന് ഇരയായി.

സംഭവം അന്‍സാരിയുടെ മുന്നിലെത്തി. സംഭവം നടക്കുമ്പോള്‍ ദുബായിലായിരുന്ന റോയുടെ സ്‌റ്റേഷന്‍ ചീഫ് അവിടെ നിന്നെത്തിയാണ് അന്‍സാരിയെ വിവരം ധരിപ്പിച്ചത്. എന്നാല്‍ അന്‍സാരി ചെറുവിരല്‍ അനക്കിയില്ല. പകരം വിദേശകാര്യ മന്ത്രാലയത്തിന് കപൂറിനെ കാണ്മാനില്ല എന്ന് കാട്ടി ഒരു രഹസ്യറിപ്പോര്‍ട്ട് നല്‍കുക മാത്രമാണ് ചെയ്തത്. ഇറാനില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദം ആയിരുന്നെന്നും ഇയാള്‍ക്ക് പ്രദേശവാസികളായ സ്ത്രീകളുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ട് നല്‍കി. ഈ കേസില്‍ സവാകിന്റെ ഇടപെടല്‍ സംബന്ധിച്ച് റോ നല്‍കിയ സംശയം പോലും റിപ്പോര്‍ട്ടില്‍ കാണിക്കാന്‍ അന്‍സാരി മെനക്കെട്ടില്ല.

മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ കപൂര്‍ ഒരു പ്രത്യേക സ്ഥലത്ത് വഴിയരികില്‍ കിടക്കുന്നതായി ഇന്ത്യന്‍ എംബസിയിലേക്ക് ഒരു അജ്ഞാതന്റെ ഫോണെത്തി. മയക്കുമരുന്ന് കുത്തി വെച്ച നിലയിലായിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യയൂടെ പ്രതിഷേധം ഇറാനെ അറിയിക്കാന്‍ റോയുടെ തലവന്‍ ആവശ്യപ്പെട്ടിട്ടും അന്‍സാരി അനങ്ങിയില്ല. മറ്റൊരു സംഭവത്തില്‍ കശ്മീരിലെ യുവാക്കള്‍ ഭീകര പ്രവര്‍ത്തനം പരിശീലിക്കുന്നതിനായി ഇറാനില്‍ നിന്നും ലഭിക്കുന്നു എന്ന വിവരം റോ നിരീക്ഷിച്ചിരുന്നു. ഇക്കാര്യം ഇറാന്‍ അറിയാന്‍ കാരണം അന്‍സാരിയായിരുന്നു എന്നും കത്തില്‍ ആരോപിച്ചിട്ടുണ്ട്.

1991 ആഗസ്റ്റിലായിരുന്നു അത്. ഇറാന്‍ ഖോമിലെ ഒരു മതകേന്ദ്രം കശ്മീരി യുവാക്കള്‍ പതിവായി സന്ദര്‍ശിക്കുന്നതായും ഇവിടെ നിന്നും സായുധ പരിശീലനവും മറ്റും നേടുന്നതായി അറിയാനിടയായി. അക്കാര്യം പുതിയ സ്‌റ്റേഷന്‍ ചീഫ് അന്‍സാരിയെ അറിയിച്ചു. എന്നാല്‍ വിവരം നല്‍കിയ ഓഫീസര്‍ ഡി ബി മാതൂറിന്റെ പേര് അന്‍സാരി ഇറാന്‍ വിദേശകാര്യ മന്ത്രിയെ അറിയിച്ചു. അവര്‍ അത് സാവകിനും കൈമാറി. പിറ്റേന്ന് രാവിലെ മാതുര്‍ ഇന്ത്യന്‍ എംബസിയിലേക്ക് വരുമ്പോള്‍ തന്നെ സാവക് പൊക്കി. സാവകാണ് മാതുറിനെ കൊണ്ടുപോയതെന്ന് വൈകിട്ട് വ്യക്തമായി. എന്നാല്‍ ഇതിനെതിരേ കാര്യമായ നീക്കം നടത്താന്‍ അന്‍സാരി തയ്യാറായില്ല. സാവാക് മാതുറിനെ പിടിച്ചു കൊണ്ടുപോയിരിക്കാമെന്ന് കാണിക്കുന്നതിന് പകരം കാണാനില്ലെന്ന് മിസ്സിംഗ് റിപ്പോര്‍ട്ട് ഇറാനിയന്‍ വിദേശകാര്യ മന്ത്രാലയത്തിന് നല്‍കുക മാത്രമാണ് അന്‍സാരി ചെയ്തത്. ഇറാന്‍ വിദേശ കാര്യ ഓഫീസ് വഴി വിവരം ഡല്‍ഹിയില്‍ എത്തി.

എന്നാല്‍ റോ ഓഫീസര്‍മാര്‍ വിവരം രണ്ടാം ദിവസം അടല്‍ ബിഹാരി വാജ്‌പേയിയെ അറിയിച്ചു. അദ്ദേഹം അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിനോട് പറയുകയുംഇത് പിന്നീട് ഇവിന്‍ ജയിലില്‍ നിന്നും മാതുറിന്റെ മോചനത്തിലേക്ക് നയിക്കുകയും ചെയ്തപ്പോള്‍ നാലു ദിവസം കഴിഞ്ഞിരുന്നു. 72 മണിക്കൂര്‍ സമയത്തിനുള്ളില്‍ രാജ്യം വിടണമെന്ന നിര്‍ദേശം നല്‍കിയാണ് മാതുറിനെ വിട്ടത്. തനിക്ക് എന്താണ് സംഭവിച്ചതെന്ന് മാതുര്‍ ഇന്ത്യന്‍ എംബസിയില്‍ വന്നു പറയുകയും സൂദിന്റെയും സ്‌റ്റേഷന്‍ ചീഫിന്റെയും വിവരം സാവാക് ഇതിനകം മനസ്സിലാക്കിയിട്ടുണ്ട് എന്നും പറഞ്ഞപ്പോള്‍ രണ്ടു വിവരവും അപ്പോള്‍ തന്നെ അന്‍സാരി ഇറാന്‍ വിദേശകാര്യ ഓഫീസിന് കൈമാറിയെന്നും ആരോപിക്കുന്നു.

ഇന്ത്യന്‍ അംബാസഡറുടെ താമസ സ്ഥലത്ത് സുരക്ഷാചുമതലയ്ക്ക് ഒരിക്കല്‍ മൊഹമ്മദ് ഉമര്‍ എന്നയാളെ നിയോഗിച്ചു. ഇയാളെ സാവാക് പിടിക്കുകയും മൂന്ന് മണിക്കൂര്‍ നേരം കഴിഞ്ഞ വിടുകയും ചെയ്തു. ഈ വിവരം അന്‍സാരി അറിഞ്ഞപ്പോള്‍ റോ സ്‌റ്റേഷന്‍ ചീഫിനോട് വിവരം തേടി. സാവകിനെതിരേയാണ് ഇദ്ദേഹം വിവരം നല്‍കിയത്. ഉദ്യോഗസ്ഥന്‍ നിരപരാധിയാണെന്ന് റോ വിവരം നല്‍കിയിട്ടും അന്‍സാരി ഇയാളെ ഇന്ത്യയിലേക്ക് മടക്കി അയയ്ക്കുകയും വിദേശ പോസ്റ്റിംഗുകളില്‍ നിന്നും നിരോധിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

അന്‍സാരിയും സെക്രട്ടറിയായിരുന്ന സെയ്ഗാളും ചേര്‍ന്ന് റോയുടെ ഗള്‍ഫ് യൂണിറ്റിന്റെ പ്രവര്‍ത്തനം തന്നെ തകര്‍ത്തതായും ആരോപിക്കുന്നുണ്ട്. സെയ്ഗാള്‍ അമേരിക്കന്‍ ചാരസംഘടന സിഐഎയ്ക്ക് രേഖ കൈമാറിയ സംഭവം ഉണ്ടായിട്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ല. പകരം രാജിവെച്ചു പോകാന്‍ അനുവദിക്കുകയായിരുന്നു എന്നും കത്തില്‍ ആരോപിച്ചിട്ടുണ്ട്.